28 സംസ്ഥാനങ്ങളെ മറികടന്ന് ഇത്തവണ കേരളം നമ്പർ വൺ
തിരുവനന്തപുരം: കേന്ദ്ര ജലശക്തി മന്ത്രാലയത്തിന്റെ കീഴിൽ ന്യൂഡൽഹിയിൽ നടന്ന ഇന്ത്യ വാട്ടർ വീക്ക് 2024ൽ കേരളത്തിന് പ്രദർശന സ്റ്റാളുകളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം. ജലവികസനവും പരിപാലനവും പ്രമേയമാക്കി 17 മുതൽ 20 വരെ നടന്ന വാട്ടർ വീക്ക് 2024ൽ, 28 സംസ്ഥാനങ്ങൾ ഒരുക്കിയ സ്റ്റാളുകളിൽ നിന്നാണ് സംസ്ഥാന ജലവിഭവ വകുപ്പ് ഒരുക്കിയ സ്റ്റാൾ അംഗീകാരം നേടിയത്.
കേരള വാട്ടർ അതോറിറ്റി ഒരുക്കിയ ഓട്ടമേറ്റഡ് പമ്പിംഗ് സംവിധാനത്തിന്റെ പ്രവർത്തനമാതൃക, മെയിന്റനൻസ് സോഫ്ട്‌വെയർ സംവിധാനമായ അക്വാലൂമുമായി ബന്ധപ്പെട്ട ആനിമേറ്റഡ് വിഡിയോകൾ, ജലശുദ്ധീകരണശാലകളിലെ സ്‌കാഡ ഓട്ടമേഷൻ, മാൻഹോൾ വൃത്തിയാക്കുന്ന റോബോട്ടായ ബൻഡിക്കൂട്ടിന്റെ പ്രവർത്തനം, പോസ്റ്ററുകൾ എന്നിവ കൂടാതെ ജലസേചന വകുപ്പ്, ഭൂജല വകുപ്പ്, കിഡ്ക് വകുപ്പുകളുടെ നിശ്ചല മാതൃകകളും പ്രദർശിപ്പിച്ചു. വാട്ടർ അതോറിറ്റി ചീഫ് എൻജിനീയർ ശ്രീ ടി.വി. നാരായണൻ നമ്പൂതിരി ‘ഊർജ്ജക്ഷമതയും ആട്ടോമേഷനും കേരളത്തിലെ ജലവിതരണത്തിൽ വരുത്തുന്ന മാറ്റങ്ങൾ’ എന്ന പ്രബന്ധവും അവതരിപ്പിച്ചു. വാട്ടർ അതോറിറ്റി ചെയർമാൻ ബിശ്വനാഥ് സിൻഹ ഐഎഎസ്, ജോയിന്റ് മാനേജിംഗ് ഡയറക്ടർ ഡോ. ബിനു ഫ്രാൻസിസ് ഐഎഎസ് എന്നിവർ സ്റ്റാൾ ഒരുക്കുന്നതിന് നേതൃത്വം നൽകി.
Source link