KERALAMLATEST NEWS

അർജുനായുള്ള തെരച്ചിൽ എങ്ങനെ നടത്താം? തീരുമാനം ഇന്നുണ്ടായേക്കും

ഷിരൂർ: കർണാടകയിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തെരച്ചിൽ എങ്ങനെ നടത്താമെന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടായേക്കും. കർവാർ കളക്ടറേറ്റിൽ ഉത്തര കന്നഡ ജില്ലാ കളക്ടർ വി ലക്ഷ്മിപ്രിയയുടെ നേതൃത്വത്തിൽ നടക്കുന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടാകുക.

യോഗത്തിൽ കാലാവസ്ഥയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിലയിരുത്തും. ഗോവയിൽ നിന്ന് ഡ്രെഡ്ജർ എത്തിക്കുന്നതുസംബന്ധിച്ച് തീരുമാനമെടുത്തിരുന്നു. എന്നാൽ ഗംഗാവലിപ്പുഴയിലെ ഒഴുക്കിന്റെ അടിസ്ഥാനത്തിൽ മാത്രമേ ഇക്കാര്യത്തിൽ അന്തിമതീരുമാനം എടുക്കുകയുള്ളൂവെന്നാണ് അധികൃതർ പറയുന്നത്.
ബുധനാഴ്ച വരെ ഉത്തര കന്നട ജില്ലയിലും കർണാടകയുടെ തീരദേശങ്ങളിലും യെല്ലോ അലർട്ടാണ്. ഗംഗാവലിപ്പുഴയുടെ വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴ പെയ്താൽ ഡ്രഡ്ജർ കൊണ്ട് വരുന്നതിനും അത് പ്രവർത്തിക്കുന്നതിനും തടസം സൃഷ്ടിക്കും.

കർണാടകയിൽ നിന്ന് തടി കൊണ്ടുവരാനായി മുക്കം സ്വദേശി മനാഫിന്റെ ലോറിയുമായി ജൂലായ് എട്ടിനാണ് അർജുൻ പോയത്.16നാണ് അവസാനമായി വീട്ടിലേക്ക് വിളിച്ചത്. അർജുൻ ഓടിച്ചിരുന്ന ലോറിയിൽ തടികൾ കെട്ടാൻ ഉപയോഗിച്ചിരുന്ന കയർ നേരത്തെ കണ്ടെത്തിയിരുന്നു.

കൂടാതെ നേവി നടത്തിയ തെരച്ചിലിൽ ലോറിയുടെ ക്യാബിന് സമാനമായ ഭാഗം കണ്ടെത്തിയിരുന്നു. എന്നാൽ ഇത് അർജുൻ ഓടിച്ചിരുന്ന ലോറിയുടേത് ആകാൻ തീരെ സാദ്ധ്യതയില്ലെന്നും കണ്ടെത്തിയ ഭാഗങ്ങളെല്ലാം പഴക്കമുള്ളവയാണെന്നുമായിരുന്നു മനാഫ് പറഞ്ഞത്.

അർജുന്റെ ഭാര്യ കൃഷ്ണ പ്രിയയ്‌ക്ക് അടുത്തിടെ ജോലി ലഭിച്ചിരുന്നു.വേങ്ങേരി സർവീസ് സഹകരണ ബാങ്കിൽ ജൂനിയർ ക്ലാർക്കായാണ് പ്രവേശനം. കഴിഞ്ഞ ദിവസമാണ് സഹകരണ വകുപ്പ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.


Source link

Related Articles

Back to top button