KERALAM

പ്രധാനമന്ത്രിയാകാമെങ്കിൽ പിന്തുണയ്‌ക്കാം, പ്രതിപക്ഷത്തിലെ ഒരു നേതാവ് വാഗ്‌ദാനം ചെയ്‌തിരുന്നതായി ഗഡ്‌കരി

നാഗ്‌പൂ‌‌‌ർ: താൻ പ്രധാനമന്ത്രിയാകുകയാണെങ്കിൽ പിന്തുണ നൽകാമെന്ന് പ്രതിപക്ഷത്തിലെ ഒരു നേതാവ് വാഗ്‌ദാനവുമായെത്തിയിരുന്നെന്ന് വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗ‌ഡ്‌കരി. എന്നാൽ താൻ ആ വാഗ്‌ദാനം നിരസിച്ചതായും ആ അഭിലാഷത്തിന് പിന്നാലെ പോകാൻ തനിക്കൊരു ആഗ്രഹവുമില്ലെന്നുും അദ്ദേഹം വ്യക്തമാക്കി. ‘ഞാൻ ഒരു സംഭവം ഓർക്കുന്നു. ആരുടെയും പേര് ഞാൻ പറയുന്നില്ല. ആ വ്യക്തി എന്നോട് പറഞ്ഞു നിങ്ങൾ പ്രധാനമന്ത്രിയാകാൻ പോകുന്നെങ്കിൽ ഞങ്ങൾ പിന്തുണയ്‌ക്കും.’ എന്നാൽ ‘നിങ്ങൾ എന്തിന് എന്നെ പിന്തുണയ്ക്കണം? ഞാൻ എന്തിന് നിങ്ങളുടെ പിന്തുണ സ്വീകരിക്കണം’ എന്ന് താൻ തിരികെ ചോദിച്ചതായും അദ്ദേഹം പറഞ്ഞു.

‘പ്രധാനമന്ത്രിയാകുക എന്നത് എന്റെ ലക്ഷ്യമല്ല. ഞാൻ എന്റെ ആശയത്തോടും എന്റെ സംഘടനയോടും വിശ്വാസ്യത പുലർത്തുന്നവനാണ്. ഒരു പദവിക്കും വേണ്ടി ഞാനെന്റെ ആശയങ്ങളെ വിട്ടുവീഴ്‌ച ചെയ്യാൻ പോകുന്നില്ല. കാരണം ആ ആശയമാണ് പ്രധാനം.’ ഗഡ്‌കരി പറഞ്ഞു. നാഗ്‌പൂരിലെ മാദ്ധ്യമ പുരസ്‌‌കാര ചടങ്ങിലാണ് അദ്ദേഹത്തിന്റെ ഈ വെളിപ്പെടുത്തൽ.

നിലവിൽ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിയാണ് നിതിൻ ഗഡ്‌കരി. ഒന്നും രണ്ടും മോദി സർക്കാരുകളിലും ഈ പ്രധാന പദവികൾ ഗഡ്‌കരി വഹിച്ചിരുന്നു. ഗഡ്‌കരി ഇന്ത്യ മുന്നണിയിലെത്തിയാൽ പ്രധാനമന്ത്രിയാക്കാം എന്ന് ശിവസേന( ഉദ്ദവ് താക്കറെ വിഭാഗം) നേതാവ് വിനായക് റാവത്ത് മുൻപ് വാഗ്‌ദാനം ചെയ്‌തിരുന്നു. നിലവിൽ ഗഡ്‌കരി വെളിപ്പെടുത്തിയത് ഏത് നേതാവിനെക്കുറിച്ചാണെന്നോ ഏത് കാലത്താണെന്നോ അറിവായിട്ടില്ല.


Source link

Related Articles

Back to top button