ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ്: ഇന്ത്യ ഒന്നാമത്; ശ്രീലങ്കയ്ക്കു മുന്നേറ്റം
ഗോൾ (ശ്രീലങ്ക): ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റ് ക്രിക്കറ്റിലെ ജയത്തോടെ ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ മുന്നേറി ശ്രീലങ്ക. ആദ്യ ടെസ്റ്റിലെ ജയത്തോടെ ശ്രീലങ്ക ന്യൂസിലൻഡിനെ നാലാം സ്ഥാനത്തേക്കു പിന്തള്ളി മൂന്നാം സ്ഥാനത്തേക്കു കയറി. എട്ടു ടെസ്റ്റിൽ നാലു ജയവും നാലു തോൽവിയുമുള്ള ലങ്ക 48 പോയിന്റും 50 വിജയശതമാനവുമായാണു മൂന്നാം സ്ഥാനത്തേക്കു കയറിയത്. ന്യൂസിലൻഡിനെതിരായ ഗോൾ ക്രിക്കറ്റ് ടെസ്റ്റിൽ ശ്രീലങ്ക 63 റണ്സിന്റെ ജയമാണു നേടിയത്. തോൽവിയോടെ ന്യൂസിലൻഡ് ഏഴ് മത്സരങ്ങളിൽ മൂന്നു ജയവും നാലു തോൽവിയുമടക്കം 36 പോയിന്റും 42.86 വിജയശതമാനവുമായി നാലാം സ്ഥാനത്താണ്. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരന്പരയിലെ ആദ്യ മത്സരത്തിൽ ജയത്തുടക്കമിട്ടതോടെ ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനം ഇന്ത്യ ഒന്നുകൂടി ഉറപ്പിച്ചിരുന്നു. ബംഗ്ലാദേശിനെതിരായ ജയത്തോടെ 10 മത്സരങ്ങളിൽ ഏഴു ജയവും രണ്ട് തോൽവിയും ഒരു സമനിലയുമായി ഇന്ത്യ 71.67 വിജയശതമാനവും 86 പോയിന്റുമായാണ് ഒന്നാം സ്ഥാനം ഉറപ്പിച്ചത്. ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പിന്റെ ഭാഗമായി 12 ടെസ്റ്റുകൾ കളിച്ച ഓസ്ട്രേലിയ എട്ടു ജയവും മൂന്നു തോൽവിയും ഒരു സമനിലയുമായി 62.50 വിജയശതമാനവും 90 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. ഇന്ത്യക്കെതിരായ പരന്പരയ്ക്ക് മുന്പ് പാക്കിസ്ഥാനെതിരായ പരന്പര നേടി നാലാം സ്ഥാനത്തെത്തിയ ബംഗ്ലാദേശ് ആദ്യ ടെസ്റ്റിലെ തോൽവിയോടെ ആറാം സ്ഥാനത്തേക്ക് വീണു. ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരന്പര 2-1ന് സ്വന്തമാക്കിയ ഇംഗ്ലണ്ട് 16 ടെസ്റ്റുകളിൽ എട്ട് ജയവും ഏഴ് തോൽവിയും ഒരു സമനിലയുമായി 81 പോയിന്റും 42.19 വിജയശതമാനവുമായി അഞ്ചാമതാണ്. ദക്ഷിണാഫ്രിക്ക, പാക്കിസ്ഥാൻ, വെസ്റ്റ് ഇൻഡീസ് ടീമുകളാണ് തുടർന്നുള്ള സ്ഥാനങ്ങളിലുള്ളത്. ബംഗ്ലാദേശിനെതിരേ കാണ്പുരിൽ 27ന് തുടങ്ങുന്ന രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റിൽ ജയിച്ചാൽ ഒന്നാം സ്ഥാനത്ത് ഇന്ത്യക്ക് ലീഡുയർത്താനാവും. നിർണായക പരന്പരകൾ ബംഗ്ലാദേശിനെതിരേയുള്ള പരന്പരയ്ക്കുശേഷം ഇന്ത്യക്ക് ന്യൂസിലൻഡിനെതിരേ മൂന്നു മത്സരങ്ങളുടെ ഹോം പരന്പരയുണ്ട്. ഒക്ടോബർ 16ന് ന്യൂസിലൻഡിനെതിരായ ടെസ്റ്റിനു തുടക്കമാകും. ഇതിനുശേഷം ഇന്ത്യക്ക് നവംബറിൽ ആരംഭിക്കുന്ന ഓസ്ട്രേലിയൻ പര്യടനവുമുണ്ട്. ഇതിൽ അഞ്ചു ടെസ്റ്റുകളാണുള്ളത്. ഈ രണ്ടു പരന്പരകളും ഇന്ത്യക്കു നിർണായകമാണ്.
