എ.ടി.എമ്മുകൾ കവർച്ചാ കേന്ദ്രമാകുമ്പോൾ
‘ കള്ളനോട്ടാണോ മെഷീനിൽ നിന്ന് ലഭിക്കുന്നതെന്നു പോലും ഉറപ്പില്ല. എട്ടുവർഷം മുൻപുള്ള നോട്ട് നിരോധനശേഷം ഏകദേശം 5000 എ.ടി.എം മെഷീനുകൾ കുറഞ്ഞു.’-എ.ടി.എം കവർച്ചയുടെ പശ്ചാത്തലത്തിൽ മുൻ ഡി.ജി.പി ഋഷിരാജ് സിംഗ് വിലയിരുത്തുന്നു….
കഴിഞ്ഞദിവസം തൃശൂരിൽ രണ്ട് മണിക്കൂറിനിടെ മൂന്ന് എ.ടി.എമ്മുകൾ കുത്തിത്തുറന്ന സംഭവം വ്യക്തമാക്കുന്നത് രാജ്യത്തെ എ.ടി.എം മെഷീനുകളുടെ സുരക്ഷിതത്വം ഇല്ലായ്മയാണ്. 25 വർഷങ്ങൾക്ക് മുൻപ് ഇലക്ട്രോണിക് പേയ്മെന്റ് സംവിധാനങ്ങൾ ഇല്ലാതിരുന്ന കാലത്താണ് എ.ടി.എമ്മുകൾ രാജ്യത്ത് സ്ഥാപിച്ചത്. അന്ന് അതിന് വലിയ പ്രസക്തിയുണ്ടായിരുന്നു. എന്നാൽ കാലം മാറിയതോടെ അവ ബാദ്ധ്യതയാകുന്നു. റഷ്യ, റൊമേനിയ പോലുള്ള രാജ്യങ്ങളിലായിരുന്നു ഈ സംവിധാനം ആദ്യം ആരംഭിച്ചത്. ഒരു എ.ടി.എം സ്ഥാപിക്കാൻ എട്ട് മുതൽ പത്ത് ലക്ഷം വരെ ചെലവാകും. 125 മുതൽ 150 ആളുകൾ വരെ പണം എടുത്തെങ്കിൽ മാത്രമേ, അത് കൊണ്ട് പ്രയോജനമുള്ളൂ. ചെലവിന് പുറമെ വലിയ ബാങ്കുകളുടെ മെഷീൻ സ്ഥാപിച്ചിരിക്കുന്നിടത്ത് കൂടുതൽ അളവിൽ എ.സിയും ഉപയോഗിക്കേണ്ടിവരുന്നു. മെഷീനുകളിൽ എല്ലാ ദിവസവും പണം നിറയ്ക്കണം. ഇങ്ങനെ കാലഹരണപ്പെട്ട മെഷീനുകൾ പൂട്ടേണ്ട കാലം അതിക്രമിച്ചുവെന്നു പറഞ്ഞാൽപ്പോലും ആശ്ചര്യപ്പെടേണ്ടതില്ല.
കള്ളനോട്ടാണോ മെഷീനിൽ നിന്ന് ലഭിക്കുന്നതെന്ന് പോലും ഉറപ്പില്ല. എട്ടുവർഷം മുൻപുള്ള നോട്ട് നിരോധനശേഷം ഏകദേശം 5000 മെഷീനുകൾ കുറഞ്ഞു. എ.ടി.എം ഉപയോഗിക്കുന്നവരും കുറഞ്ഞിട്ടുണ്ട്. കാർഡുകൾ ഉപയോഗിക്കുമ്പോൾ സർവീസ് ചാർജുകളും ഉപഭോക്താവിൽ നിന്ന് ഈടാക്കും. സുരക്ഷയുടെ കാര്യമാണ് ഏറ്റവും വലിയ പ്രശ്നം. കാർഡ് മോഷണം പോയാൽ ആർക്കും പണം അപഹരിക്കാം. എ.ടി.എം കേന്ദ്രീകരിച്ച് മാത്രം തട്ടിപ്പ് നടത്തുന്ന സംഘങ്ങളുണ്ട്. സുരക്ഷയ്ക്ക് ജീവനക്കാരെ നിറുത്തിയിട്ടും കാര്യമില്ല. സി.സി ടിവി ക്യാമറകളെ വെട്ടിച്ച് കളവ് നടത്താനുള്ള വിരുത് ഇവർക്കുണ്ട്. ആക്രിയാകുന്ന പഴയ എ.ടി.എം മെഷീനുകൾ വാങ്ങി അതിൽ പരിശീലിച്ചാണ് കഴിഞ്ഞദിവസം തൃശൂരിൽ കൊള്ള നടത്തിയവർ പദ്ധതി ആസൂത്രണം ചെയ്തതെന്ന് കേട്ടു. ഏറ്റുമുട്ടൽ ഉണ്ടാകുമെന്ന് മുൻകൂട്ടി കണ്ടത് കൊണ്ട് ആയുധങ്ങളും അവർ കരുതി. അത്തരം പ്രതികളെ നേരിടാൻ സുരക്ഷാ ജീവനക്കാരെ ബലി നൽകുന്നത് എന്തിനാണ്. അതിക്രമങ്ങൾ സംഭവിച്ചാൽ സുരക്ഷാജീവനക്കാരുടെ കുടുംബം അനാഥമാകുന്നത് മാത്രം ഫലം.
അമേരിക്കൻ മോഡൽ
ഇ-പേയ്മെന്റ് സംവിധാനങ്ങളിൽ ലോകരാജ്യങ്ങളിൽ മുൻപന്തിയിലാണ് ഇന്ത്യ. അമേരിക്കയിൽ കാർഡ് സംവിധാനവും ഗൂഗിൾപേയും വളരെ അപൂർവമായി മാത്രമേ ഉപയോഗിക്കാറുള്ളൂ. അവരുടെ ഏകദേശം 70 ശതമാനം പണമിടപാടുകളും ഡോളറിലൂടെയാണ്. ഞാനും കാർഡുകൾ ഉപയോഗിച്ചിട്ട് രണ്ടുവർഷത്തിലേറെയാകുന്നു.
Source link