KERALAMLATEST NEWS

എ.ഡി.ജി.പി അജിത്‌കുമാർ സേഫ്,​ മുഖ്യനു മുന്നിൽ മുട്ടിടിച്ച് മുന്നണി

#അന്വേഷണ റിപ്പോർട്ട് വന്നശേഷം

നടപടിയെന്ന് കൺവീനർ

തിരുവനന്തപുരം: ആർ.എസ്.എസിന്റെ ഉന്നത നേതാക്കളുമായി രഹസ്യ കൂടിക്കാഴ്ചകൾ നടത്തിയ എ.ഡി.ജി.പി എം.ആർ.അജിത്കുമാറിനെതിരെ ഉടൻ നടപടി സാദ്ധ്യമല്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറച്ച നിലപാടിന് ഇടതുമുന്നണി കീഴടങ്ങി. രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തിട്ടും അജിത്കുമാറിനെ കൈവിടാൻ മുഖ്യമന്ത്രി തയ്യാറായില്ല.

അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കണമെന്ന് ഇന്നലെ ചേർന്ന എൽ.ഡി.എഫ് നേതൃയോഗത്തിൽ സി.പി.ഐയും ആർ.ജെ.ഡിയും ആവശ്യപ്പെട്ടെങ്കിലും, എ.ഡി.ജി.പിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിൽ അതിന്റെ റിപ്പോർട്ട് വന്നശേഷം നടപടിയെപ്പറ്റി ചിന്തിച്ചാൽ മതിയെന്ന് മുഖ്യമന്ത്രി തറപ്പിച്ചു പറഞ്ഞു. ഡി.ജി.പിയുടെ അന്വേഷണത്തിൽ എല്ലാ ആരോപണങ്ങളും ഉൾപ്പെടുത്തും. അല്ലാതെയുള്ള നടപടി നിയമ,സാങ്കേതിക പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയതോടെ എല്ലാവരും അതിന് വഴങ്ങുകയായിരുന്നു.

ആർ.എസ്.എസ് നേതാക്കളെ കണ്ടതല്ല, എന്തിന് കണ്ടെന്നതാണ് എ.ഡി.ജി.പിയുമായി ബന്ധപ്പെട്ട വിഷയമെന്ന് പിന്നീട് എൽ.ഡി.എഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പി.വി.അൻവർ എം.എൽ.എ ഉന്നയിച്ച ആരോപണങ്ങളിലും തൃശൂർ പൂരവുമായി ബന്ധപ്പെട്ട പരാതിയിലും എ.ഡി.ജി.പിയുടെ പേരുണ്ട്. ഇതിൽ സമഗ്രമായ പരിശോധനയ്ക്കുള്ള നടപടികൾ ആഭ്യന്തര വകുപ്പ് ആരംഭിച്ചിട്ടുണ്ട്. റിപ്പോർട്ട് വരുമ്പോൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ കർശന ശിക്ഷ നൽകും.

സർക്കാർ ഉചിത നിലപാടെടുത്തുവെന്നാണ് മുന്നണിയുടെ ബോദ്ധ്യം. ആരോപണത്തിന്റെ പേരിൽ ശിക്ഷിക്കാനാവില്ല. ക്രമസമാധാന ചുമതലയിൽ നിന്നു എ.ഡി.ജി.പിയെ മാറ്റേണ്ടത് സർക്കാർ ആലോചിക്കണ്ട വിഷയമാണ്. സ്പീക്കറെന്നത് സ്വതന്ത്ര പദവിയാണ്. എന്ത് പറയണം, പറേയണ്ട എന്ന് തീരുമാനിക്കുന്നത് അദ്ദേഹമാണ്. ഫോൺ ചോർത്തൽ ആരു ചെയ്താലും തെറ്റാണ്.

‘അൻവറല്ല ഇടതുമുന്നണി’

അൻവർ എഴുതിക്കൊടുത്ത ആരോപണങ്ങളിലെ എല്ലാ പ്രശ്നങ്ങളും അന്വേഷിക്കും. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയെപ്പറ്റി അതിൽ പരാമർശമില്ല. എല്ലാ ദിവസവും ആരോപണമുന്നയിക്കുന്നത് നല്ല ലക്ഷണമല്ല. പി.വി.അൻവറല്ല ഇടതുമുന്നണി. അദ്ദേഹം അംഗം മാത്രമാണ്. നയരൂപീകരണം നടത്തുന്നത് അൻവറല്ലെന്നും ടി.പി.രാമകൃഷ്ണൻ പറഞ്ഞു.

”സി.പി.ഐ അവരുടെ നിലപാട് പറയുന്നതിൽ തെറ്റില്ല. ഇ.പി.ജയരാജനെ കൺവീനർ സ്ഥാനത്ത് നിന്നു മാറ്റിയത് ജാവദേക്കറെ കണ്ട വിഷയത്തിലല്ല. അത് പാർട്ടി തീരുമാനമാണ്

-ടി.പി.രാമകൃഷ്ണൻ

എൽ.ഡി.എഫ് കൺവീനർ


Source link

Related Articles

Back to top button