KERALAMLATEST NEWS

‘എംഎം ലോറൻസിന്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കണം, ഹിയറിംഗിൽ വീഴ്‌ചയുണ്ടായോ എന്നും പരിശോധിക്കണം’, ഹൈക്കോടതി

കൊച്ചി: സിപിഎം നേതാവായിരുന്ന എംഎം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ പഠനത്തിന് വിട്ടുകൊടുക്കാതെ മോർച്ചറിയിൽ സൂക്ഷിക്കാൻ നിർദേശിച്ച് ഹൈക്കോടതി. മൃതദേഹം പഠനത്തിനായി ഏറ്റെടുക്കാൻ എറണാകുളം മെഡിക്കൽ കോളേജ് പ്രിൻസിപ്പൾ തീരുമാനമെടുത്ത ഹിയറിംഗിൽ വീഴ്‌ചയുണ്ടായി എന്ന ആരോപണം പരിശോധിക്കാനും കോടതി നിർദേശം നൽകി.

വീണ്ടും ഹിയറിംഗ് നടത്താൻ ഡയറക്‌ടറേറ്റ് ഒഫ് മെഡിക്കൽ എജ്യൂക്കേഷൻ മേധാവിയെ ചുമതലപ്പെടുത്താൻ കഴിയുമോ എന്ന് സർക്കാർ തീരുമാനിക്കണം. ജസ്റ്റിസ് വിജി അരുൺ വ്യാഴാഴ്‌ച ഹർജി വീണ്ടും പരിഗണിക്കും. മൃതദേഹം മെഡിക്കൽ കോളേജിന് വിട്ടുനൽകുന്നതിനെതിരെ ലോറൻസിന്റെ മകൾ ആശയാണ് കോടതിയെ സമീപിച്ചത്.

ഇക്കഴിഞ്ഞ 21-ാം തീയതിയാണ് മുതിർന്ന സിപിഎം നേതാവും എൽഡിഎഫ് മുൻ കൺവീനറുമായ എംഎം ലോറൻസ് (95) അന്തരിച്ചത്. മൃതദേഹം മെഡിക്കൽ കോളേജിന് വിട്ടുനൽകാൻ മക്കളായ എംഎൽ സജീവൻ, സുജാത എന്നിവർ തീരുമാനിച്ചു. ലോറൻസിന്റെ ആഗ്രഹപ്രകാരമാണിതെന്ന് മക്കൾ അറിയിച്ചു. ഇതിനെ മറ്റൊരു മകൾ ആശ എതിർത്തു. 23ന് മൃതദേഹം എറണാകുളം ടൗൺ ഹാളിൽ പൊതുദർശനത്തിന് വച്ചപ്പോൾ മക്കൾ തമ്മിൽ കയ്യാങ്കളിയുണ്ടായി.

ഹൈക്കോടതിയിൽ ഹർജി നൽകിയതിന് പിന്നാലെ മൂന്ന് മക്കളുടെയും വാദം കേട്ടതിന് ശേഷം തീരുമാനമെടുക്കാൻ എറണാകുളം മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന് കോടതി നിർദേശം നൽകി. ഹിയറിംഗ് നടത്തിയ ശേഷം മൃതദേഹം ഏറ്റെടുക്കാൻ മെഡിക്കൽ കോളേജ് അധികൃതർ തീരുമാനിച്ചു. മൃതദേഹം പഠനത്തിന് വിട്ടു നൽകണമെന്ന് മരിക്കുന്നതിനു മുൻപ് പിതാവ് തന്നോട് പറഞ്ഞിരുന്നുവെന്നും രണ്ട് ഉറ്റ ബന്ധുക്കൾ ഇതിന് സാക്ഷികളാണെന്നുമുള്ള സജീവന്റെ വാദം കണക്കിലെടുത്തായിരുന്നു വിധി.

എന്നാൽ, ഹിയറിംഗിന്റെ സമയത്ത് മൃതദേഹം മതാചാര പ്രകാരം സംസ്‌കരിക്കുന്നതിനും താൻ എതിരല്ലെന്ന് മകൾ സുജാത പറഞ്ഞു. മൃതദേഹം മതാചാര പ്രകാരം സംസ്‌കരിക്കണമെന്നാവശ്യപ്പെട്ട ഇളയ മകൾ ആശ അഭിഭാഷകനൊപ്പമാണ് ഹിയറിംഗിനെത്തിയത്. മരണശേഷം ശരീരം മെഡിക്കൽ കോളേജിന് വിട്ടുനൽകണം എന്ന തീരുമാനത്തിൽ നിന്നും ലോറൻസ് പിൻമാറിയതായി രേഖകളൊന്നുമില്ലെന്ന് സമിതി വിലയിരുത്തി.

മെഡിക്കൽ കോളേജിന്റെ തീരുമാനം റദ്ദാക്കണമെന്നും ഹിയറിംഗിനിടെ കേരള അനാട്ടമി നിയമത്തിന്റെ വ്യവസ്ഥകൾക്ക് വിരുദ്ധമായി പ്രവർത്തിച്ച മെഡിക്കൽ കോളേജ് പ്രിൻസിപ്പൾ, സൂപ്രണ്ട് എന്നിവർക്കെതിരെ അന്വേഷണം നടത്തണമെന്നും ആശ ഹർജിയിൽ ആവശ്യപ്പെട്ടു. ഹൈക്കോടതി നിർദേശിച്ച ഹിയറിംഗ് പ്രിൻസിപ്പൽ അട്ടിമറിച്ചെന്നും താൻ ഉന്നയിച്ച ലീഗൽ പ്രശ്നങ്ങൾ പരിഗണിച്ചില്ലെന്നും ഹർജിയിൽ ആരോപിച്ചു.


Source link

Related Articles

Back to top button