KERALAM

വിരട്ടലും വിലപേശലും ഇങ്ങോട്ട് വേണ്ട…ഇത് പാര്‍ട്ടി വേറെയാണ്, അന്‍വറിന്റെ വീടിന് മുന്നില്‍ ഫ്‌ളക്‌സ് സ്ഥാപിച്ച് സിപിഎം

നിലമ്പൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെയും സിപിഎം നേതൃത്വത്തിനെതിരേയും ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിന്റെ വീടിന് മുന്നില്‍ ഫ്‌ളക്‌സ് സ്ഥാപിച്ച് സിപിഎം. ‘വിരട്ടലും വിലപേശലും ഇങ്ങോട്ട് വേണ്ട…ഇത് പാര്‍ട്ടി വേറെയാണ്’ എന്ന് എഴുതിയ ഫ്‌ളക്‌സാണ് സിപിഎം ഒതായി ബ്രാഞ്ചിന്റെ പേരില്‍ സ്ഥാപിച്ചിരിക്കുന്നത്. പിണറായി വിജയന്റെയും എംവി ഗോവിന്ദന്റെയും ചിത്രങ്ങളും ഫ്‌ളക്‌സ് ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇതിനിടെ, പിവി അന്‍വറിനെ പിന്തുണച്ച് മലപ്പുറം ടൗണിലും ഫ്‌ളക്‌സ് ബോര്‍ഡ് ഉയര്‍ന്നിട്ടുണ്ട്. മലപ്പുറം തുവ്വൂരില്‍ പിവി അന്‍വര്‍ എംഎല്‍എക്ക് അഭിവാദ്യം അര്‍പ്പിച്ചാണ് ഫ്‌ളക്‌സ് ബോര്‍ഡ്. ലീഡര്‍ കെ കരുണാകരന്‍ ഫൗണ്ടേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ പേരിലാണ് ഫ്‌ളക്‌സ് ബോര്‍ഡ്. പിവി അന്‍വറിന് അഭിവാദ്യങ്ങള്‍ എന്നാണ് ഫ്‌ലക്‌സ് ബോര്‍ഡിലെഴുതിയിട്ടുള്ളത്.

മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി, എഡിജിപി എംആര്‍ അജിത് കുമാര്‍ എന്നിവര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് പിവി അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ചത്. പിതാവിന്റെ സ്ഥാനത്ത് കണ്ടിരുന്ന പിണറായി തന്നെ ചതിച്ചുവെന്നും നൂറില്‍ നിന്ന് ഗ്രാഫ് പൂജ്യത്തിലേക്ക് പോയെന്നും അന്‍വര്‍ പറഞ്ഞിരുന്നു. പാര്‍ട്ടി സംവിധാനത്തെ തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ നടക്കുന്നതെന്നും അന്‍വര്‍ പറഞ്ഞിരുന്നു.

അന്‍വറിന്റെ ആരോപണങ്ങളെ ശക്തമായി പ്രതിരോധിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. ഇടതുപക്ഷ എംഎല്‍എ എന്ന പരിഗണന ഇനിയില്ലെന്ന നിലപാടാണ് സിപിഎമ്മിന്. നേരത്തെ മുന്നണി കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിരുന്നു. പാര്‍ട്ടി ശത്രുക്കളെ സഹായിക്കുന്ന, അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതാണ് അന്‍വറിന്റെ നിലപാടുകളെന്നാണ് കണ്‍വീനര്‍ പറഞ്ഞത്.


Source link

Related Articles

Back to top button