മകളുടെ ആണ്‍സുഹൃത്തിനെ പിതാവ് കുത്തിക്കൊന്നു, സംഭവം കൊല്ലത്ത്
കൊല്ലപ്പെട്ട അരുണ്‍ കുമാര്‍
കൊല്ലം: മകളുടെ ആണ്‍സുഹൃത്തിനെ പിതാവ് കുത്തി കൊലപ്പെടുത്തി. കൊലയ്ക്ക് ശേഷം പ്രതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഇരവിപുരം സ്വദേശി അരുണ്‍ കുമാര്‍ (19) ആണ് മരിച്ചത്. വഞ്ചിക്കോവില്‍ സ്വദേശി പ്രസാദ് ആണ് ശക്തികുളങ്ങര പൊലീസില്‍ കീഴടങ്ങിയത്. വൈകുന്നേരം ആറര മണിയോടെയാണ് കൃത്യം നടന്നത്. മകളെ ശല്യം ചെയ്യുന്നവെന്നാരോപിച്ച് പ്രസാദും അരുണും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഫോണിലൂടെയാണ് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായത്.
തുടര്‍ന്ന് ഇത് ചോദ്യം ചെയ്യാന്‍ തന്റെ സുഹൃത്തുക്കളേയും കൂട്ടി അരുണ്‍ കുമാര്‍ ഇരട്ടക്കടവ് എന്ന സ്ഥലത്തെത്തി. ഇവിടെ വച്ച് വീണ്ടും വാക്കേറ്റമുണ്ടാകുകയായിരുന്നു. ഇതിന് പിന്നാലെ അരുണ്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി സംസാരിച്ച് നില്‍ക്കുന്നതിനിടെ പ്രസാദും എത്തുകയായിരുന്നു. അരുണിനെ മകള്‍ക്കൊപ്പം കണ്ട പ്രസാദ് വീട്ടിലുപയോഗിക്കുന്ന കത്തി കൊണ്ട് ആക്രമിക്കുകയും നെഞ്ചില്‍ കുത്തുകയും ചെയ്തു. അരുണിന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
അരുണ്‍ കുമാറും മകളും തമ്മിലുള്ള സൗഹൃദം താന്‍ എതിര്‍ത്തിരുന്നുവെന്ന് പ്രസാദ് മൊഴി നല്‍കി. സൗഹൃദം അവസാനിപ്പിക്കാന്‍ അരുണ്‍കുമാര്‍ തയ്യാറായില്ല. വെള്ളിയാഴ്ച വൈകീട്ടും സൗഹൃദത്തില്‍നിന്ന് പിന്മാറണമെന്ന് താന്‍ ആവശ്യപ്പെട്ടു. ഇത് സംഘര്‍ഷത്തിലേക്ക് പോവുകയും അരുണ്‍കുമാര്‍ തന്നെ ആക്രമിക്കുകയും ചെയ്തെന്നും പ്രസാദ് പോലീസിനോട് പറഞ്ഞു.
വിദേശത്ത് ജോലിചെയ്തുവരുന്ന അരുണ്‍ കുമാര്‍ ഒരുമാസം മുമ്പാണ് നാട്ടിലെത്തിയത്. അരുണ്‍ കുമാറിന്റെ മാതാവ് വിദേശത്താണ്. മൃതദേഹം കൊല്ലം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റമോര്‍ട്ടത്തിന് ശേഷം മൃതദേഹം ശനിയാഴ്ച ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Source link