സൗന്ദര്യത്തിനെന്ത് പ്രായം
സീയൂൾ: വാർധക്യത്തിൽ സൗന്ദര്യം കെട്ടുപോകുമോ? ഇല്ലെന്ന് ചോയി സൂൺ ഹ്വാ പറയും. എൺപത്തൊന്നാം വയസിൽ വിശ്വസുന്ദരിപ്പട്ടത്തിനു മത്സരിച്ച ഈ കൊറിയൻ മുത്തശ്ശിയുടെ കഥ ലോകത്തെന്പാടും അനേകായിരങ്ങൾക്കു പ്രചോദനമാകുകയാണ്. പേരക്കുട്ടികളെ നോക്കിയോ പൂന്തോട്ടമുണ്ടാക്കിയോ മറ്റോ അവസാനകാലം കഴിച്ചുകൂട്ടേണ്ട സമയത്താണു ചോയി മുത്തശ്ശി മോഡലിംഗിന് ഇറങ്ങുന്നത്. ആശുപത്രി ജീവനക്കാരിയായിരുന്ന അവരോട് ഒരു രോഗി “നിങ്ങൾക്ക് മോഡലിംഗ് നോക്കിക്കൂടേ” എന്നു ചോദിച്ചതായിരുന്നു പ്രചോദനം. ഫാഷൻ വീക്കുകളിൽ പങ്കെടുത്ത ചോയി മുത്തശ്ശി കൊറിയയിലെ മാധ്യമങ്ങളിൽ തലക്കെട്ടായി. പക്ഷേ, അന്താരാഷ്ട്ര തലത്തിൽ മോഡലിംഗ് ചെയ്യണമെന്നതായിരുന്നു ചോയിയുടെ ആഗ്രഹം. മിസ് യൂണിവേഴ്സ് മത്സരത്തിനുള്ള 28 വയസ് നിബന്ധന ഈ വർഷം എടുത്തുകളഞ്ഞത് മുത്തശ്ശിക്ക് അനുഗ്രഹമായി. ആദ്യപടിയായി ഏതാനും ദിവസം മുന്പ് അരങ്ങേറിയ മിസ് യൂണിവേഴ്സ് സൗത്ത് കൊറിയ മത്സരത്തിൽ ചോയി പങ്കെടുത്തു. വർഷാവസാനം മെക്സിക്കോയിൽ നടക്കുന്ന മിസ് യൂണിവേഴ്സ് മത്സരത്തിൽ ഇടംകണ്ടെത്തുകയായിരുന്നു ലക്ഷ്യം.
ചോയിയെ കണ്ട മറ്റു മത്സരാർഥികൾ നെറ്റിചുളിച്ചു. പക്ഷേ, ഈ പ്രായത്തിലും ഇത്ര സുന്ദരിയായിരിക്കുന്നതിനെ അവർക്ക് അംഗീകരിക്കാതിരിക്കാൻ പറ്റിയില്ല. ചോയി ജനിച്ച് ഒന്പതു വർഷത്തിനുശേഷമാണ് മിസ് യൂണിവേഴ്സ് മത്സരം ആരംഭിച്ചതെന്നതും ഇവിടെ ശ്രദ്ധേയമാണ്. ഇരുപത്തിരണ്ടുകാരിയായ ഹാൻ ഏരിയൽ ആണു മത്സരത്തിൽ കിരീടം ചൂടിയത്. ചോയിയുടെ മെക്സിക്കൻ സ്വപ്നങ്ങൾ അവിടെ അവസാനിച്ചു. പക്ഷേ, ഏറ്റവും മികച്ച വസ്ത്രധാരണത്തിനുള്ള കിരീടം ചോയി സ്വന്തമാക്കി. വാർധക്യത്തിലെ ഒറ്റപ്പെടലിൽ ഇത്തരം സ്വപ്നങ്ങളുണ്ടാകുന്നത് ജീവിതത്തെ പോസിറ്റീവായി കാണാൻ സഹായിക്കുമെന്ന് ചോയി പറയുന്നു. വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതോടെ ചോയിക്ക് അന്താരാഷ്ട്ര പ്രശസ്തിയായി. മോഡലിംഗ് കരിയറിന് ഇതു സഹായകരമാകുമെന്ന് മുത്തശ്ശി കരുതുന്നു.
Source link