ഉംറ വീസയുടെ മറവിൽ യാചകരെത്തുന്നത് തടയണമെന്നു പാക്കിസ്ഥാനോടു സൗദി
റിയാദ്: ഉംറ വീസയുടെ മറവിൽ പാക്കിസ്ഥാനിൽനിന്നുള്ള യാചകർ കൂട്ടത്തോടെ എത്തുന്നതിനെതിരേ സൗദി അറേബ്യ രംഗത്ത്. ഉംറ തീർഥാടനത്തിന്റെ പേരിൽ യാചകർ എത്തുന്നതു തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സൗദി ഹജ്ജ് മന്ത്രാലയം പാക് സർക്കാരിനോട് ആവശ്യപ്പെട്ടു. നടപടിയെടുത്തില്ലെങ്കിൽ അതു പാക്കിസ്ഥാനി ഉംറ, ഹജ്ജ് തീർഥാടകരെ പ്രതികൂലമായി ബാധിക്കുമെന്നും സൗദി സർക്കാർ പാക് മതകാര്യവകുപ്പിന് മുന്നറിയിപ്പ് നൽകി. ഇതെത്തുടർന്ന് പ്രത്യേക ഉംറ ആക്ട് കൊണ്ടുവരാൻ പാക് മതകാര്യവകുപ്പ് തീരുമാനിച്ചു. ഉംറ, ഹജ്ജ് തീർഥാടകരെ കർശന നിരീക്ഷണത്തിനുശേഷം യാത്രയ്ക്ക് അനുമതി നൽകുന്ന നിയമമാണിത്.
തീർഥാടനത്തിന്റെ പേരിൽ സൗദിയിലേക്ക് യാചകർ പോകുന്നതു തടയാൻ നടപടി സ്വീകരിക്കണമെന്ന് സർക്കാരിനോട് മതകാര്യ വകുപ്പ് ആവശ്യപ്പെട്ടു. അതേസമയം, സൗദി അറേബ്യയിലേക്ക് യാചകരെ കയറ്റിവിടുന്ന മാഫിയയ്ക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് സൗദി സ്ഥാനപതി നവാസ് ബിൻ സെയ്ദ് അഹമ്മദ് അൽ മാൽക്കിയുമായുള്ള കൂടിക്കാഴ്ചയിൽ പാക് ആഭ്യന്തരമന്ത്രി മൊഹ്സിൻ നഖ്വി ഉറപ്പുനൽകി.
Source link