KERALAM

ലോറിയുടെ ക്യാബിനിൽ മകന്റെ കളിപ്പാട്ടവും; യാത്ര പോകുമ്പോൾ അതുമായിട്ടാണ് അർജുൻ പോകാറെന്ന് ബന്ധു

ഷിരൂർ: ട്രക്കിന്റെ ക്യാബിനിൽ നിന്ന് അർജുന്റെ സാധനങ്ങൾ കണ്ടെത്തി. രണ്ട് മൊബൈൽ ഫോണുകൾ, കുക്കർ, ചെരുപ്പ്, വസ്ത്രങ്ങൾ, വാച്ച്, ഭക്ഷണം കഴിച്ച പാത്രം എന്നിവയാണ് കണ്ടെത്തിയത്. കൂടാതെ അർജുന്റെ മകന്റെ കളിപ്പാട്ടവും കിട്ടിയിട്ടുണ്ട്. ലോറിയുടെ മാതൃകയിലുള്ളതാണിത്.

കോഴിക്കോട്ടേക്ക് മടങ്ങാനിരിക്കെയാണ് അർജുന് അപകടം സംഭവിച്ചത്. ലോറിയുടെ ആർസി ബുക്ക് അടക്കമുള്ള രേഖകളും ലഭിച്ചു. ലോറി പൂർണമായും ഗംഗാവലി പുഴയുടെ കരയിലേക്ക് കയറ്റി. ലോറി പൊലീസ് വിശദമായി പരിശോധിക്കും.

മൃതദേഹം അർജുന്റേതാണെന്ന് സ്ഥിരീകരിക്കാനായി സാമ്പിൾ ഡി എൻ എ പരിശോധനയ്ക്കയച്ചിട്ടുണ്ട്. നാളെയോടെ മൃതദേഹ ഭാഗങ്ങൾ അർജുന്റെ കുടുംബത്തിന് വിട്ടുകൊടുത്തേക്കും. അർജുന്റെ ബന്ധുക്കളും ലോറി ഉടമ മനാഫ് അടക്കമുള്ളവരും ഷിരൂരിലുണ്ട്.


‘അർജുന്റെ വസ്ത്രങ്ങളെല്ലാം ലഭിച്ചുകഴിഞ്ഞു. രണ്ട് മൊബൈൽ ഫോണുകൾ, വാച്ച്, അർജുന്റെ മകന്റെ കളിപ്പാട്ടം, രേഖകൾ, പാചകം ചെയ്യാനുള്ള പാത്രങ്ങൾ അങ്ങനെ അവന്റെ കൂടെ തന്നെ അവൻ ഉപയോഗിച്ച എല്ലാ സാധനങ്ങളും ഉണ്ടായിരുന്നു. അർജുൻ മകന് വേണ്ടി വാങ്ങിക്കൊണ്ടുവന്ന കളിപ്പാട്ടമായിരുന്നു ഇത്. കുട്ടിക്ക് ഒരുപാട് ഇഷ്ടപ്പെട്ട കളിപ്പാട്ടമാണ്. അതുകൊണ്ടാണ് അത് ക്യാബിനിൽ സൂക്ഷിച്ചുവച്ചത്. അത് വണ്ടിയുടെ മുന്നിൽ വച്ചാണ് അർജുൻ യാത്ര ചെയ്തിരുന്നത്. വീട്ടിലെത്തുമ്പോൾ അത് മകന് കൊടുക്കും. യാത്ര പോകുമ്പോൾ അതുമായിട്ടാണ് പോകാറ്.’- ജിതിൻ പറഞ്ഞു.


Source link

Related Articles

Back to top button