റോമ സാമ്രാജ്യത്തിലേക്ക് വീണ്ടും; ഗ്ലാഡിയേറ്റർ 2 ട്രെയിലർ
റിഡ്‌ലി സ്കോട്ടിന്റെ ക്ലാസിക് ചിത്രം ഗ്ലാഡിയേറ്ററിന്റെ രണ്ടാം ഭാഗം റിലീസിനൊരുങ്ങുന്നു. റോമന്‍ പോരാളി മാക്സിമസിന്റെ ഓര്‍മകള്‍ പുതുക്കിക്കൊണ്ട് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. പ്രതികാരത്തിന്റ കഥപറഞ്ഞ് കൊളോസിയത്തില്‍ പിറന്ന ക്ലാസിക്കിന്റെ രണ്ടാം ഭാഗം. അന്ന് റസല്‍ ക്രോയും വാക്വിൻ ഫീനിക്സും മല്‍സരിച്ചഭിനയിച്ചെങ്കില്‍ ഇന്ന് സ്ക്രീനില്‍ നിറയുന്നത് പോള്‍ മെസ്കലും പെട്രോ പാസ്കലും ഒപ്പം ഡെന്‍സല്‍ വാഷിങ്ടണും.
റിഡ്‌ലി സ്കോട് സംവിധാനം ചെയ്യുന്ന ചിത്രം പറയുന്നത്, അന്ന് മാക്സിമസിന്റെ പോരാട്ടം കണ്ട് കോരിത്തരിച്ച രാജകുമാരൻ ലൂഷ്യസിന്റെ കഥയാണ്. ഗ്ലാഡിയേറ്ററിലെ സംഭവവികാസങ്ങള്‍ നടന്ന് രണ്ട് പതിറ്റാണ്ടിന് ശേഷമുള്ള കാലത്താണ് ഗ്ലാഡിയേറ്റര്‍ 2 ലെ കഥ നടക്കുന്നത്.
റോമിന്‍റെ മുന്‍ ചക്രവര്‍ത്തി മാര്‍കസ് ഒറിലിയസിന്‍റെ പൗത്രന്‍ ലൂഷ്യസ് വെറുസ് ആണ് ചിത്രത്തിലെ നായക കഥാപാത്രം. ജനറല്‍ മാര്‍കസ് അകേഷ്യസിന്‍റെ നേതൃത്വത്തിലുള്ള റോമന്‍ സൈന്യം ലൂഷ്യസിനെ അടിമത്തത്തിലേത്ത് തള്ളിവിടുന്നു. മാക്സിമസിന്‍റെ (ഗ്ലാഡിയേറ്ററിലെ റസല്‍ ക്രോ) ജീവിതകഥയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ഒരു ഗ്ലാഡിയേറ്ററായി പോരിനൊരുങ്ങുകയാണ് ലൂഷ്യസ്.
പോള്‍ മെസ്കലാണ് ലൂഷ്യസ് ആയി എത്തുന്നത്. പെഡ്രോ പാസ്കല്‍, കോണി നീല്‍സെന്‍, ഡെന്‍സല്‍ വാഷിംഗ്ടണ്‍ തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 310 മില്യണ്‍ ഡോളറോളമാണ് ചിത്രത്തിന്‍റെ നിര്‍മ്മാണച്ചെലവ്. ഇന്ത്യന്‍ രൂപയില്‍ കണക്ക് കൂട്ടിയാല്‍ 2588 കോടി. രണ്ടാം ഭാഗവും ആദ്യഭാഗം പോലെ ജനപ്രീതി നേടുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഹോളിവുഡ്. നവംബര്‍ 22 ആണ് ചിത്രത്തിന്‍റെ റിലീസ് തിയതി.
English Summary:
Watch Gladiator 2 Trailer
Source link