നിർദ്ധന കുടുംബത്തിന് കൈത്താങ്ങായി സുരേഷ് ഗോപി
ചേർത്തല: മൂന്നു പേരെ കാൻസർ കീഴടക്കുകയും വീട് ജപ്തി ഭീഷണിനേരിടുകയും ചെയ്യുന്ന നിർദ്ധന കുടുംബത്തിന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കൈത്താങ്ങ്. കേരളബാങ്കിന്റെ പൂച്ചാക്കൽ ശാഖയിലെ വായ്പ കുടിശികയായ 1,75,000 രൂപ തിരിച്ചടച്ച് വീടിന്റെ ആധാരം സുരേഷ് ഗോപി കുടുംബത്തിന് കൈമാറി.
ചേർത്തല പെരുമ്പളം ഗ്രാമപഞ്ചായത്ത് 7ാം വാർഡിൽ പുതുവൽ നികർത്തിൽ മത്സ്യത്തൊഴിലാളി പി.കെ.രാജപ്പന്റെ കുടുംബത്തിനാണ് മന്ത്രിയുടെ സഹായമെത്തിയത്. പെരുമ്പളത്തെ ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റിയുടെ ഇടപെടലിൽ സംസ്ഥാന സമിതി അംഗം പി.ശിവശങ്കരനിൽ നിന്നാണ് കുടുംബത്തിന്റെ ദയനീയാവസ്ഥ സുരേഷ് ഗോപി അറിഞ്ഞത്. അപ്പോൾ തന്നെ അദ്ദേഹത്തിന്റെ ഇടപെടലുണ്ടായി. കുടിശികയായ 2,96,000 രൂപയിൽ നിന്ന് പിഴപ്പലിശ ഉൾപ്പെടെ ഒഴിവാക്കി നിജപ്പെടുത്തിയ 1,75,000രൂപ അടച്ച് ആധാരം കൈപ്പറ്റുകയായിരുന്നു
ചികിത്സയ്ക്കും വേണം സഹായം
രാജപ്പന്റെ ഭാര്യ മിനി കാൻസർ ചികിത്സയിലാണ്. മകൾ രശ്മിമോൾ കാൻസർ ബാധിച്ച് 2017ൽ മരണത്തിന് കീഴടങ്ങിയിരുന്നു. കൊച്ചുമകൾ 8 വയസുകാരി ആരഭിയും മജ്ജയിൽ കാൻസർ ബാധിച്ച് അമൃത ആശുപത്രിയിൽ ചികിത്സയിലാണ്. ആരഭിക്ക് മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി 65 ലക്ഷം രൂപ ചെലവുവരുമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. ചികിത്സയ്ക്കും ദൈനദിന ചെലവിനും പണം കണ്ടെത്താൻ പ്രയാസം നേരിടുന്ന കുടുംബത്തിന് സുമനസുകളുടെ സഹായവും ആവശ്യമുണ്ട്. 6ാം ക്ലാസ് വിദ്യാർത്ഥിനി ആരാധ്യയാണ് സഹോദരി. പിതാവ് ഷിനോജ് ബാബു.
സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ പെരുമ്പളം ശാഖയിൽ പി.കെ.രാജപ്പന്റെ പേരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പർ: 39439158926. ഐ.എഫ്.എസ്.സി കോഡ്: SBIN0070435.
തിരുവോണനാളിലെങ്കിലും അവർക്ക് സമാധാനമായി കിടന്നുറങ്ങണം. അതിനുള്ള സൗകര്യം ഒരുക്കാൻ പറ്റി.ചികിത്സയുടെ കാര്യത്തിന് ഡോക്ടർമാരുമായി ബന്ധപ്പെട്ടിരുന്നു.മജ്ജ ദാനം ചെയ്യാൻ ആളെ കണ്ടെത്തുന്നതാണ് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം. മജ്ജ ദാനം ചെയ്യുന്നവർക്ക് പണം നൽകേണ്ടി വരുന്ന സാഹചര്യമുണ്ട്.
– സുരേഷ് ഗോപി എം.പി
Source link