ജനസാഗരമായി കണ്ണാടിക്കൽ ഗ്രാമം; അർജുന്റെ മൃതദേഹം വീട്ടിലെത്തിച്ചു, പൊതുദർശനം തുടരുന്നു
കോഴിക്കോട്: ഷിരൂരിലെ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ മൃതദേഹം കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിലെത്തിച്ചു. ആയിരക്കണക്കിന് ജനങ്ങളാണ് അർജുന്റെ വീട്ടുപരിസരത്തും കണ്ണാടിക്കൽ ഗ്രാമത്തിലും തടിച്ചുകൂടിയത്. മൃതദേഹം പൊതുദർശനത്തിന് വച്ചശേഷം ഉച്ചയോടെയാകും സംസ്‌കാരം. പ്രദേശത്ത് വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അർജുന്റെ വീട്ടുപരിസരത്തേക്ക് വാഹനങ്ങൾ കടത്തിവിടില്ല.
രാവിലെ ആറര മണിയോടെയാണ് മൃതദേഹം വഹിച്ചുകൊണ്ടുള്ള ആംബുലൻസ് കോഴിക്കോട് ജില്ലയിൽ പ്രവേശിച്ചത്. ഇവിടെ വച്ച് മന്ത്രി എകെ ശശീന്ദ്രനും കോഴിക്കോട് ജില്ലാ കളക്ടറും അടക്കമുള്ളവർ സംസ്ഥാന സർക്കാരിന് വേണ്ടി മൃതദേഹം ഏറ്റുവാങ്ങി.
ലോറിയുടെ ക്യാബിനിൽ കണ്ടെത്തിയ മകന്റെ കളിപ്പാട്ട ലോറി, അർജുന്റെ വാച്ച്, ചെരുപ്പ്, ഫോണുകൾ, പ്രഷർ കുക്കർ, സ്റ്റീൽ പാത്രങ്ങൾ, രേഖകൾ, ബാഗ് തുടങ്ങിയ സാധനങ്ങൾ ഇന്നലെ വൈകിട്ട് തന്നെ ആംബുലൻസിൽ കയറ്റിയിരുന്നു. രാത്രി ആയതിനാൽ വഴിയിൽ അന്തിമോപചാര ചടങ്ങുകൾ ഒഴിവാക്കണമെന്ന് കാർവാർ ജില്ലാ ഭരണകൂടം നിർദ്ദേശിച്ചിരുന്നു. കാർവാർ ജില്ലാ ഭരണകൂടം സജ്ജീകരിച്ച ആംബുലൻസിന്റെ എല്ലാ ചെലവും കേരള സർക്കാരാണ് വഹിക്കുന്നത്.
അർജുന്റെ കുടുംബത്തിന് കർണാടക സർക്കാർ അഞ്ച് ലക്ഷം രൂപ നൽകും. ആ തുക അമ്മയെ ഏല്പിക്കാനാണ് സതീഷ് കൃഷ്ണ സെയിൽ എംഎൽഎ എത്തുന്നത്. സംസ്‌കാര ചടങ്ങിന് ശേഷമേ അദ്ദേഹം മടങ്ങൂ എന്നാണ് വിവരം.
Source link