എ.ടി.എം കവർച്ച: ‘ഏറ്റുമുട്ടൽ മരണ’ത്തിൽ തമിഴ്നാട്ടിൽ ജുഡിഷ്യൽ അന്വേഷണം
തൃശൂർ: തൃശൂരിൽ മൂന്ന് എ.ടി.എം കൊള്ളയടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച സംഘത്തിൽ ഒരാൾ തമിഴ്നാട് പൊലീസിന്റെ വെടിയേറ്റ് മരിച്ച സംഭവത്തിൽ ജുഡിഷ്യൽ അന്വേഷണം തുടങ്ങി. തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ച അന്വേഷണത്തിന്റെ ഭാഗമായി ഇന്നലെ ജയിലിലെത്തിയ മജിസ്ട്രേട്ട് പ്രതികളിൽ നിന്ന് മൊഴിയെടുത്തു.
വെടിവയ്പിൽ കൊല്ലപ്പെട്ട ജലാലുദ്ദീ (37)ന്റെ മൃതദേഹം സംഘഗിരി സർക്കാർ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഹരിയാനയിൽ നിന്ന് ഇയാളുടെ ബന്ധുക്കളെത്തിയിട്ടുണ്ട്. നടപടികൾ പൂർത്തിയായശേഷം മൃതദേഹം വിട്ടുകൊടുത്തേക്കും.
വെടിവയ്പിൽ പരിക്കേറ്റ ഹരിയാന സ്വദേശി അസ്കർ അലി കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികളുടെ കുത്തേറ്റ ഇൻസ്പെക്ടർ തവമണി, പൊലീസ് ഉദ്യോഗസ്ഥൻ രഞ്ജിത്ത് കുമാർ എന്നിവർ നാമക്കൽ പള്ളിപ്പാളയം സർക്കാർ ആശുപത്രിയിലാണ്. പൊലീസിനെ ആക്രമിച്ചതോടെയാണ് പ്രതികൾക്കുനേരെ വെടിയുതിർത്തത്. അറസ്റ്റിലായവരെ തൃച്ചങ്കോട്ട് നാമക്കൽ ജില്ല കോടതിയിൽ ഹാജരാക്കിയാണ് റിമാൻഡ് ചെയ്തത്. കുമാരപാളയം ജുഡിഷ്യൽ മജിസ്ട്രേറ്റായ ടി. മാലതിക്കാണ് ജുഡിഷ്യൽ അന്വേഷണത്തിന്റെ ചുമതല.
പ്രതികളെ വിട്ടുകിട്ടാൻ വൈകും
തൃശൂരിൽ നടന്നതിനേക്കാൾ ക്രിമിനൽ നടപടികളുള്ളതാണ് തമിഴ്നാട്ടിലെ കേസ്. പ്രതികളിലൊരാൾ വെടിയേറ്റ് മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും രണ്ടു പൊലീസുകാർക്ക് കുത്തേൽക്കുകയും ചെയ്ത സംഭവമാണത്. അതിനാൽ നാമക്കൽ സ്റ്റേഷനിലെ കസ്റ്റഡി കാലാവധി കഴിഞ്ഞശേഷമേ പ്രതികളെ വിട്ടുകിട്ടാൻ ഇടയുള്ളൂ. റിമാൻഡിൽ കഴിയുന്ന പ്രതികളെ അടുത്തദിവസം നാമക്കൽ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയേക്കും. പ്രതികളെ കസ്റ്റഡിയിൽ ലഭിക്കാൻ തൃശൂർ സിറ്റി പൊലീസും നടപടി തുടങ്ങി.
ജയിൽ നമ്പറടക്കം ലഭിച്ചാൽ കുമാരപാളയം മജിസ്ട്രേട്ട് കോടതിയിൽ അപേക്ഷ നൽകുമെന്ന് ഈസ്റ്റ് പൊലീസ് എസ്.എച്ച്.ഒ പറഞ്ഞു. കേസ് അന്വേഷണം മൂന്ന് സ്റ്റേഷനുകളിലാകയാൽ മൂന്ന് അപേക്ഷകൾ സമർപ്പിക്കണം. കോടതി പ്രതികളെ വിട്ടു നൽകിയാൽ തൃശൂരിലെത്തിച്ച് ജില്ല കോടതിയിൽ ഹാജരാക്കും. തുടർന്ന് മറ്റ് നടപടികൾ സ്വീകരിക്കും.
Source link