സിദ്ദിഖിന് സിംകാർഡും ഡോങ്കിളും എത്തിച്ചു, ഒളിവിൽ കഴിയാൻ സഹായിച്ചു, മകന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു
കൊച്ചി: പീഡനക്കേസിൽ ഒളിവിൽ കഴിയുന്ന നടൻ സിദ്ദിഖിന്റെ മകന്റെ സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചതായി അന്വേഷണ സംഘം അറിയിച്ചു. സിദ്ദിഖിന്റെ മകൻ ഷഹീന്റെ സുഹൃത്തുക്കളും കൊച്ചി സ്വദേശികളുമായ നാഹി, പോൾ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. സിദ്ദിഖിനെ ഒളിവിൽ കഴിയാൻ സഹായിച്ചെന്ന വിവരത്തെ തുടർന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. സിദ്ദിഖിന് സിംകാർഡും ഡോങ്കിളും എത്തിച്ചത് ഇവരാണെന്നും അന്വേഷണ സംഘം പറഞ്ഞു. ഇതേക്കുറിച്ച് ചോദ്യം ചെയ്യാനാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ വീണ്ടും വിളിപ്പിക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി,
ഇന്ന് പുലർച്ചെ 4.15നും 5.15നും ഇടയിൽ നാഹിയുടെയും പോളിന്റെയും വീടുകളിലെത്തിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തതെന്ന് ബന്ധുക്കൾ നേരത്തെ ആരോപിച്ചിരുന്നു. സിദ്ദിഖ് എവിടെയെന്ന് ചോദിച്ചാണ് പുലർച്ചെ പൊലീസ് സംഘം പോളിനെയും നാഹിയെയും തിരക്കി വന്നതെന്ന് ബന്ധുക്കൾ പറയുന്നു. നടപടിക്രമം പാലിക്കാതെ പുലർച്ചെ ഉണ്ടായ കസ്റ്റഡിക്കെതിരെ ബന്ധുക്കൾ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. യുവാക്കളെ കുറിച്ച് വിവരമൊന്നും ഇല്ലെന്നും ബന്ധുക്കൾ പറഞ്ഞു.
അതേസമയം, നടൻ സിദ്ദിഖ് നിയമത്തെ വെല്ലുവിളിക്കുകയാണെന്ന് ചൂണ്ടിക്കാണിച്ച് സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി. മുൻകൂർ ജാമ്യം ഹൈക്കോടതി തള്ളിയിട്ടും ഉന്നതരുടെ തണലിൽ നിയമത്തെ അംഗീകരിക്കാൻ മടികാണിച്ച് ഒളിച്ചിരിക്കുകയാണെന്നും സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങളടക്കം തിങ്കളാഴ്ച സിദ്ദിഖിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ കോടതിയെ അറിയിക്കാനാണ് തീരുമാനം. ഉന്നതരുടെ സംരക്ഷണയിലാണ് സിദ്ദിഖുള്ളതെന്നും ഇതുമായി ബന്ധപ്പെട്ട് ലഭിച്ച തെളിവ് കോടതിയെ അറിയിക്കുമെന്നാണ് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ലുക്ക് ഔട്ട് നോട്ടീസും മറ്റ് സംസ്ഥാനങ്ങളിലെ പത്രങ്ങളിൽ പരസ്യം നൽകിയത് ഉൾപ്പടെ വിവരങ്ങൾ ധരിപ്പിക്കും. എസ്.പി മെറിൻ ജോസഫും സംഘവുമാണ് പ്രത്യേക അന്വേഷണ സംഘത്തിന് വേണ്ടി ഡൽഹിയിലേക്ക് പോകുന്നത്.
Source link