ഇസ്രേലി സൈനികർ സിറിയയിൽ റെയ്ഡ് നടത്തി
ടെൽ അവീവ്: ഇസ്രേലി സൈനികർ സിറിയയിൽ റെയ്ഡ് നടത്തി. ലബനനിലെ ഹിസ്ബുള്ള ഭീകരരുടെ സിറിയയിലെ മിസൈൽ നിർമാണ കേന്ദ്രമായിരുന്നു ലക്ഷ്യം. ഈ ആഴ്ചയുടെ ആദ്യ ദിവസങ്ങളിലുണ്ടായ സംഭവത്തിന്റെ കൃത്യമായ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. റെയ്ഡിൽ 18 പേർ കൊല്ലപ്പെട്ടതായി സിറിയൻ സർക്കാർ സ്ഥിരീകരിച്ചു. ഇസ്രേലി സേന സിറിയയിൽ കൂടെക്കൂടെ വ്യോമാക്രമണം നടത്താറുണ്ടെങ്കിലും നേരിട്ടു സൈനികർ ഇറങ്ങുന്നത് അപൂർവ സംഭവമാണ്. ലബനീസ് അതിർത്തിയിൽനിന്ന് 40 കിലോമീറ്റർ അകലെ സിറിയൻ നഗരമായ മേസിയാഫിൽ ഞായർ- തിങ്കൾ ദിവസങ്ങളിലായിരുന്നു റെയ്ഡെന്ന് സൂചനയുണ്ട്. ഇസ്രേലി വ്യോമസേനയിലെ ഷാൽദാഗ് കമാൻഡോ സംഘമാണു നേതൃത്വം നല്കിയത്.
ഭൂമിക്കടിയിൽ പ്രവർത്തിച്ചിരുന്ന മിസൈൽ ഉത്പാദന കേന്ദ്രമായിരുന്നു ലക്ഷ്യം. ഹിസ്ബുള്ളയ്ക്കായി ഇറാൻ നിർമിച്ചുനല്കിയതാണ് ഈ കേന്ദ്രം. ഹെലികോപ്റ്ററുകളിൽ സ്ഥലത്തിറങ്ങിയ ഇസ്രേലി സൈനികർ സ്ഫോടനത്തിലൂടെ കേന്ദ്രം തകർത്തു. മേഖലയിലെ സിറിയൻ സൈനികരെ ചെറുക്കാനായി ഇസ്രേലി സേന വ്യോമാക്രമണം നടത്തി. റെയ്ഡ് വിവരം ഇസ്രേലി സേന അമേരിക്കയെ അറിയിച്ചിരുന്നുവെന്നും അമേരിക്ക എതിർപ്പ് അറിയിച്ചില്ലെന്നാണു റിപ്പോർട്ട്. ഈ വർഷം ഇസ്രേലി സേന സിറിയയിൽ 60 തവണ വ്യോമ, പീരങ്കി ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. സിറിയിൻ സേനയിലെ 46 അംഗങ്ങൾ, 43 ഹിസ്ബുള്ള ഭീകരർ, 24 ഇറേനിയൻ സൈനികർ, 22 സിവിലിയന്മാർ എന്നിവരടക്കം 208 പേർ കൊല്ലപ്പെട്ടു.
Source link