ലാൽസലാം, പ്രിയ കോമ്രേഡ്
ന്യൂഡൽഹി: അന്തരിച്ച സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് വിദ്യാർത്ഥി നേതാവിൽ നിന്ന് ഇടതു പ്രസ്ഥാനത്തിന്റെ അമരക്കാരനായി വളർത്തിയ ഡൽഹിയുടെ യാത്രാമൊഴി. ഭൗതിക ശരീരം ഇന്നു രാവിലെ 11ന് പാർട്ടി ആസ്ഥാനമായ എ.കെ.ജി ഭവനിൽ പൊതുദർശനത്തിന് വയ്ക്കും. വൈകുന്നേരം വിലാപ യാത്രയായി എയിംസിലേക്ക് കൊണ്ടുപോകും.
ഇന്നലെ വൈകിട്ട് എയിംസ് അനാട്ടമി ലാബിൽ നിന്ന് എംബാംചെയ്‌ത ഭൗതിക ശരീരം പുറത്തെടുത്തപ്പോൾ കാലം തെറ്റിയ മഴ തിമിർത്ത് പെയ്യുകയായിരുന്നു. വൈകിട്ട് അഞ്ചരയോടെ ആദ്യം കൊണ്ടുപോയത് യെച്ചൂരിയെന്ന നേതാവിനെ പാകപ്പെടുത്തിയ ജെ.എൻ.യു കാമ്പസിലേക്ക്. വാഹനങ്ങളുടെ അകമ്പടിയോടെ കാമ്പസിലേക്ക് ആംബുലൻസ് പ്രവേശിച്ചപ്പോൾ ‘ലാൽസലാം കോമ്രേഡ്’ വിളികളുയർന്നു. യെച്ചൂരി ദീർഘകാലം പ്രവർത്തിച്ച സ്റ്റുഡന്റ്സ് യൂണിയൻ ഓഫീസിലായിരുന്നു പൊതുദർശനം. കനത്ത മഴ വകവയ്ക്കാതെ എത്തിയ അദ്ധ്യാപകരും വിദ്യാർത്ഥികളും നേതാക്കളും പഴയ സഹപാഠികളും അടക്കം നൂറുകണക്കിന് ആളുകളുടെ ‘റെഡ് സല്യൂട്ട് ടു കോമ്രേഡ്’, ‘വി സല്യൂട്ട്’, ‘ലാൽസലാം’ വിളികൾ കാമ്പസിൽ മുഴങ്ങി.
15 മിനിട്ട് പൊതുദർശത്തിന് ശേഷം കാമ്പസിൽ നിന്ന് നാലു കിലോമീറ്റർ അകലെ വസന്ത്കുഞ്ജ് പോക്കറ്റ് ബി 544സെക്ടർ എയിലെ വസതിയിലേക്ക് കൊണ്ടുവന്നപ്പോഴും കനത്ത മഴയായിരുന്നു. കുടുംബാംഗങ്ങൾക്ക് അന്ത്യാഞ്ജലി അർപ്പിക്കാനാണ് വസതിയിൽ എത്തിച്ചതെങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ, വൃന്ദ കാരാട്ട്, എം.എ.ബേബി, എ.വിജയരാഘവൻ, ഡോ.വി. ശിവദാസൻ, മറിയം ധവാലെ തുടങ്ങിയ നേതാക്കളുമെത്തി.
ഇന്ന് രാവിലെ 11ന് 18 കിലോമീറ്റർ അകലെ ഗോൾമാർക്കറ്റിലെ എ.കെ.ജി ഭവനിലേക്ക് കൊണ്ടുപോകും. വൈകിട്ട് മൂന്ന് വരെ പൊതുദർശനം. തുടർന്ന് വിലാപ യാത്രയായി തിരികെ എയിംസിലേക്ക് കൊണ്ടുപോകും. യെച്ചൂരിയുടെ അഭിലാഷ പ്രകാരം ഭൗതിക ശരീരം പഠന, ഗവേഷണങ്ങൾക്കായി എയിംസ് അനാട്ടമി വകുപ്പിന് കൈമാറിയതാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദി ആദരാഞ്ജലി അർപ്പിച്ചേക്കും. സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി തുടങ്ങി ‘ഇന്ത്യ’ മുന്നണി നേതാക്കളുമെത്തും. കേരളത്തിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം 17 മന്ത്രിമാരും പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദനും മറ്റ് നേതാക്കളും എത്തിയിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളിലെയും പാർട്ടി സെക്രട്ടറിമാരും എം.പിമാരും പങ്കെടുക്കും.
യെച്ചൂരിക്ക് ആദരാഞ്ജലി അർപ്പിക്കാൻ പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, എം.എ.ബേബി തുടങ്ങിയ പൊളിറ്റ് ബ്യൂറോ അംഗങ്ങളും മറ്റ് പാർട്ടി, സംഘടനാ സഖാക്കളും എയിംസിൽ എത്തിയിരുന്നു. രാവിലെ എ.കെ.ജി ഭവനിലെ പാർട്ടി ആസ്ഥാനത്തും നേതാക്കളും പ്രവർത്തകരും യെച്ചൂരിയുടെ ഫോട്ടോയ്‌ക്ക് മുന്നിൽ ആദരാഞ്ജലി അർപ്പിച്ചു.
Source link