എഡിജിപി തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ സംരക്ഷിക്കില്ല, തെളിഞ്ഞാൽ ശക്തമായ നടപടിയെന്ന് എൽഡിഎഫ് കൺവീനർ
തിരുവനന്തപുരം: എഡിജിപി എം.ആർ അജിത് കുമാറുമായി ഉയർന്ന പരാതികൾ സമഗ്രമായ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണെന്ന് എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണൻ. ആഭ്യന്തരവകുപ്പ് അക്കാര്യത്തിൽ പരിശോധന നടത്തിവരികയാണ്. എഡിജിപി തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ സംരക്ഷിക്കില്ലെന്നും, കടുത്ത നടപടി സ്വീകരിക്കുമെന്നുമുള്ള സർക്കാരിന്റെ നിലപാട് തന്നെയാണ് ഇടതുപക്ഷ മുന്നണിക്കും ഉള്ളതെന്ന് ടി.പി രാമകൃഷ്ണൻ വ്യക്തമാക്കി.
ആർഎസ്എസുമായി ബന്ധപ്പെട്ട് നിരവധി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണ് കേരളത്തിലെ ഇടതുപക്ഷക്കാർ. അതുകൊണ്ടുതന്നെ ആർഎസ്എസുമായി ഒരു നീക്കുപോക്കിനും ഇടതുപക്ഷ ജനാധിപത്യമുന്നണിയിലെ ആരും പോകില്ലെന്ന് എൽഡിഎഫ് കൺവീനർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
എഡിജിപിയെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റണമെന്ന് സർക്കാരിന്റെ അന്വേഷണത്തിൽ ബോധ്യപ്പെട്ടാൽ തീർച്ചയായും ആ നടപടി ഉണ്ടാകും. ഘടകക്ഷികൾ അവരുടെ അഭിപ്രായം പറയുന്നതിൽ തെറ്റില്ല. ഒരു വ്യക്തിയെ കാണാൻ പാടില്ലാ എന്ന് പറയാൻ പറ്റില്ല, പക്ഷേ എന്തിനു കണ്ടു എന്നതാണ് ചോദ്യമെന്നും ടി.പി രാമകൃഷ്ണൻ ന്യായീകരിച്ചു.
ഇ.പി ജയരാജനെ കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയത് പ്രകാശ് ജാവദേക്കറെ കണ്ടതുകൊണ്ടല്ല. അത് പാർട്ടിയുടെ സംഘടനാപരമായ തീരുമാനമാണ്. നാളെ തന്നെയും മാറ്റാം. പി.വി അൻവർ കൊടുത്ത പരാതികളെല്ലാം അന്വേഷിക്കുമെന്നും ടി.പി രാമകൃഷ്ണൻ വ്യക്തമാക്കി.
Source link