2026 ഫിഫ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ അർജന്റീനയ്ക്കും ബ്രസീലിനും തോൽവി
ബോഗോത/അസുൻസിയോണ്‍: കാൽപ്പന്ത് ലോകത്തിലെ ഗ്ലാമർ ടീമുകളായ ബ്രസീലിനും അർജന്റീനയ്ക്കും തോൽവി. ഫിഫ 2026 ലോകകപ്പ് ഫുട്ബോൾ ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിലാണ് അർജന്റീനയും ബ്രസീലും തോൽവി വഴങ്ങിയത്. 2022 ലോകകപ്പ്, 2021, 2024 കോപ്പ അമേരിക്ക ചാന്പ്യന്മാരായ അർജന്റീനയെ ഹമേഷ് റോഡ്രിഗസിന്റെ കൊളംബിയയാണ് സ്വന്തം നാട്ടിൽവച്ചു വീഴ്ത്തിയത്. ഒന്നിനെതിരേ രണ്ടു ഗോളുകൾക്കായിരുന്നു കൊളംബിയയുടെ ജയം. പരിക്കിനെ തുടർന്നു സൂപ്പർ താരം ലയണൽ മെസി അർജന്റീനയ്ക്കൊപ്പം ഉണ്ടായിരുന്നില്ല. കൊളംബിയയുടെ ആദ്യ ഗോളിന് അസിസ്റ്റ് നടത്തുകയും പെനാൽറ്റിയിലൂടെ രണ്ടാം ഗോൾ സ്വന്തമാക്കുകയും ചെയ്ത ക്യാപ്റ്റൻ റോഡ്രിഗസാണ് കൊളംബിയയുടെ വിജയശിൽപ്പി. 25-ാം മിനിറ്റിൽ യെർസണ്‍ മോസ്ക്വെറയിലൂടെ കൊളംബിയയാണ് ലീഡ് നേടിയത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ നിക്കോളാസ് ഗോണ്‍സാലസിലൂടെ (48’) അർജന്റീന ഒപ്പമെത്തി. എന്നാൽ, 60-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് റോഡ്രിഗസ് കൊളംബിയയെ മുന്നിലെത്തിച്ചു. ലയണൽ മെസി കളത്തിലുള്ളപ്പോൾ എതിരാളികളെ ഭയപ്പെടുത്തുന്ന അത്രയ്ക്ക് ഫലപ്രദമാകാൻ അർജന്റൈൻ സ്ട്രൈക്കർമാരായ ലൗതാരൊ മാർട്ടിനെസിനും ജൂലിയൻ ആൽവരസിനും സാധിച്ചില്ല എന്നതും ശ്രദ്ധേയം. 2024 കോപ്പ അമേരിക്ക ഫൈനലിൽ കൊളംബിയയെ കീഴടക്കിയായിരുന്നു അർജന്റീന കപ്പു നിലനിർത്തിയത്. ഫൈനൽ തോൽവിക്കുള്ള മറുപടിയാണ് കൊളംബിയ സ്വന്തം നാട്ടിൽവച്ചു നൽകിയത്. 2019നുശേഷം അർജന്റീനയ്ക്കെതിരേ കൊളംബിയയ്ക്കു ജയിക്കാൻ കഴിഞ്ഞിരുന്നില്ല. വാൽഡെറാമയ്ക്കൊപ്പം റോഡ്രിഗസ് വെള്ളിത്തലമുടികൊണ്ട് ആരാധക ഹൃദയങ്ങളിൽ ഇടംനേടിയ കൊളംബിയൻ ഇതിഹാസം കാർലോസ് വാൽഡെറാമയ്ക്കൊപ്പവും ഹമേഷ് റോഡ്രിഗസെത്തി.
ലോകകപ്പ് ഫുട്ബോൾ ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിൽ ഏറ്റവും കൂടുതൽ അസിസ്റ്റ് (11) എന്ന വാൽഡെറാമയുടെ റിക്കാർഡിനൊപ്പമാണ് റോഡ്രിഗസെത്തിയത്. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഫൽക്കാവോ ഗാർസിയയുടെ 13 ഗോളിനൊപ്പവും മുപ്പത്തിമൂന്നുകാരനായ റോഡ്രിഗസ് എത്തി. ബ്രസീലിനു പാര എവേ പോരാട്ടത്തിൽ ബ്രസീലിനെ മറുപടിയില്ലാത്ത ഒരു ഗോളിനു പരാഗ്വെ കീഴടക്കി. 2026 ഫിഫ ലോകകപ്പ് പോരാട്ടങ്ങളിൽ അവസാനം കളിച്ച അഞ്ചു മത്സരങ്ങളിൽ ബ്രസീലിന്റെ നാലാം തോൽവിയാണ്. 20-ാം മിനിറ്റിൽ ഡിയേഗോ ഗോമസ് നേടിയ ഗോളിലാണ് പരാഗ്വെ ജയം സ്വന്തമാക്കിയത്. ആദ്യ പകുതിയിൽ ഒരു ഗോൾ ഷോട്ട് പോലും നടത്താൻ ബ്രസീലിനു സാധിച്ചില്ല എന്നതും ശ്രദ്ധേയം. മത്സരത്തിൽ ആകെ മൂന്നു ഷോട്ട് ഓണ്‍ ടാർഗറ്റ് മാത്രമാണ് ബ്രസീലിനുള്ളത്. അത് മൂന്നും വിനീഷ്യസ് ജൂണിയറിന്റെ വകയായിരുന്നു. 2008ലാണ് പരാഗ്വെ അവസാമായി ബ്രസീലിനെതിരേ ജയം നേടിയത്. നീണ്ട 16 വർഷത്തിനുശേഷം വീണ്ടും അവർ കാനറികളെ കശക്കി. മറ്റു മത്സരങ്ങളിൽ ബൊളീവിയ 2-1നു ചിലിയെയും ഇക്വഡോർ 1-0നു പെറുവിനെയും തോൽപ്പിച്ചു. വെനസ്വേലയും ഉറുഗ്വെയും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. യോഗ്യതാ റൗണ്ടിൽ തോൽവി അറിയാത്ത ഏക ടീമാണ് കൊളംബിയ. അതേസമയം, തുടർതോൽവി ബ്രസീലിന്റെ ലോകകപ്പ് യോഗ്യതാ മോഹങ്ങൾക്കു പാരയാകും. യോഗ്യതാ റൗണ്ടിൽ ആദ്യ ആറു സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾക്കാണ് നേരിട്ടു ലോകകപ്പ് ടിക്കറ്റ് ലഭിക്കുക. ഏഴാം സ്ഥാനക്കാർക്ക് പ്ലേ ഓഫിലൂടെ 2026 ഫിഫ ലോകകപ്പ് യോഗ്യത നേടാനുള്ള അവസരമുണ്ട്. നിലവിൽ എട്ടു മത്സരങ്ങളിൽനിന്ന് മൂന്നു ജയവും ഒരു സമനിലയും നാലു തോൽവിയുമായി 10 പോയിന്റോടെ ആറാം സ്ഥാത്താണ് ബ്രസീൽ. അർജന്റീന (18 പോയിന്റ്), കൊളംബിയ (16), ഉറുഗ്വെ (15), ഇക്വഡോർ (11) ടീമുകളാണ് യഥാക്രമം ആദ്യ അഞ്ചു സ്ഥാനങ്ങളിൽ.
Source link