‘ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളേജിൽ സൂക്ഷിക്കണം, തൽക്കാലം പഠനാവശ്യത്തിന് ഉപയോഗിക്കരുത് ‘; മകളുടെ ഹർജി പരിഗണിച്ച് ഹൈക്കോടതി
കൊച്ചി: അന്തരിച്ച സിപിഎം നേതാവ് എംഎം ലോറൻസിന്റെ മൃതദേഹം കളമശേരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിക്കണമെന്ന് ഹൈക്കോടതി. മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറാനുള്ള തീരുമാനത്തിനെതിരെ മകൾ ആശ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. വിഷയത്തിൽ അനാട്ടമി ആക്‌ട് പ്രകാരം തീരുമാനമെടുക്കട്ടെ. അതുവരെ മൃതദേഹം മെഡിക്കൽ കോളേജിൽ സൂക്ഷിക്കണമെന്നും തീർപ്പാകാതെ പഠനാവശ്യത്തിനായി ഉപയോഗിക്കരുതെന്നും കോടതി ഉത്തരവിട്ടു.
മൃതദേഹം മെഡിക്കൽ കേളേജിന് നൽകണമെന്ന് രേഖാമൂലം ലോറൻസ് എഴുതി നൽകിയിട്ടില്ല. ആത്മകഥയിൽ പോലും ഇത് പരാമർശിച്ചിട്ടില്ലെന്നും ഹർജിക്കാരി കോടതിയെ അറിയിച്ചു. എന്നാൽ, മൃതദേഹം പഠനാവശ്യത്തിനായി നൽകണമെന്ന് ലോറൻസ് വാക്കാൽ പറഞ്ഞിട്ടുണ്ടെന്നാണ് മറ്റുമക്കൾ കോടതിയെ അറിയിച്ചത്.
ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറരുതെന്നും അങ്ങനെ ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞിരുന്നില്ലെന്നുമാണ് ഹർജിയിലുള്ളത്. ലോറൻസിന്റെ മൃതദേഹം ഇന്ന് വൈകുന്നേരം നാലു മണിയോടെ കളമശേരി മെഡിക്കൽ കോളേജിന് കൈമാറാനിരിക്കെയാണ് ആശ ഹൈക്കോടതിയെ സമീപിച്ചത്.
കൊച്ചിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്ന് രാവിലെ ഏഴര മുതൽ വീട്ടിൽ പൊതുദർശനത്തിന് വച്ചിരിക്കുകയാണ്. ശേഷം, സിപിഎം ജില്ലാ കമ്മിറ്റി ഓഫീസായ ലെനിൻ സെന്ററിൽ എത്തിക്കും. വൈകുന്നേരം നാല് മണിവരെ എറണാകുളം ടൗൺ ഹാളിലും പൊതുദർശനം ഉണ്ടാകും. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള മുതിർന്ന സിപിഎം നേതാക്കൾ എംഎം ലോറൻസിന് അന്ത്യാഞ്ജലി അർപ്പിച്ചു.
Source link