ആക്രമണം കടുപ്പിച്ച് ഇസ്രയേൽ
ടെൽ അവീവ്: ഹിസ്ബുള്ള തലവൻ ഹസൻ നസറുള്ളയെ വധിച്ച ശേഷവും ലബനനിലെ വ്യോമാക്രമണത്തിന്റെ തീവ്രത കുറയ്ക്കാതെ ഇസ്രയേൽ. ശനിയാഴ്ചത്തെ ആക്രമണത്തിൽ ഹിസ്ബുള്ളയുടെ ഉന്നത കമാൻഡർ നബീൽ ഖയൂക്ക് കൊല്ലപ്പെട്ടതായി ഇസ്രേലി സേന അറിയിച്ചു. ഇന്നലെയും ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ഇസ്രേലി വ്യോമാക്രമണമുണ്ടായി. യുദ്ധവിമാനങ്ങളുടെ ബോംബാക്രമണത്തിലാണു ഹിസ് ബുള്ളയുടെ കേന്ദ്രസമിതി അംഗമായിരുന്ന നബീൽ ഖയൂക്ക് കൊല്ലപ്പെട്ടത്. ഇയാൾ ഇസ്രയേലിനെതിരായ ഭീകരപ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ഇസ്രേലി ആക്രമണങ്ങളിൽ ശനിയാഴ്ച 33ഉം ഇന്നലെ 32ഉം പേർ കൊല്ലപ്പെട്ടതായി ലബനീസ് അധികൃതർ പറഞ്ഞു. ശനിയാഴ്ച ഹസൻ നസറുള്ളയ്ക്കൊപ്പം 20 മുതിർന്ന ഹിസ്ബുള്ള കമാൻഡർമാരും കൊല്ലപ്പെട്ടതായി ഇസ്രേലി സേന സ്ഥിരീകരിച്ചു. ഹിസ്ബുള്ളകൾ ഇന്നലെയും വടക്കൻ ഇസ്രയേലിലേക്കു റോക്കറ്റുകൾ തൊടുത്തു. ചെങ്കടൽ ഭാഗത്തുകൂടി വന്ന ഡ്രോൺ വെടിവച്ചിട്ടതായി ഇസ്രേലി സേന പറഞ്ഞു. യെമനിലെ ഹൂതി വിമതരായിരിക്കാം ഡ്രോൺ തൊടുത്തതെന്നാണു നിഗമനം. ശനിയാഴ്ച ഹൂതികൾ പ്രയോഗിച്ച മിസൈൽ ഇസ്രയേൽ വെടിവച്ചിട്ടിരുന്നു. ഇതിനിടെ, നസറുള്ളയുടെ വധത്തിനു പ്രതികാരം ചെയ്യാതിരിക്കില്ലെന്ന് ഇറാനിലെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ് പ്രഖ്യാപിച്ചു. രാജ്യത്ത് അഞ്ചു ദിവസത്തെ ദുഃഖാചരണം നടത്താൻ ഖമനയ് ഉത്തരവിട്ടു. നസറുള്ളയുടെ മരണം ചരിത്രപരമായ വഴിത്തിരിവാണെന്ന് ഇസ്രേലി പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു പറഞ്ഞു. നസറുള്ളയെ വധിച്ചതിലൂടെ ഇസ്രയേൽ കണക്കുതീർത്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നസറുള്ളയെ കൊന്നതിലൂടെ അയാളുടെ ഇരകൾക്കു നീതി ലഭിച്ചുവെന്നു യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. അതേസമയം, സംഘർഷം ലഘൂകരിക്കാനായിരിക്കും അമേരിക്ക ശ്രമിക്കുകയെന്നും ഇത് വെടിനിർത്തലിന്റെ സമയമാണെന്നും ബൈഡൻ കൂട്ടിച്ചേർത്തു. നയതന്ത്രതലത്തിൽ വെടിനിർത്തൽ ശ്രമങ്ങൾ ഇപ്പോഴും നടക്കുന്നുണ്ടെന്നു ലബനനിലെ വാർത്താവിതരണ മന്ത്രി സിയാദ് മക്കാറി കാബിനറ്റ് യോഗത്തിൽ അറിയിച്ചു. ലബനനിൽ അടിയന്തര ഓപ്പറേഷൻ ആരംഭിച്ചതായി ലോക ഭക്ഷ്യപദ്ധതി അറിയിച്ചു. പത്തു ലക്ഷത്തോളം പേർക്കു ഭക്ഷണം ലഭ്യമാക്കാനാണ് ശ്രമം. ഇസ്രേലി ആക്രമണം മൂലം രണ്ടു ലക്ഷം പേർ അഭയാർഥികളായിട്ടുണ്ട്. ബെയ്റൂട്ടിലെ തെരുവുകളിലാണു പലരും കഴിച്ചുകൂട്ടുന്നത്. ലബനനിൽനിന്ന് 50,000 പേർ സിറിയയിലേക്കു പലായനം ചെയ്തതായി യുഎൻ അറിയിച്ചു. < b>യെമനിലെ ഹൂതി കേന്ദ്രങ്ങളിലും ഇസ്രേലി വ്യോമാക്രമണം സന: ലബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾക്കു പിന്നാലെ യെമനിലെ ഹൂതി വിമതർക്കുനേരെയും ഇസ്രേലി വ്യോമാക്രമണം. പടിഞ്ഞാറൻ യെമനിൽ ഹൂതി നിയന്ത്രണത്തിലുള്ള ഹൊദെയ്ദ, റാസ ഇസ തുറമുഖങ്ങൾക്കു നേരേയാണ് ഇന്നലെ വ്യോമാക്രമണം നടത്തിയത്. തുറമുഖത്തോടു ചേർന്നുള്ള വൈദ്യുതി നിലയം ആക്രമണത്തിൽ തകർന്നതായി റിപ്പോർട്ടുണ്ട്. ഹൂതികൾക്ക് ഇറാനിൽനിന്ന് ആയുധങ്ങൾ എത്തുന്നതും എണ്ണ കൈമാറ്റവും ഈ തുറമുഖം വഴിയാണ്. രാജ്യത്തിനു നേരേ നടത്തിയ മിസൈലാക്രമണത്തിനു പ്രതികാരമായാണ് യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിയതെന്ന് ഇസ്രേലി സേന അറിയിച്ചു. ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ ഈ മാസം മൂന്നു തവണ ഇസ്രയേലിനെ ലക്ഷ്യമാക്കി മിസൈലാക്രമണം നടത്തിയിരുന്നു.
Source link