ഇന്ത്യ – ശ്രീലങ്ക ബന്ധം ചൈനയിൽ തട്ടി ഉലയരുത്
ശ്രീലങ്കയിൽ അനുര കുമാര ദിസനായകെ പുതിയ പ്രസിഡന്റായ പശ്ചാത്തലത്തിൽ ഇന്ത്യ – ശ്രീലങ്ക ബന്ധം കൊളംബോ ഇന്ത്യൻ ഹൈക്കമ്മീഷനിലെ
മുൻ നയതന്ത്ര ഉദ്യോഗസ്ഥൻ ഡി.ജയചന്ദ്രൻ വിശകലനം ചെയ്യുന്നു.
—————————————
ശ്രീലങ്കയിൽ 2022ലെ കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പിൽ വലിയ രാഷ്ട്രീയ മാറ്റമാണുണ്ടായത്. ഭരണകൂടത്തിന്റെ കെടുകാര്യസ്ഥതയും അഴിമതിയും പൊറുതിമുട്ടിച്ച ജനങ്ങളുടെ പ്രതികരണമാണ് ജനതാ വിമുക്തി പെരമുന (ജെ.വി.പി) നേതാവ് അനുര കുമാര ദിസനായകെയെ പ്രസിഡന്റായി തിരഞ്ഞെടുത്തത്. ദുരിതങ്ങൾക്കെതിരായ ജനകീയ മുന്നേറ്റമാണ് 2019ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മൂന്ന് ശതമാനം മാത്രം വോട്ട് നേടിയ ജെ.വി.പിയെ ഇപ്പോൾ അധികാരത്തിലെത്തിച്ചത്. സിംഹള ദേശീയത, സിംഹള അഭിമാനം എന്ന രാജപക്സെ കുടുംബത്തിന്റെ പ്രചാരണ തന്ത്രങ്ങൾ ഇത്തവണ അനുകൂലമായില്ല.
ചൈനയുടെ സ്വാധീനം
മുൻപ് ഇന്ത്യ വിരുദ്ധത പ്രചരിപ്പിച്ച പാർട്ടിയാണ് ജെ.വി.പി. 1987ലെ ഇന്ത്യ- ശ്രീലങ്ക കരാറിനെയും ശ്രീലങ്കയിലെ ഇന്ത്യൻ സമാധാന സേനയെയും (ഐ.പി.കെ.എഫ്) എതിർത്തിരുന്നു. ശ്രീലങ്കൻ പ്രദേശങ്ങൾ കൈയടക്കാനാണ് ഇന്ത്യയുടെ നീക്കമെന്നായിരുന്നു പ്രചാരണം. 2022ൽ സാമ്പത്തിക പ്രതിസന്ധിയിൽ ഇന്ത്യ വലിയ സഹായം നൽകിയതോടെ ജെ.വി.പിയുടെ നിലപാട് മാറി. അതിന് ദിസനായകെ അടക്കമുള്ള പുതിയ നേതൃത്വത്തിന്റെ ഇടപെടലുകളുണ്ട്. എങ്കിലും ചൈന സാമ്പത്തികമായി സഹായിക്കുന്ന ഇടത് സഖ്യമാണ് എന്നതിനാൽ ഇന്ത്യാ വിരുദ്ധ നീക്കത്തിന് ചൈന ഇവരിൽ പിടിമുറുക്കാൻ ശ്രമിക്കും.
പക്ഷേ, തിരഞ്ഞെടുപ്പിന് മുമ്പ് ദിസനായകെ ഡൽഹിയിലെത്തി വിദേശ മന്ത്രി ജയശങ്കറുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും കൂടിക്കാഴ്ച നടത്തിയത് ശുഭസൂചനയാണ്. ഇന്ത്യയുമായുള്ള ശ്രീലങ്കയുടെ ബന്ധം ഊഷ്മളമായി തുടരാനാവും പ്രായോഗിക രാഷ്ട്രീയ നേതാവെന്ന നിലയിൽ അനുരയും ആഗ്രഹിക്കുക. ശ്രീലങ്കൻ മണ്ണ് മറ്റ് രാജ്യങ്ങൾക്കെതിരേ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനവും പ്രതീക്ഷ നൽകുന്നതാണ്.
ഇന്ത്യ ആശ്രയം
ഇന്ത്യയുടെ സഹകരണമില്ലാതെ മുന്നോട്ടുപോകാനാവാത്ത അവസ്ഥയാണ് ശ്രീലങ്കയിൽ. പച്ചക്കറിയും പാലും അടക്കമുള്ള ചെറിയ ആവശ്യങ്ങൾക്ക് വരെ ഇന്ത്യ ആണ് ആശ്രയം. അയൽരാജ്യമെന്ന നിലയിൽ സ്നേഹസൗഹാർദ്ദമായ ബന്ധമാണ് ഇന്ത്യ തുടരുന്നത്. അത് ഉലയ്ക്കാൻ ഇരുരാജ്യങ്ങളും ശ്രമിക്കാറില്ല. ഇന്ത്യയുടെ സഹായങ്ങളും നിക്ഷേപങ്ങളും ദുരുദ്ദേശ്യത്തോടെയല്ല. അത് പുതിയ ഭരണകൂടവും തിരിച്ചറിയണം. ശ്രീലങ്കയിൽ സുസ്ഥിരത ഉറപ്പാക്കാനാണ് ദിസനായകെ ശ്രമിക്കുന്നതെങ്കിൽ അതിന് ഇന്ത്യ പിന്തുണയും സഹായവും നൽകണം. ശ്രീലങ്കയിലെ തമിഴ് വംശജരുടെ സുരക്ഷയും ഉറപ്പാക്കണം. ശ്രീലങ്കയിൽ നിക്ഷേപങ്ങൾ നടത്തുകയും വായ്പ നൽകുകയും ചെയ്യുന്ന ചൈന അടക്കമുള്ള രാജ്യങ്ങൾ ഇന്ത്യക്കെതിരേ ശ്രീലങ്ക താവളമാക്കുന്നത് ഉത്കണ്ഠയുളവാക്കുന്നു. ഇവരുടെ സ്വാധീനവും സമ്മർദ്ദവും പുതിയ പ്രസിഡന്റിനെയും സർക്കാരിനെയും എങ്ങനെ നയിക്കുമെന്ന് പറയാനാവില്ല.
(അഭിപ്രായം വ്യക്തിപരം)
Source link