കേരളത്തിൽ കിൻഫ്ര പാർക്കുകളിൽ 2283 കോടിയുടെ നിക്ഷേപം: മന്ത്രി രാജീവ്
മട്ടന്നൂർ(കണ്ണൂർ):കിൻഫ്ര പാർക്കുകളിൽ കഴിഞ്ഞ മൂന്നുവർഷം കൊണ്ട് 2283 കോടി രൂപയുടെ നിക്ഷേപം വന്നതായി വ്യവസായമന്ത്രി പി.രാജീവ് പറഞ്ഞു. മട്ടന്നൂർ വെള്ളിയാംപറമ്പിലെ കിൻഫ്ര ഇൻഡസ്ട്രിയൽ പാർക്കിൽ സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറി (എസ്.ഡി.എഫ്) കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എസ്.ഡി.എഫിലെ 75 ശതമാനം സ്ഥലവും സംരംഭകർക്ക് അനുവദിച്ചു. ബാക്കി രണ്ട് മാസം കൊണ്ട് അനുവദിക്കും. ഇതിലൂടെ നാട്ടിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. വിഭവ ശേഷി പരിശോധിച്ച് നൈപുണ്യ വികസന കോഴ്സുകൾ ആരംഭിക്കാൻ കഴിയും. ഫുഡ് പാർക്ക്, സ്വകാര്യ പങ്കാളിത്തത്തോടെ ഹോട്ടൽ സമുച്ചയം എന്നിവ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.
സ്വകാര്യ മേഖലയിൽ ഒരു വർഷം കൊണ്ട് 30 വ്യവസായ പാർക്കുകൾക്കാണ് അനുമതി നൽകിയത്. അടുത്തതായി ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്ക് വരും. നമ്മുടെ ചെറുപ്പക്കാർക്ക് കേരളത്തിൽ തന്നെ ജോലി ചെയ്യാൻ കഴിയണം.
എം.എസ്.എം.ഇകൾക്കായി മിഷൻ 1000 ആവിഷ്‌കരിച്ചതായി മന്ത്രി പറഞ്ഞു. ആയിരം എം.എസ്.എം.ഇകളെ ശരാശരി 100 കോടി ടേൺ ഓവർ ഉള്ള കമ്പനികൾ ആക്കുകയാണ് ഉദ്ദേശ്യം. 215 കമ്പനികളുടെ അപേക്ഷകൾ അംഗീകരിച്ച് വർക്കിംഗ് ക്യാപിറ്റൽ നൽകിയതായും മന്ത്രി പറഞ്ഞു.
കെ.കെ.ശൈലജ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ, കിൻഫ്ര എം.ഡി സന്തോഷ് കോശി തോമസ്, മട്ടന്നൂർ നഗരസഭ ചെയർമാൻ എൻ.ഷാജിത്ത് തുടങ്ങിയവർ സംസാരിച്ചു.
മൂന്നു നിലകളിലായി 48,000 ചതുരശ്ര അടിയിൽ നിർമ്മിച്ചിരിക്കുന്ന എസ്. ഡി.എഫ് കെട്ടിടത്തിൽ വ്യവസായ സംരംഭകർക്കായി 250 കെ.വി ട്രാൻസ്‌ഫോർമറുകൾ, അഗ്നിരക്ഷാ ഉപകരണങ്ങൾ, ലിഫ്റ്റുകൾ, ജനററ്റേറുകൾ, ശുചിമുറികൾ എന്നിവ ഒരുക്കിയിട്ടുണ്ട്.
മില്ലറ്റ് വിഭവങ്ങൾ പ്രോത്സാഹിപ്പിക്കും: മന്ത്രി പി പ്രസാദ്
തിരുവനന്തപുരം: അരിയാഹാരം കഴിക്കുന്ന മലയാളി അരിയാഹാരം കുറയ്ക്കുന്ന മലയാളിയായി മാറാൻ നമ്മുടെ ജീവിതശൈലി കാരണമായെന്ന് മന്ത്രി പി.പ്രസാദ് പറഞ്ഞു.
കാർഷിക മേഖലയിൽ കൂടുതൽ ഊർജ്ജം പകരാൻ കൃഷി വകുപ്പ് നടപ്പാക്കുന്ന കേരളഗ്രോ സ്റ്റോറുകളുടെയും മില്ലറ്റ് കഫേകളും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മില്ലറ്റ് ഉൽപ്പന്നങ്ങൾ, മില്ലറ്റ് പാചക വിഭവങ്ങൾ എന്നിവ പരിചയപ്പെടുത്തുന്ന മില്ലറ്റ് കഫേകൾ എല്ലാ ജില്ലകളിലും ആരംഭിക്കും. മില്ലറ്റ് കൃഷി വ്യാപിപ്പിക്കുന്നതോടൊപ്പം മില്ലറ്റ് കർഷകരുടെ വരുമാന വർദ്ധന ഉറപ്പാക്കാനും മില്ലറ്റ് കഫേകൾ ഉപകരിക്കും. അട്ടപ്പാടി മില്ലറ്റ് വില്ലേജിൽ സ്ഥാപിച്ച ചെറുധാന്യ സംസ്കരണ യൂണിറ്റ് ആലപ്പുഴയിൽ ആരംഭിക്കും. ഓൺലൈൻ മാർക്കറ്റുകൾക്ക് പുറമെ കർഷകരുടെ മേന്മയുള്ള ഉൽപ്പന്നങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കാനാണ് ഗ്രോ ബ്രാൻഡ് ഷോപ്പുകൾ ആരംഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനായി. ചലച്ചിത്രതാരം മാലാ പാർവതി വിശിഷ്ടാതിഥിയായി.
കൃഷിക്കൂട്ടങ്ങൾ, എഫ്.പി.ഒ കൾ എന്നിവയ്ക്കാണ് കേരളഗ്രോ സ്റ്റോർ, മില്ലറ്റ് കഫേ എന്നിവയുടെ നടത്തിപ്പ് ചുമതല. ഉള്ളൂരിലെ കേരളഗ്രോ സ്റ്റോറിന്റെ നടത്തിപ്പ് ഗാർഡൻ റോസ് കൃഷിക്കൂട്ടത്തിനും മില്ലറ്റ് കഫേ ഹരിതോദയം കൃഷിക്കൂട്ടത്തിനുമാണ്.
Source link