കോടിയേരിയുടെ പ്രതിമ മുഖ്യമന്ത്രി അനാവരണം ചെയ്തു
തലശ്ശേരി ( കണ്ണൂർ) : കോടിയേരിയിലെ മുളിയിൽ നടയിലെ മൊട്ടേമ്മൽ വീടിന്റെ നാഥനായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ ഓർമ്മകൾ പുതുക്കിയ ചടങ്ങ് പ്രമുഖ നേതാക്കളുടെ സംഗമവേദിയായി. സംസ്ഥാനത്ത് സി.പി.എം നേരിടുന്ന പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ കോടിയേരിയുടെ സാന്നിദ്ധ്യം കൂടി ഉണ്ടായിരുന്നെങ്കിലെന്ന അഭിപ്രായം പങ്കുവയ്ക്കപ്പെടുന്ന സാഹചര്യത്തിലായിരുന്നു രണ്ടാം ചരമവാർഷികദിനത്തിലെ ഒത്തുചേരൽ. വീട്ടിലെ ഉദ്യാനത്തിൽ കോടിയേരിയുടെ വെങ്കല പ്രതിമ മുഖ്യമന്ത്രി പിണറായി വിജയൻ അനാവരണം ചെയ്തു.
പ്രശസ്ത ശില്പി മനോജ് കുമാറാണ് പ്രതിമ നിർമ്മിച്ചത്. കോടിയേരിയുടെ ഭാര്യ വിനോദിനി, മക്കൾ ബിനീഷ്, ബിനോയ് അടക്കമുള്ള കുടുംബാംഗങ്ങളുമായി മുഖ്യമന്ത്രി കോടിയേരിയുടെ ഓർമ്മകൾ പങ്കിട്ടു. കോടിയേരി വിടവാങ്ങി രണ്ട് വർഷം പിന്നിടുമ്പോഴാണ് വീട്ടുവളപ്പിൽ കുടുംബം വെങ്കല പ്രതിമ സ്ഥാപിച്ചത്. കുടുംബം സംഘടിപ്പിച്ച പരിപാടിയിൽ സംസ്ഥാനത്തെ പ്രമുഖ ഇടതു മുന്നണി നേതാക്കളും പാർട്ടി ബന്ധുക്കളും എത്തിച്ചേർന്നിരുന്നു. കോടിയേരി പിന്നിട്ട ജീവിതവഴികളിലെ ഓർമ്മകൾ ശേഖരിച്ച് ഭാര്യ വിനോദിനി വീട്ടിൽ ഒരുക്കിയ വിനോദിനീസ് കോടിയേരി ഫാമിലി കളക്ടീവ് എന്ന മ്യൂസിയം നേതാക്കൾ നടന്നു കണ്ടു.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് , സ്പീക്കർ എ.എൻ. ഷംസീർ, മന്ത്രി പി. രാജീവ്, പി.കെ. ശ്രീമതി, കെ.കെ.ശൈലജ, എം.വി.ജയരാജൻ, പി.ജയരാജൻ, പി.ശശി, പി.കെ. ശശി, കെ.പി.മോഹനൻ എം.എൽ.എ, കഥാകൃത്ത് ടി.പത്മനാഭൻ, സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് എൻ.ഹരിദാസ്, വി.ശിവദാസൻ എം.പി, പി. സന്തോഷ് കുമാർ എം.പി, മുൻ ഡി.ജി.പി ഋഷിരാജ് സിംഗ്,മുൻമന്ത്രി സി.കെ.നാണു തുടങ്ങിയവർ പങ്കെടുത്തു. അനാവരണത്തിനു ശേഷം നേതാക്കളും പ്രവർത്തകരും കോടിയേരിയുടെ പ്രതിമയിൽ പൂഷ്പാർച്ചന നടത്തി. ശില്പി മനോജ് കുമാറിനും സഹായികൾക്കും മുഖ്യമന്ത്രി ഉപഹാരം നൽകി.
പ്രതിസന്ധികളിൽ പാർട്ടിയെ ഉലയാതെ കാത്ത, ദിശാബോധം തെറ്റാതെ മുന്നോട്ടു നയിച്ച നേതാവായി കോടിയേരി നിലക്കൊണ്ടുവെന്ന് മുഖ്യമന്ത്രി ഇന്നലെ ഫേസ്ബുക്കിൽ അനുസ്മരിച്ചു. കോടിയേരിയോടുള്ള ആദരവും സ്‌നേഹവും പ്രകടിപ്പിക്കാൻ പാർട്ടിക്കും സഖാക്കൾക്കും സാധിക്കണം. എതിരാളികളിൽ പോലും ആദരവുണ്ടാക്കിയ വ്യക്തിപരമായ ഔന്നത്യം കോടിയേരിയെ ജനകീയനായ നേതാവാക്കി. രോഗപീഢയുടെ ഘട്ടത്തിലും പാർട്ടിയോടുള്ള സ്‌നേഹവും കൂറുമായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ പരിഗണനകളെന്നും മുഖ്യമന്ത്രി കുറിച്ചു.
പാർട്ടിക്കെതിരായ കടന്നാക്രമണങ്ങളെ നേരിടുന്നതിലെ കോടിയേരി ടച്ചിനെ ഓർമ്മിപ്പിച്ച് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പാർട്ടി പ്രതിസന്ധി നേരിടുമ്പോൾ അതിനെ സമ്മർദ്ദമില്ലാതെ നേരിടാനുള്ള കോടിയേരിയുടെ കഴിവ് തനിക്കില്ലെന്ന നല്ല ബോദ്ധ്യമുണ്ടെന്നും പയ്യാമ്പലത്ത് നടന്ന അനുസ്മരണ ചടങ്ങിൽ അദ്ദേഹം പറഞ്ഞു.
Source link