മൊബൈൽ സ്വിച്ച്ഓഫ് ചെയ്തു, കൊച്ചിയിലെ രണ്ട് വീട്ടിലും ഇല്ല, സിദ്ദിഖ് ഇപ്പോഴും ഒളിവിൽ തന്നെ
കൊച്ചി: നടിയെ പീഡിപ്പിച്ച കേസിൽ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെ ഒളിവിൽ പോയിരുന്ന നടൻ സിദ്ദിഖിനെക്കുറിച്ച് ഇതുവരെയായിട്ടും വിവരമില്ല. കൊച്ചിയിലുള്ള നടന്റെ രണ്ട് വീട്ടിലും താരമില്ല. ഒപ്പം മൊബൈൽ ഫോണുകളും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇതിനിടെ സുപ്രീം കോടതിയിൽ ഹർജി നൽകാൻ സിദ്ദിഖ് ശ്രമിക്കുകയാണ്. അഭിഭാഷകനായ രാമൻ പിള്ളയുടെ ഓഫീസിൽ സിദ്ദിഖിന്റെ മകൻ എത്തിയതായാണ് വിവരം. നാളെ സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചേക്കും. ആലുവയിലെ വീട് പൂട്ടിയനിലയിലാണ്. പടമുകളിലെ നടന്റെ വീട് പൊലീസ് നിരീക്ഷണത്തിലാണ്. മൊബൈൽ അവസാനമായി പ്രവർത്തിച്ചത് പാലാരിവട്ടത്താണെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
നടൻ വിദേശത്തേക്ക് കടക്കാനുള്ള സാദ്ധ്യത കണക്കിലെടുത്ത് വിമാനത്താവളങ്ങളിൽ പൊലീസ് ലുക്ക്ഔട്ട് സർക്കുലർ നൽകിയിട്ടുണ്ട്. നടന്റെ അറസ്റ്റിന് തടസമൊന്നുമില്ലെന്നാണ് പൊലീസ് പറയുന്നത്.ഉടൻ തന്നെ അറസ്റ്റ് ചെയ്യാനാണ് കൊച്ചി പൊലീസിന് ക്രൈംബ്രാഞ്ച് മേധാവി നിർദേശം നൽകിയത്.ഇതിന് പിന്നാലെയാണ് താരം ഒളിവിൽ പോയതായി അന്വേഷണത്തിൽ തെളിഞ്ഞത്.
ജസ്റ്റിസ് സി.എസ് ഡയസ് അദ്ധ്യക്ഷനായ ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. ലൈംഗിക പീഡനക്കേസിൽ സിദ്ദിഖിനെ പ്രതിസന്ധിയിലാക്കുന്ന ശക്തമായ കൂടുതൽ തെളിവുകളും സാക്ഷിമൊഴികളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. നടി ഉന്നയിച്ച ആരോപണങ്ങളും മൊഴികളും സാധൂകരിക്കുന്നതാണെന്നും അന്വേഷണ സംഘം കോടതിയെ ബോധിപ്പിക്കുകയായിരുന്നു.
മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി നേരത്തെ വാദം കേട്ടിരുന്നെങ്കിലും വിധി പറയുന്നത് മാറ്റിവയ്ക്കുകയായിരുന്നു. പരാതിക്കാരി ബലാത്സംഗം മുൻപ് ഉന്നയിച്ചിട്ടില്ലെന്നും അടിസ്ഥാനമില്ലാത്തതുമാണ് പരാതി എന്ന് ഹർജിക്കാരനായി ഹാജരായ മുതിർന്ന അഭിഭാഷകൻ ബി. രാമൻ പിള്ള വാദിച്ചു. 2012ലാണ് സംഭവം നടന്നുവെന്ന് ആരോപിക്കുന്നത്. സൂക്ഷ്മമായി തയാറാക്കിയ കഥയാണ് പരാതിക്കാരി ഉയർത്തിയതെന്നായിരുന്നു സിദ്ദിഖിന്റെ ആരോപണം.
എന്നാൽ, പല വസ്തുതകളും സിദ്ദിഖ് മറച്ചുവയ്ക്കുകയാണെന്നും ഇരുവരും മാസ്കോട്ട് ഹോട്ടലിൽ എത്തിയതിന് തെളിവുണ്ടെന്നും സർക്കാരിനായി ഹാജരായ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി നാരായണൻ കോടതിയിൽ വാദം ഉന്നയിച്ചു. പരാതിക്കാരിക്ക് വിശ്വാസ്യതയില്ലെന്നും മറ്റ് പലർക്കെതിരെയും ആരോപണങ്ങൾ ഉന്നയിക്കുന്ന ആളാണെന്നും സിദ്ദിഖിന്റെ ഭാഗത്തുനിന്നുണ്ടായ പരാമർശങ്ങളെ കടുത്ത ഭാഷയിലാണ് കോടതി വിമർശിച്ചത്.
Source link