എ ടി എം കവർച്ച ; കണ്ടെയ്നർ ലോറി ഉപയോഗിച്ചതിന് പിന്നിൽ മറ്റൊരു ഉദ്ദേശ്യം, അന്വേഷണത്തിന് പൊലീസ്
തൃശൂർ : എ.ടി.എം കവർച്ച കേസിൽ മോഷണ സംഘം സഞ്ചരിച്ച കണ്ടെയ്നർ ലോറിയെക്കുറിച്ചും പൊലീസ് അന്വേഷണം. ഡൽഹിയിൽ നിന്ന് ചെന്നൈയിലേക്ക് സാധനങ്ങളുമായി വന്ന കണ്ടെയ്നർ ലോറി ചെന്നൈയിൽ നിന്ന് കേരളത്തിലെത്തിച്ചു എന്നാണ് വിവരം. ലോറിയിൽ നിന്നു കാറും പണത്തോടൊപ്പം മൂന്ന് തോക്കും കത്തികളും കണ്ടെത്തിയിരുന്നു. ഇത്തരം ലോറികൾ ഉപയോഗിച്ചുള്ള കവർച്ചകൾ കൂടുന്നുണ്ടെന്നാണ് വിവരം. മോഷ്ടിക്കുന്ന ബൈക്കും മറ്റും കണ്ടെയ്നർ ലോറികൾ വഴി കടത്തുന്നതായി പൊലീസ് സംശയിക്കുന്നു. കവർച്ചയ്ക്ക് ഉപയോഗിക്കുന്ന കാറുകൾ കണ്ടെയ്നർ ലോറികളിൽ കയറ്റിക്കൊണ്ടുപോകുമ്പോൾ സി.സി.ടി.വി ക്യാമറകൾ നിരീക്ഷിച്ച് കണ്ടെത്താനാവില്ല.
തമിഴ്നാട്ടിൽ കണ്ടെയ്നർ ലോറി മറ്റ് വാഹനങ്ങളിൽ ഇടിച്ചതോടെയാണ് കവർച്ച നടന്ന ദിവസം തന്നെ സംഘം കുടുങ്ങിയത്. നിറുത്താതെ പോയപ്പോൾ നാട്ടുകാർ കല്ലെറിഞ്ഞു. കഴിഞ്ഞ ജൂണിൽ സേലം കൃഷ്ണഗിരിയിലെ എ.ടി.എമ്മുകളിൽ നിന്ന് 15 ലക്ഷം രൂപ കവർന്ന കേസിൽ ഈ സംഘത്തിന് ബന്ധമുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്.
അതേസമയം കവർച്ചകേസിൽ ആറു പേർക്കെതിരെ തമിഴ്നാട് നാമക്കൽ പൊലീസ് കേസെടുത്തു. വധശ്രമം, ആക്രമണം, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങി വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. നാമക്കലിൽ കുമാരപാളയത്ത് വച്ചാണ് പൊലീസ് പ്രതികളെ നാടകീയമായി പിടികൂടിയത്. തോക്കുകളുമായി സഞ്ചരിച്ചിരുന്ന കവർച്ച സംഘത്തെ ഏറ്റുമുട്ടലിലൂടെയാണ് കീഴ്പ്പെടുത്തിയത്. ഏറ്റുമുട്ടലിനിടെ കവർച്ചാ സംഘത്തിലെ ഒരാൾ കൊല്ലപ്പെട്ടിരുന്നു. കവർച്ചാ സംഘത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ പൊലീസുകാരൻ കോയമ്പത്തൂരിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
Source link