KERALAMLATEST NEWS

‘പാലുകൊടുത്തു വളർത്തിയത് മുഖ്യമന്ത്രി, അൻവർ തിരിഞ്ഞു കൊത്തിയതിന്റെ ഉത്തരവാദിത്വവും അദ്ദേഹം ഏറ്റെടുക്കട്ടേ’

തിരുവനന്തപുരം: ശരി,തെറ്റുകൾ എന്തായാലും ഇത്രയും കടുത്തൊരു പ്രഹരം മുഖ്യമന്ത്രിയും സി.പി.എമ്മും സമീപ കാലത്തൊന്നും നേരിട്ടിട്ടില്ല. പത്രസമ്മേളനത്തിൽ പി.വി. അൻവർ വിളിച്ചു പറഞ്ഞതിനെ പ്രതിരോധിക്കാൻ പാർട്ടി ഏറെ പണിപ്പെടേണ്ടി വരും. അൻവറിന്റെ ആരോപണങ്ങളുടെ വിശ്വാസ്യത എന്തുതന്നെയായാലും പൊതുസമൂഹത്തിൽ അത് ഒരുപാട് ചോദ്യങ്ങൾ ഉയർത്തുമെന്നതിൽ സംശയമില്ല. മുഖ്യമന്ത്രിയേയും,ആഭ്യന്തര വകുപ്പിനെയും ഇന്നലെ എണ്ണിയെണ്ണി പറഞ്ഞ് ആക്രമിച്ചപ്പോൾ ആദ്യം അമ്പരന്നു നിൽക്കുന്ന അവസ്ഥയിലായിരുന്നു പാർട്ടി നേതൃത്വം.

പാർട്ടി പരിശോധിച്ചു കാര്യങ്ങൾ തീരുമാനിക്കുമെന്ന ദുർബ്ബലമായ പ്രതികരണമാണ് ആദ്യം പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവനിൽ നിന്നുണ്ടായത്. പി.ബി യോഗത്തിൽ പങ്കെടുക്കാൻ പോയ മുഖ്യമന്ത്രി ആലുവയിൽ വാർത്ത ലേഖകരുടെ ചോദ്യങ്ങളോടു മൗനം പാലിച്ചപ്പോൾ, രാത്രി ഡൽഹിയിലെത്തിയ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഇന്നെല്ലാം വിശദമായി പറയാമെന്നാണ് പ്രതികരിച്ചത്. പിണറായി സൂര്യതേജസ്സാണെന്ന് എൽ.ഡി.എഫ് കൺവീനർ ടിപി. രാമകൃഷ്ണൻ കോഴിക്കോട് പറഞ്ഞു. ‘പിണറായി എന്ന സൂര്യൻ കെട്ടു” എന്ന അൻവറിന്റെ പ്രതികരണത്തിനു മറുപടിയായിട്ടായിരുന്നു ഇത്. പി.ബി, സി.സി യോഗങ്ങളിൽ പങ്കെടുക്കാൻ പാർട്ടി സംസ്ഥാന നേതൃത്വത്തിലെ പ്രമുഖരെല്ലാം ഡൽഹിയിലെത്തിയിട്ടുണ്ട്.

പാലുകൊടുത്തവർ പ്രതിരോധിക്കട്ടെ
അൻവറിനെ പാലുകൊടുത്തു സംരക്ഷിച്ചു വളർത്തിയത് മുഖ്യമന്ത്രി ആയിരുന്നുവെന്നും തിരിഞ്ഞു കൊത്തിയപ്പോൾ അതിന്റെ ഉത്തരവാദിത്വവും അദ്ദേഹം തന്നെ ഏറ്റെടുക്കട്ടെയെന്നുമാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ നിലപാട്. മുഖ്യമന്ത്രിയുടെ ചില നിലപാടുകളോട് അമർഷമുള്ള പാർട്ടിയിലെ ആ വിഭാഗത്തിന്റെ പിന്തുണ അൻവറിനു ലഭിച്ചിട്ടുണ്ടോയെന്ന സംശയവും ബലപ്പെടുന്നുണ്ട്. ഏകീകൃത സ്വഭാവത്തിലെത്തിയില്ലെങ്കിലും,രണ്ടാം പിണറായി സർക്കാരിന്റെ പല നടപടികളും പാർട്ടിയുടെ നയങ്ങൾക്കും,അന്തസ്സിനും യോജിച്ചതല്ലെന്ന വിമർശനം പല നേതാക്കൾക്കുമുണ്ട്.

