വാഹനാപകടം; വയനാട് ദുരന്തബാധിതരായ ശ്രുതിയും ജെൻസണും ഉൾപ്പെടെ ഒൻപത് പേർക്ക് പരിക്ക്
കൽപ്പറ്റ: ബസും വാനും കൂട്ടിയിടിച്ച് ഒൻപത് പേർക്ക് പരിക്ക്. വയനാട് കൽപ്പറ്റ വെള്ളാരംകുന്നിലാണ് സംഭവം. സ്വകാര്യ ബസ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ വയനാട് ദുരന്തത്തിൽ ഉൾപ്പെട്ട ശ്രുതിയും ജെൻസണും ഉണ്ട്. തലയ്ക്ക് പരിക്കേറ്റ ജെൻസണെ മൂപ്പൻസ് മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.
വയനാട് ഉരുൾപൊട്ടലിൽ ശ്രുതിയുടെ അച്ഛൻ ശിവണ്ണൻ, അമ്മ സബിത, അനുജത്തി ശ്രേയ എന്നിവരെ കാണാതായിരുന്നു. ശ്രേയയുടെ മൃതദേഹം മാത്രമാണ് ലഭിച്ചത്. ബന്ധുവീട്ടിലായിരുന്നതിനാലാണ് ശ്രുതി ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്. ശ്രുതിയുടെ വിവാഹം ഡിസംബറിൽ നടത്താൻ നിശ്ചയിച്ചിരുന്നു. കല്യാണാവശ്യത്തിനായി നാലര ലക്ഷം രൂപയും പതിനഞ്ച് പവനും സ്വരുക്കൂട്ടിയിരുന്നു. അതും ഉരുളെടുത്തു. പത്ത് വർഷമായി പ്രണയത്തിലാണ് ശ്രുതിയും ജെൻസണും. ഇതിനിടെ അപ്രതീക്ഷിതമായാണ് ശ്രുതിയുടെ മാതാപിതാക്കളുടെയും അനുജത്തിയുടെയും ജീവൻ ഉരുൾ കവർന്നെടുക്കുന്നത്.
മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ ഉണ്ടായ മൂന്ന് ഉരുൾപൊട്ടലിൽ ഒരു ഗ്രാമം പൂർണമായും ഒലിച്ചുപോകുകയായിരുന്നു. പാലം തകർന്നു. മുണ്ടക്കൈ പുഴ വഴിമാറി ഒഴുകി. പാറക്കെട്ടുകൾ, മരങ്ങൾ, വീടുകൾ,വാഹനങ്ങൾ എന്നിവയെല്ലാം കുത്തൊഴുക്കിൽപ്പെട്ടു. ചൂരൽ മലയിൽആയിരുന്നു ആദ്യ ഉരുൾപൊട്ടൽ. പുലർച്ചെ നാലു മണിയോടെ മുണ്ടക്കൈയിലും ഉരുൾപൊട്ടിയെത്തി. വെള്ളരിമല വില്ലേജ് പരിധിയിലെ ചൂരൽമല, അട്ടമല, മുണ്ടക്കൈ പ്രദേശങ്ങളിൽ 1200 ഓളം കുടുംബങ്ങളുണ്ടായിരുന്നത്. തേയിലതോട്ടങ്ങളുടെ പാടികളിൽ (ലയം) താമസിക്കുന്ന തൊഴിലാളി കുടുംബങ്ങളും പുഴയോരത്തെ ജനങ്ങളുമാണ് ദുരന്തത്തിന് ഇരയായത്.
Source link