പോയിന്റ് നിലയിൽ രണ്ടാമതുള്ള ഓസ്ട്രേലിയയ്ക്ക് ഇന്ത്യക്കെതിരേയുള്ള ടെസ്റ്റ് പരന്പരയ്ക്കുശേഷം ജനുവരിയിൽ ശ്രീലങ്കയ്ക്കെതിരേ രണ്ടു മത്സരങ്ങളുടെ പരന്പരയുണ്ട്. ഫൈനൽ ഉറപ്പാക്കാൻ ഇന്ത്യക്കെതിതരേയുള്ള പരന്പര ഓസീസിന് നിർണായകമാണ്. ശ്രീലങ്ക – ന്യൂസിലൻഡ് ടെസ്റ്റ് പരന്പരയിലെ രണ്ടാമത്തെയും അവസാനത്തെയും മത്സരം 26ന് ആരംഭിക്കും. ഡിസംബറിൽ ശ്രീലങ്കയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ രണ്ടു ടെസ്റ്റ് മത്സരങ്ങളാണുള്ളത്. ജനുവരിയിൽ ഓസ്ട്രേലിയൻ ടീം ശ്രീലങ്കയിൽ രണ്ടു ടെസ്റ്റ് മത്സരങ്ങൾക്കെത്തും. ന്യൂസിലൻഡ് ശ്രീലങ്കയ്ക്കെതിരേയുള്ള പരന്പരയ്ക്കുശേഷം ഇന്ത്യയിലെത്തും. ഇന്ത്യയിൽ മൂന്നു ടെസ്റ്റുകളാണുള്ളത്. നവംബർ ഒന്നിനാണ് ന്യൂസിലൻഡിന്റെ ഇന്ത്യൻ പര്യടനത്തിലെ അവസാന ടെസ്റ്റ് തുടങ്ങുന്നത്. നവംബറിൽത്തന്നെ ഇംഗ്ലണ്ട് ടീം മൂന്നു മത്സരങ്ങളുടെ പരന്പരയ്ക്കായി ന്യൂസിലൻഡിലെത്തും. ഇംഗ്ലണ്ട് മൂന്നു മത്സരങ്ങളുടെ പരന്പരയ്ക്ക് ഒക്ടോബറിൽ പാക്കിസ്ഥാൻ സന്ദർശനം നടത്തും. ഇതിനുശേഷം നവംബർ മുതൽ ഡിസംബർ വരെ ന്യൂസിലൻഡ് പര്യടനവുമുണ്ട്. ബംഗ്ലാദേശിന് ഇന്ത്യക്കെതിരേയുള്ള മത്സരത്തിനുശേഷം ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ് ടീമുകൾക്കെതിരേ രണ്ടു ടെസ്റ്റുകളുടെ പരന്പരയുണ്ട്. ദക്ഷിണാഫ്രിക്കയ്ക്കുള്ളത് ബംഗ്ലാദേശ്, ശ്രീലങ്ക ടീമുകൾക്കെതിരേയുള്ള മത്സരങ്ങളാണ്. പാക്കിസ്ഥാന് ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ് ടീമുകൾക്കെതിരേയുള്ള മത്സരങ്ങളാണ്. അവസാന സ്ഥാനക്കാരായ വെസ്റ്റ് ഇൻഡീസിന് ബംഗ്ലാദേശ്, പാക്കിസ്ഥാൻ ടീമുകൾക്കെതിരേയുള്ള മത്സരങ്ങളുണ്ട്.
Source link