ഷിരൂരിൽ ഇന്നും ഡ്രഡ്‌ജർ ഉപയോഗിച്ച് തെരച്ചിൽ തുടരും, നാവികസേനയും ഒപ്പം ചേരും
ബംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിന് പിന്നാലെ കാണാതായ കോഴിക്കോട് സ്വദേശി അർജ്ജുന് വേണ്ടിയുള്ള തെരച്ചിൽ ഗംഗാവലി പുഴയിൽ ഇന്നും തുടരും. ഡ്രഡ്‌ജർ ഉപയോഗിച്ചുള്ള പരിശോധന ആണ് ഇന്ന് നടക്കുക. നാവികസേനയും തെരച്ചിലിൽ പങ്കുചേരുന്നുണ്ട്. ഡ്രഡ്‌ജർ കമ്പനിയുമായി കരാർ ജില്ലാ ഭരണകൂടം ഒരാഴ്‌ചത്തേക്ക് കൂടി നീട്ടി. നേരത്തെ ദൗത്യത്തിൽ പങ്കാളിയായ ക്വിക് പേ കമ്പനി പ്രതിനിധി റിട്ടയേർഡ് മേജർ ജനറൽ ഇന്ദ്രബാലൻ ഇന്ന് ഷിരൂരിലെത്തും. അർജ്ജുന്റെ സഹോദരി അഞ്ജുവും സ്ഥലത്തുണ്ട്.
കഴിഞ്ഞ ദിവസം ഗംഗാവലി പുഴയിൽ മണ്ണിൽപുതഞ്ഞ നിലയിൽ അസ്ഥി കണ്ടെത്തിയിരുന്നു. ഇത്അ മനുഷ്യ അസ്ഥിയാണോ എന്നതടക്കം കൂടുതൽ പരിശോധനക്കായി അയച്ചു. അതേസമയം പുഴയിൽ നടത്തുന്ന തെരച്ചിൽ മതിയാക്കി മടങ്ങുകയാണെന്ന് മുങ്ങൽ വിദഗ്ദ്ധൻ ഈശ്വർ മാൽപെ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ‘ഡ്രഡ്ജർ കമ്പനിയും നിസഹകരണം തുടരുകയാണ്. കോഴിക്കോട്ടെ വീട്ടിൽപോയി അർജുന്റെ അമ്മയെ കണ്ടപ്പോൾ എന്തായാലും കണ്ടെത്തി തരുമെന്ന് ഞാൻ വാക്ക് കൊടുത്തതാണ്. എന്നാൽ, അധികാരികളുടെ നിലപാടുമൂലം അത് പാലിക്കാൻ കഴിയാതെ വന്നതിൽ വിഷമമുണ്ട്.’ അർജുന്റെ അമ്മയോട് മാപ്പ് ചോദിക്കുന്നുവെന്നും മാൽപെ പറഞ്ഞു.
നാവികസേന മാർക്ക് ചെയ്ത 4ാം പോയിന്റിൽ ഇന്നലെ പരിശോധന നടത്താൻ മാൽപെയ്ക്ക് അനുവാദം നൽകിയില്ല. ഇന്നലെ ഉച്ചയോടെയാണ് മടങ്ങുകയാണെന്ന് മാൽപെ വ്യക്തമാക്കിയത്. ഇനി ജില്ലാ ഭരണകൂടം കത്തിലൂടെ ആവശ്യപ്പെട്ടാൽ മാത്രമേ വരൂ. ഇന്നലെ ഒരു സ്‌കൂട്ടർ നദിയിൽനിന്ന് കണ്ടെത്തിയിരുന്നു. അത് പുറത്തെടുത്തു. അതിനൊപ്പം അർജുന്റെ ലോറിയിൽ നിന്നുളള തടിക്കഷ്ണങ്ങളും കണ്ടെത്തി. ലോറി കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും മാൽപെ പറഞ്ഞു.
Source link