KERALAMLATEST NEWS

അജ്‌മലിനെ മർദ്ദിച്ചവർക്കെതിരെ കേസെടുക്കും; അപകടത്തിന്റെ നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്

മൈനാഗപ്പള്ളി: സ്കൂട്ടർ യാത്രക്കാരിയെ വാഹനം കയറ്റിയിറക്കി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ അജ്‌മലിനെ മർദ്ദിച്ചവർക്കെതിരെ കേസെടുക്കാൻ പൊലീസ്. സുഹൃത്തിനും കണ്ടാലറിയാവുന്ന ചിലർക്കുമെതിരെയാണ് കേസെടുക്കുന്നത്. അപകടത്തിന് പിന്നാലെ ഇടക്കുളങ്ങരയിലെ സുഹൃത്തിന്റെ വീട്ടിലെത്തിയപ്പോൾ അജ്‌മലിന് മർദ്ദനമേറ്റുവെന്നാണ് പൊലീസ് പറയുന്നത്. അജ്‌മലിന്റെ വൈദ്യ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. മർദ്ദനമേറ്റതായി അജ്‌മലും മൊഴി നൽകിയിരുന്നു. സംഭവത്തിൽ കരുനാഗപ്പള്ളി പൊലീസാണ് അന്വേഷണം നടത്തുന്നത്.

അപകടത്തിന്റെ നിർണായകമായ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അപകടത്തിനുശേഷം പ്രതികൾ കാറിൽ അമിതവേഗത്തിൽ പോകുന്നതിന്റെയും നാട്ടുകാർ പിന്തുടരുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നത്. നിർത്താതെ പോയ കാർ നാട്ടുകാർ ബൈക്കിൽ പിന്തുടർന്നെത്തി തടഞ്ഞുനിർത്തുകയായിരുന്നു.

കാർ നിയന്ത്രണംവിട്ട് റോഡ് സൈഡിൽ നിന്നപ്പോഴായിരുന്നു ബൈക്കിലെത്തിയ യുവാക്കൾ കാർ തടഞ്ഞത്. കാറിന്റെ ഡോർ തുറന്ന് അജ്‌മലിനെ പുറത്തിറക്കുന്നതും നാട്ടുകാർ യുവാവിനെ ചോദ്യം ചെയ്യുന്നതും ദൃശ്യങ്ങളിൽ കാണാം. നാട്ടുകാരോട് ചൂടായ അജ്‌മൽ അവരെ തട്ടിമാറ്റി കടയുടെ വശത്തിലൂടെ പോകുന്നതും കേസിലെ മറ്റൊരു പ്രതിയായ ശ്രീക്കുട്ടി പിന്നാലെ പോകുന്നതും ദൃശ്യങ്ങളിലുണ്ട്. അജ്മലിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. ഇതിനുശേഷം ആവശ്യമായ തുടർ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

അജ്‌മലിനെ പരിചയപ്പെടുന്നത് രണ്ടുമാസം മുൻപാണെന്നാണ് ഡോ.ശ്രീക്കുട്ടി പൊലീസിന് മൊഴി നൽകിയത്. രണ്ടുമാസത്തിനിടെ അജ്‌മൽ ശ്രീക്കുട്ടിയിൽ നിന്ന് എട്ടുലക്ഷം രൂപ കൈപ്പറ്റിയിരുന്നു. പണവും സ്വർണവുമടക്കം എട്ടുലക്ഷം രൂപ അജ്‌മൽ വാങ്ങിയെന്നാണ് ശ്രീക്കുട്ടി പൊലീസിനോട് പറഞ്ഞത്. കൂടുതൽ പണമിടപാടുകൾ നടന്നിട്ടുണ്ടോയെന്നറിയാൻ അജ്മലിന്റെയും ശ്രീക്കുട്ടിയുടെയും ബാങ്ക് രേഖകൾ പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.


Source link

Related Articles

Back to top button