മരണം കാത്തുകഴിഞ്ഞത് അര നൂറ്റാണ്ട്; ഹാക്കമാഡ 88-ാം വയസിൽ കുറ്റവിമുക്തൻ
ടോക്കിയോ: അരനൂറ്റാണ്ടിലധികം വധശിക്ഷ കാത്തുകഴിഞ്ഞ ഇവാവോ ഹാക്കമാഡ എന്ന എൺപത്തെട്ടുകാരനെ ജാപ്പനീസ് കോടതി കുറ്റവിമുക്തനാക്കി. 1968ൽ വധശിക്ഷ വിധിക്കപ്പെട്ട അദ്ദേഹത്തിനെതിരായ തെളിവുകളിൽ കൃത്രിമത്വം കണ്ടെത്തിയാണു ടോക്കിയോയ്ക്കു പടിഞ്ഞാറ് ഷിസൂക്കയിലെ കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. പതിറ്റാണ്ടുകളുടെ ജയിൽവാസത്തിൽ മാനസികനില തകർന്ന ഹാക്കമാഡയെ കോടതി നടപടികളിൽനിന്ന് ഒഴിവാക്കിയിരുന്നു. മുന്പ് ബോക്സറായിരുന്ന ഹാക്കമാഡോ ലോകത്തിൽ ഏറ്റവും കൂടുതൽ കാലം വധശിക്ഷ കാത്തുകഴിഞ്ഞ വ്യക്തിയാണ്. 1966ൽ ഹാക്കമാഡ ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ ഉടമ, ഉടമയുടെ ഭാര്യ, രണ്ടു കുട്ടികൾ എന്നിവർ കൊല്ലപ്പെട്ട കേസിലായിരുന്നു ശിക്ഷ.
ഇവരെ കുത്തിക്കൊന്നശേഷം പണം അപഹരിച്ച് വീടിനു തീയിട്ടു എന്നാരോപിച്ച് ഹാക്കമാഡയെ പോലീസ് അറസ്റ്റ് ചെയ്തു. ആദ്യം കുറ്റം നിഷേധിച്ച ഹാക്കമാഡ പോലീസിന്റെ മർദനത്തിൽ പിന്നീടെല്ലാം സമ്മതിച്ചതായി പറയുന്നു. 1968ൽ കോടതി വധശിക്ഷ വിധിച്ചു. എന്നാൽ, പോലീസ് ഹാജരാക്കിയ ഡിഎൻഎ തെളിവുകളിൽ അടക്കം പൊരുത്തക്കേടുണ്ടെന്ന വാദത്തിൽ കോടതി 2014ൽ ഹാക്കമാഡയ്ക്കു പുനർവിചാരണ അനുവദിച്ചു. ഇതേത്തുടർന്ന് ജയിൽമോചിതനായ ഹാക്കമാഡയെ ഇപ്പോൾ 91 വയസുള്ള സഹോദരി ഹിക്കെഡോ ആണു സംരക്ഷിക്കുന്നത്. പോലീസ് കൃത്രിമമായി തെളിവുകളുണ്ടാക്കി എന്നു കണ്ടെത്തിയാണു കോടതി ഇന്നലെ അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത്.
Source link