കേരളത്തില്‍ ഇന്ന് അരമണിക്കൂര്‍ കറന്റ് പോകും, വൈദ്യുതി നിയന്ത്രണമെന്ന് കെഎസ്ഇബി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അരമണിക്കൂര്‍ വീതം വൈദ്യുതി വിച്ഛേദിക്കപ്പെടും. വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബിയാണ് അറിയിച്ചിരിക്കുന്നത്. പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്നുള്ള വൈദ്യുതി ലഭ്യതയില്‍ കുറവുള്ളതിനാല്‍ അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണമേര്‍പ്പെടുത്തുമെന്നും വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് ഉപഭോക്താക്കള്‍ സഹകരിക്കണമെന്നും കെഎസ്ഇബി അറിയിച്ചു.
പവര്‍ എക്‌സ്‌ചേഞ്ച് മാര്‍ക്കറ്റില്‍ നിന്ന് വൈദ്യുതി ലഭ്യത കുറഞ്ഞതിനെത്തുടര്‍ന്ന് ഓഗസ്റ്റ് മാസത്തിലും സമാനമായ രീതിയില്‍ വൈദ്യുതി ഉപയോഗത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഓഗസ്റ്റ് 16ന് ആണ് അവസാനമായി ഇത്തരമൊരു നടപടി കെഎസ്ഇബി സ്വീകരിച്ചത്. വൈദ്യുതി ലഭിക്കുന്നത് കുറഞ്ഞതും വൈദ്യുതി ആവശ്യകതയില് വന്‍ വര്‍ദ്ധനവുണ്ടായതുമായിരുന്നു അന്ന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിലേക്ക് ബോര്‍ഡിനെ നയിച്ചത്.
രാത്രി ഏഴ് മണി മുതല്‍ 11 മണി വരെയുള്ള പീക് ഉപഭോഗ സമയത്താണ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താറുള്ളത്. സമാനമായ നിയന്ത്രണങ്ങള് ആവശ്യമായ ഘട്ടമുണ്ടായാല്‍ മറ്റ് മാര്‍ഗങ്ങളില്ലെന്നും ഉപഭോക്താക്കള്‍ സഹകരിക്കുകയും ഒപ്പം വൈദ്യുതി ഉപഭോഗം പരമാവധി കുറച്ച് സഹകരിക്കണമെന്നും കെഎസ്ഇബി ആവശ്യപ്പെട്ടിരുന്നു.
ജാര്ഖണ്ഡിലെ മൈത്തോണ് താപനിലയത്തിലെ ജനറേറ്റര് തകരാര് കാരണമാണ് ഓഗസ്റ്റ് മാസത്തില്‍ വൈദ്യുതി ലഭിക്കാതെ പ്രതിസന്ധിയുണ്ടായത്. താത്കാലികാടിസ്ഥാനത്തില് പവര് എക്‌സ്‌ചേഞ്ചില് നിന്ന് വൈദ്യുതി വാങ്ങാന് ശ്രമിച്ചെങ്കിലും അന്ന് അത് ലഭിച്ചിരുന്നില്ല.
Source link