മൊബൈലില്ല, ഓപ്പറേഷൻ ആധുനിക വയർലെസ് വഴി
തൃശൂർ: എ.ടി.എം കവർച്ചാസംഘത്തിലെ ആരും തന്നെ മോഷണ സമയത്ത് മൊബൈൽ ഫോൺ ഉപയോഗിച്ചില്ലെന്ന് പൊലീസിന്റെ സ്ഥിരീകരണം. ആധുനിക വയർലെസ് സംവിധാനം വഴിയായിരുന്നു വിവരകൈമാറ്റം. മോഷണ വസ്തുക്കളുമായി കാർ ഹൈവേയിലെത്തിയ സമയത്ത് കണ്ടെയ്നർ ലോറി അവിടെ എത്തിക്കാൻ വയർലെസിലൂടെയാണ് സന്ദേശം കൈമാറിയത്.
എ.ടി.എം എത്രമാത്രം ആധുനികമാണെങ്കിലും അതിന്റെ പ്രവർത്തനങ്ങൾ സൂക്ഷ്മമായി അറിയാവുന്നവരായിരുന്നു തട്ടിപ്പുകാരെന്നും പൊലീസ് സംശയിക്കുന്നു.
എ.ടി.എം സർവീസിംഗ് കോഴ്സുകൾ പഠിച്ച ശേഷം കവർച്ചകളിൽ പ്രൊഫഷണൽ വൈദഗ്ദ്ധ്യം നേടിയവരാകാം സംഘാംഗങ്ങൾ. സി.സി.ടി.വി. കാമറകൾ സ്പ്രേ പെയിന്റടിച്ച് മറയ്ക്കുന്നതിനു പിന്നാലെ അലാറം സംവിധാനം തകരാറിലാക്കുകയും ചെയ്തു.
എ.ടി.എമ്മിൽ പണം നിക്ഷേപിക്കുന്ന ട്രേയുടെ ഭാഗം എവിടെയാണെന്ന് കണ്ടെത്തി അവിടെ മാത്രമാണ് ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിച്ചത്. ട്രേയിലെ പണം മാത്രമെടുത്ത് സംഘം മുങ്ങുകയായിരുന്നു. കവർച്ച നടന്ന മൂന്ന് എ.ടി.എമ്മുകളിലും പണം നിറച്ചത് വ്യാഴാഴ്ച വൈകിട്ടാണെന്നാണ് പൊലീസ് പറയുന്നത്.
വാഹനങ്ങളെത്തിക്കുന്ന കണ്ടെയ്നർ ലോറി?
കേരളത്തിലെ ഷോറൂമുകളിലേക്ക് അന്യസംസ്ഥാനങ്ങളിൽ നിന്നും വാഹനങ്ങൾ എത്തിക്കുന്ന കണ്ടെയ്നർ ലോറിയിലേക്കാണ് തട്ടിപ്പു സംഘം കാർ കയറ്റിയത്. കവർച്ചാസംഘങ്ങൾക്ക് ഇത്തരം വാഹനങ്ങളുടെ ഡ്രൈവർമാരുമായി ബന്ധമുണ്ടെന്നാണ് കരുതുന്നത്. സമാനമായ രീതിയിൽ ഇത്തരം കവർച്ചകൾ അന്യസംസ്ഥാനങ്ങളിൽ നടന്നിട്ടുണ്ടെന്നും വിവരം ലഭിച്ചിട്ടുണ്ട്. കവർച്ച നടത്താൻ ഉപയോഗിച്ച കാർ എവിടെ നിന്ന് കിട്ടിയതെന്ന് വ്യക്തമല്ല. നമ്പർ പ്ളേറ്റില്ലാത്തതിനാൽ മോഷ്ടിച്ചതാണോയെന്നും അന്വേഷിക്കുന്നുണ്ട്.
പ്രതികളെ തൃശൂരിലെത്തിക്കും
നാമക്കൽ പൊലീസ്, പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തിട്ടുണ്ട്. ഇനി കേരളത്തിലേക്ക് പ്രതികളെ കൊണ്ടുവരണമെങ്കിൽ അവിടുത്തെ കോടതിയിൽ കേസ് സംബന്ധിച്ച വിവരങ്ങൾ സമർപ്പിച്ച് പ്രതികളെ കസ്റ്റഡിയിൽ വാങ്ങണം. തൃശൂരിലെത്തിച്ച് ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭിക്കൂ. പ്രാഥമികമായി വിവരം ശേഖരിക്കാൻ മാത്രമാണ് പൊലീസിന് കഴിഞ്ഞത്. തൃശൂർ ഈസ്റ്റ് എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുളള പൊലീസ് സംഘമാണ് നാമക്കലിൽ എത്തിയത്.
Source link