KERALAM

കേരളം വിങ്ങി; അർജുന് വിട

കോഴിക്കോട്: ഒരു സാധാരണ മനുഷ്യനു വേണ്ടി രാജ്യം ഇന്നുവരെ കാണാത്ത തെരച്ചിൽ…ഒടുവിൽ ഹൃദയം പൊട്ടുന്ന നൊമ്പരത്തോടെ അന്ത്യ യാത്രാമൊഴി… കേവലം ഒരു ലോറി ഡ്രൈവറായ അർജുന് വേണ്ടി കഴിഞ്ഞ രണ്ടര മാസം രാജ്യമാകെ കേഴുകയായിരുന്നു. രണ്ട് സംസ്ഥാന സർക്കാരുകളും കേന്ദ്ര സർക്കാരും സർവ സന്നാഹങ്ങളുമായി ഒരു പുഴയോട് പടവെട്ടി. അർജുൻ എന്ന ലോറിഡ്രൈവർ രാജ്യത്തിന്റെ പ്രാർത്ഥനയിൽ നിറഞ്ഞു…ഒടുവിൽ ഇന്നലെ കത്തിയ ആ ചിതയിൽ,​ തിരിച്ചറിയാൻ പോലും കഴിയാത്ത കുറെ ശരീര ഭാഗങ്ങളല്ല എരിഞ്ഞടങ്ങിയത്. ഭാഷയുടേയും ജാതിയുടേയും മതത്തിന്റേയുമെല്ലാം ഭേദഭാവങ്ങളാണ് മനുഷ്യ സ്നേഹത്തിന്റെ കണ്ണീർ ജ്വാലയിൽ ചാമ്പലായത്. ഒരു സാധാരണ മനുഷ്യന് ഇത്രയും വിങ്ങലോടെയുള്ള യാത്രയയപ്പ് മുമ്പുണ്ടായിട്ടില്ല.
ജൂലൈ 16ന് കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ എട്ടുപേരാണ് മരണത്തിന്റെ ആഴങ്ങളിലേക്ക് പോയത്. ഇനിയും രണ്ടുപേരെക്കൂടി ഗംഗാവലിപ്പുഴ തിരിച്ച് നൽകണം. ഒരാഴ്ചത്തെ തെരച്ചിലിൽ എല്ലാം അവസാനിക്കേണ്ടതാണ്. പക്ഷെ അർജുന് വേണ്ടി കേരളം വിങ്ങിപ്പൊട്ടിയപ്പോൾ രാജ്യ തലസ്ഥാനം വരെ ഇളകി. പ്രധാനമന്ത്രി വരെ ഇടപെട്ടു. തെരച്ചിൽ 72നാൾ നീണ്ടു. കുടുംബം ആദ്യം രക്ഷ തേടിയെത്തിയ എം.കെ.രാഘവൻ എം.പി, മന്ത്രിമാരായ കെ.ബി.ഗണേശ്കുമാർ, രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ ഷിരൂരിലെത്തിയ മുഹമ്മദ് റിയാസ്, എ.കെ.ശശീന്ദ്രൻ, കർണാടക മുഖ്യമന്ത്രിയേയും പ്രധാനമന്ത്രിയേയും നിരന്തരം ബന്ധപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ, കർണാടകയ്ക്ക് മേൽ നിരന്തര സമ്മർദ്ദം ചെലുത്തിയ കെ.സി വേണുഗോപാൽ, ആദ്യവസാനം കൂടെനിന്ന്,​ മൃതദേഹത്തെ അനുഗമിച്ച് അർജുന്റെ വീട്ടിലെത്തിയ ഷിരൂർ എം.എൽ.എ സതീഷ്‌കൃഷ്ണ സെയിൽ…അങ്ങനെ ഒരുപാട് പേർ.

72ദിവസം ഗംഗാവലിപ്പുഴയിൽ കണ്ണും നട്ടിരുന്ന ലോറിയുടമയും അർജുന്റെ സുഹൃത്തുമായ മനാഫിന്റെ നിശ്ചയദാർഢ്യം. ‘ അവന്റെ അമ്മയ്ക്ക് വാക്കുകൊടുത്തതാണ് അർജുനില്ലാതെ നാട്ടിലേക്ക് മടങ്ങില്ലെന്നത്. ജീവനോടെ കൊണ്ടുവരണമെന്നായിരുന്നു ആഗ്രഹം. അവന്റെ മൃതദേഹമെങ്കിലും തിരിച്ചെത്തിക്കാൻ കഴിഞ്ഞു, ആ വാക്ക് ഞാൻ പാലിക്കുകയാണ്..’ മനാഫിന്റെ വാക്കുകൾ… കുത്തിയൊഴുകുന്ന ഗംഗാവലിപ്പുഴയുടെ ആഴങ്ങളിലേക്ക് ജീവൻ പണയംവച്ച് ഊളിയിട്ട ഈശ്വർമാൽപെ… ഡ്രഡ്ജറിൽ കുടുങ്ങിയത് അർജുന്റെ ലോറിയാണെന്ന് പ്രഖ്യാപിച്ച റിട്ട.മേജർ ജനറൽ ഇന്ദ്രബാലന്റെ ഇടപെടലുകൾ…

ഇന്നലെ പതിനായിരങ്ങളെ സാക്ഷിനിർത്തി അർജുന്റെ കുഞ്ഞുമകൻ അയാന്റെ കൈകളിൽ തൊട്ട് ആ ചിതയിലേക്ക് അഗ്നി പകരുമ്പോൾ ഒരു നാടുമുഴുവൻ തേങ്ങുകയായിരുന്നു…


Source link

Related Articles

Back to top button