പലരും സ്വകാര്യ സംഭാഷണങ്ങളിൽ അതു തുറന്നു പറയുമെങ്കിലും പാർട്ടി ഘടകത്തിൽ ചർച്ച ചെയ്യാൻ ഭയമായിരുന്നു. എന്നാൽ കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തെ തുടർന്ന് ജില്ലാ അവലോകന യോഗങ്ങളിൽ പലയിടത്തും മുഖ്യമന്ത്രിക്കും,ഭരണത്തിനുമെതിരെ കടുത്ത വിമർശനം നേരിടേണ്ടി വന്നു. പാർട്ടി സ്ഥാനാർത്ഥി നിർണയത്തിൽ ബാഹ്യ ശക്തികളുടെ ഇടപെടലുകളുണ്ടായെന്നും, പാർട്ടിക്കായി അഹോരാത്രം പ്രവർത്തിച്ച അർഹരായ സഖാക്കളെ തഴഞ്ഞു എന്നുവരെചില അംഗങ്ങൾ വിളിച്ചു പറഞ്ഞു.

 ചേരിതിരിവുകൾ കനം വയ്‌‌ക്കുന്നു

കോടിയേരി ബാലകൃഷ്ണന്റെ ഭൗതികദേഹം തിരുവനന്തപുരത്തു കൊണ്ടുവരാത്തതിലും പാർട്ടി അംഗങ്ങൾക്കും അണികൾക്കും സങ്കടമുണ്ടായിരുന്നു. ഈ വികാരം കൂടി പ്രയോജനപ്പെടുത്താനാണ് അൻവർ ആ വിഷയം ഇന്നലെ എടുത്തടിച്ചത്. 1998 സെപ്തംബറിൽ സംസ്ഥാന സെക്രട്ടറിയായ ശേഷം പിണറായി വിജയൻ നേരിട്ട എതിർപ്പ് വി.എസ്. അച്യുതാനന്ദനിൽ നിന്ന് മാത്രമായിരുന്നു.

കർശന നിലപാടുകളിലൂടെ പാർട്ടിയിലെ വിഭാഗീയത ഒതുക്കിയ പിണറായി വിജയന്റെ തേരോട്ടമാണ് പിന്നീട് കണ്ടത്. പാർട്ടിയിലെ ചോദ്യം ചെയ്യപ്പെടാനാവാത്ത നേതാവായി വളർന്ന പിണറായി മുഖ്യമന്ത്രിയായപ്പോൾ ഭരണവും പാർട്ടിയും കൈപ്പിടിയിലൊതുക്കി. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷമാണ് അതിൽ മാറ്റം കണ്ടു തുടങ്ങിയത്.

മുഖ്യമന്ത്രിക്കെതിരെ പാർട്ടിയിൽ പട നീക്കം എന്നു പറയാറായിട്ടില്ല. എന്നാൽ ചേരി തിരിവുകൾ കനം വച്ചു തുടങ്ങിയിട്ടുണ്ട് .പലരും പറയാനിരുന്നതാണ് ഭരണപക്ഷത്തിരുന്ന് അൻവർ ഒറ്റയടിക്കു വെട്ടിത്തുറന്നു പറ‌ഞ്ഞതെന്ന് കരുതുന്നവർ പാർട്ടിയിലുണ്ട്. പാർട്ടി സമ്മേളന കാലയളവിലെ ഈ വിമർശനങ്ങൾ പ്രതിരോധിക്കാൻ മുഖ്യമന്ത്രിയും സി.പി.എമ്മും പാടുപെടേണ്ടി വരും.


Source link

Related Articles

Back to top button