ബെയ്റൂട്ടിൽ ഇസ്രേലി ആക്രമണം തുടരുന്നു ; ഹമാസ് കമാൻഡർ കൊല്ലപ്പെട്ടു
ബെയ്റൂട്ട്: ലബനനിൽ ഇസ്രേ ലി ആക്രമണത്തിൽ ഹമാസ് കമാൻഡർ കൊല്ലപ്പെട്ടു. ഇന്നലെ പുലർച്ചെ തെക്കൻ തുറമുഖനഗരമായ ടയറിലെ അൽ-ബസ് അഭയാർഥി ക്യാമ്പിനു നേർക്കു നടന്ന ആക്രമണത്തിൽ ഹമാസ് കമാൻഡർ ഫത്ത ഷരീഫ് ആണു കൊല്ലപ്പെട്ടത്. ഇയാളുടെ ഭാര്യയും മകനും മകളും ആക്രമണത്തിൽ കൊല്ലപ്പെട്ടു. പലസ്തീനു പുറത്തുള്ള കമാൻഡിലെ അംഗമായിരുന്ന ഷരീഫ് ലബനൻ കേന്ദ്രമായാണു പ്രവർത്തിച്ചിരുന്നത്. ലബനനിൽ കരയുദ്ധമുണ്ടാകുമെന്ന സൂചന നല്കി പ്രതിരോധ മന്ത്രി യോയാവ് ഗാലന്റ് രംഗത്തെത്തി. ലബനൻ അതിർത്തിയിൽ ഇസ്രേലി സേന സജ്ജമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്നലെ ലബനനിൽനിന്ന് ഹിസ്ബുള്ള ഭീകരർ വടക്കൻ ഇസ്രയേലിലേക്ക് 35 റോക്കറ്റുകൾ തൊടുത്തു. ചില റോക്കറ്റുകൾ ഇസ്രേലി സേന തകർത്തു. ചിലത് ആളില്ലാത്ത പ്രദേശത്താണു പതിച്ചത്. സെൻട്രൽ ബെയ്റൂട്ടിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ പാർപ്പിട സമുച്ചയം തകർന്നു. തിങ്കളാഴ്ച പുലർച്ചെയാണു വ്യോമാക്രമണമുണ്ടായത്. ഹസൻ നസറുള്ളയുൾപ്പെടെ നിരവധി ഹിസ്ബുള്ള നേതാക്കളെ വധിച്ച ആക്രമണങ്ങൾക്കു പിന്നാലെയാണ് ഇസ്രയേൽ സെൻട്രൽ ബെയ്റൂട്ടിനെയും ലക്ഷ്യംവച്ചത്. അടുത്തിടെ സെൻട്രൽ ബെയ്റൂട്ടിൽ ഇസ്രയേൽ നടത്തുന്ന ആദ്യ ആക്രമണമാണിത്. കഴിഞ്ഞയാഴ്ച ബെയ്റൂട്ടിന്റെ തെക്കൻ മേഖലകളിൽ ഇസ്രയേൽ ശക്തമായ ആക്രമണം നടത്തിയിരുന്നെങ്കിലും സെൻട്രൽ ബെയ്റൂട്ടിനെ ലക്ഷ്യംവച്ചിരുന്നില്ല.
ഞായറാഴ്ച നടന്ന വ്യോമാക്രമണത്തിൽ 105 പേർ കൊല്ലപ്പെട്ടതായി ലബനീസ് ആരോഗ്യമന്ത്രാലയം അറിയിച്ചു. തെക്കൻ ബെയ്റൂട്ടിലെ സിദോനിൽ നടന്ന രണ്ട് ആക്രമണങ്ങളിൽ 32 പേർ കൊല്ലപ്പെട്ടതായും ആരോഗ്യമന്ത്രാലയം പറഞ്ഞു. ബാൽബെക് ഹെർമലിന്റെ വടക്കൻ പ്രവിശ്യയിലെ ആക്രമണത്തിൽ 21 പേർ കൊല്ലപ്പെടുകയും 47 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ലബനനിൽ രണ്ടാഴ്ചയ്ക്കിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 1000 കടന്നു. പത്തു ലക്ഷത്തോളം പേർ പലായനം ചെയ്തു. ഇതിനിടെ, ഇസ്രയേലുമായി യുദ്ധം തുടരുമെന്നു പ്രഖ്യാപിച്ച് ഹിസ്ബുള്ള ഉപനേതാവ് നയിം കാസിം. നീണ്ട യുദ്ധത്തിന് ഹിസ്ബുള്ള തയാറാണെന്നും അദ്ദേഹം പറഞ്ഞു. ഹിസ്ബുള്ള തലവൻ ഹസൻ നസറുള്ള വധിക്കപ്പെട്ടതിനു ശേഷം ആദ്യമായി ടെലിവിഷനിലൂടെ നടത്തിയ പ്രസ്താവനയിലാണ് നയിം കാസിം ഇക്കാര്യം പറഞ്ഞത്. ഇസ്രയേൽ കരയാക്രമണം നടത്താൻ തീരുമാനിച്ചാൽ, ഹിസ്ബുള്ള പോരാളികൾ നേരിടാനും പ്രതിരോധിക്കാനും തയാറാണെന്ന് അദ്ദേഹം പറഞ്ഞു. ഡെപ്യൂട്ടി സെക്രട്ടറി ജനറൽ എന്നനിലയിൽ നസറുള്ളയ്ക്കു പകരക്കാരനെ തെരഞ്ഞെടുക്കുംവരെ ഹിസ്ബുള്ളയെ നയിക്കുന്നത്. കമാൻഡർമാർ കൊല്ലപ്പെട്ടാൽ ആ സ്ഥാനത്തേക്കു പുതിയ ആളുകളെത്തുമെന്നും ഇസ്രയേലിന് തങ്ങളുടെ സൈനിക ശേഷിയെ തൊടാനായിട്ടില്ലെന്നും നയിം കാസിം പ്രസ്താവിച്ചു.
Source link