CINEMA

ഓണം കൊഴുപ്പിക്കാൻ മലയാള സിനിമകൾ; ടൊവിനോയും ആസിഫും നേരത്തെ എത്തും


മലയാള സിനിമ വലിയ വിവാദങ്ങളിലൂടെ കടന്നുപോകുന്ന സാഹചര്യങ്ങളിലാണ് ഓണ റിലീസുകൾ തിയറ്ററുകളിലെത്തുന്നത്.  മലയാള സിനിമ പ്രേക്ഷകർക്കായി ഒരുപിടി നല്ല സിനിമകളാണ് ഓണാഘോഷം കൊഴുപ്പിക്കാൻ വെള്ളിത്തിരയിൽ നിറയുക. ടൊവിനോ തോമസിന്റെ അജയന്റെ രണ്ടാം മോഷണം, ആന്റണി വർഗീസിന്റെ കൊണ്ടൽ, ആസിഫ് അലിയുടെ കിഷ്കിന്ധാ കാണ്ഡം, പുതുമുഖങ്ങളുടെ ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് എന്നിവയാണ് റിലീസിനൊരുങ്ങുന്ന പ്രധാന സിനിമകൾ. വിജയ് ചിത്രം ‘ഗോട്ടി’ന് ആദ്യ ദിവസങ്ങളില്‍ കേരളത്തിലെ തിയറ്ററുകളിൽ നിന്നു കിട്ടിയ സ്വീകാര്യതയും പൊസിറ്റിവ് ആയാണ് നിർമാതാക്കൾ കാണുന്നത്. അഞ്ച് കോടിക്കു മുകളിലായിരുന്നു കേരളത്തിലെ ചിത്രത്തിന്റെ ആദ്യദിന കലക്‌ഷൻ.
അജയന്റെ രണ്ടാം മോഷണം

ടൊവിനോ തോമസിനെ നായകനാക്കി നവാഗതൻ ജിതിൻ ലാൽ സംവിധാനം ചെയ്ത ചിത്രം. ടൊവിനോ മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സെപ്റ്റംബർ 12-നാണ് റിലീസാവുന്നത്. മലയാളം, ഹിന്ദി, ഇംഗ്ലിഷ്, തമിഴ്, കന്നഡ, തെലുങ്ക് എന്നിങ്ങനെ ആറ് ഭാഷയിൽ പുറത്തിറങ്ങുന്ന ചിത്രത്തിൽ മൂന്ന് കാലഘട്ടങ്ങളിലെ കഥയാണ് പറയുന്നത്. മണിയൻ, കുഞ്ഞിക്കേളു, അജയൻ എന്നീ മൂന്ന് വേഷങ്ങളാണ് ടൊവിനോ അവതരിപ്പിക്കുന്നത്. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് നായികമാർ. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് പേരടി, ഹരീഷ് ഉത്തമൻ, രോഹിണി, പ്രമോദ് ഷെട്ടി എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു. മാജിക് ഫ്രെയിംസ്, യു.ജി.എം മോഷൻ പിക്ചേഴ്സ് എന്നീ ബാനറുകളിൽ ലിസ്റ്റിൻ സ്റ്റീഫൻ, ഡോ സക്കറിയ തോമസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സജിത് നമ്പ്യാർ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ സംഗീതം നൈനാൻ തോമസാണ്. ഛായാഗ്രഹണം ജോമോൻ ടി. ജോണും, എഡിറ്റിങ് ഷഹീർ മുഹമ്മദുമാണ് നിർവഹിച്ചിരിക്കുന്നത്.

കൊണ്ടൽ

ആന്റണി വർഗീസിനെ (ആന്റണി പെപ്പെ) നായകനാക്കി അജിത് മാമ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രം ‘കൊണ്ടൽ’ ആണ് ഓണത്തിന് റിലീസിനൊരുങ്ങുന്ന മറ്റൊരു ചിത്രം. വീക്കെൻഡ് ബ്ലോക്കബ്സ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമിക്കുന്ന ചിത്രത്തിൽ കന്നഡ താരം രാജ് ബി. ഷെട്ടിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കടൽ സംഘർഷത്തിന്റെ കഥ പറയുന്ന ചിത്രം സെപ്റ്റംബർ 13-ന് തിയറ്ററുകളിൽ എത്തും. ഷെബിൻ കല്ലറയ്‌ക്കൽ, നന്ദു, മണികണ്ഠൻ ആചാരി, പ്രമോദ് വലിയനാട്, ശരത് സഭ, അഭിരാം രാധാകൃഷ്ണൻ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു.

കിഷ്കിന്ധാ കാണ്ഡം

ദിൻജിത്ത് അയ്യത്താന്റെ സംവിധാനത്തിൽ ആസിഫ് അലി നായകനായെത്തുന്ന ചിത്രം ‘കിഷ്കിന്ധാ കാണ്ഡം’ സെപ്റ്റംബർ 12-ന് തിയറ്ററുകളിൽ എത്തും. ഗുഡ്‌വിൽ എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ജോബി ജോർജ് നിർമിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിർവഹിച്ചിരിക്കുന്നത് ബാഹുൽ രമേശാണ്. അപർണ ബാലമുരളിയാണ് നായിക. ജഗദീഷ്, വിജയ രാഘവൻ, അശോകൻ, മേജർ രവി, നിഷാൻ തുടങ്ങിയവരും ചിത്രത്തിൽ മറ്റ് വേഷങ്ങളിൽ അണിനിരക്കുന്നു.

ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്

സംവിധായകൻ ഷാജി കൈലാസിന്റെ ഇളയ മകൻ റുഷിൻ ഷാജി കൈലാസ് നായകനാക്കി ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ചിത്രം ‘ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്’ സെപ്റ്റംബർ 13-ന് തിയറ്ററുകളിൽ എത്തും. പ്രജീവം മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമിക്കുന്ന ചിത്രത്തിൽ അബു സലീമാണ് ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബാലഗോപാലൻ തിരക്കഥയും സംഭാഷണവും എഴുതിയ ചിത്രത്തിന്റെ ഛായാഗ്രഹണം രജീഷ് രാമനാണ്. ജോണി ആന്റണി, ടിനി ടോം, എബിൻ ബിനോ, സൂര്യ കൃഷ്, ശ്രീജിത്ത് രവി, വൈഷ്ണവ് ബിജു, സിനോജ് വർഗീസ്, ദിനേശ് പണിക്കർ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു.

ബാഡ് ബോയ്സ്

അബാം മൂവീസിന്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യു നിർമിക്കുന്ന ചിത്രം ‘ബാഡ് ബോയ്സ്’ സംവിധാനം ചെയ്തത് ഒമർ ലുലുവാണ്. റഹ്മാൻ, ധ്യാൻ ശ്രീനിവാസൻ, ഷീലു ഏബ്രഹാം എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. തീർത്തും കോമഡി ഫൺ എന്റർടെയ്നറായ ഈ ചിത്രം ഓണം റിലീസായി സെപ്റ്റംബർ 13-ന് തിയറ്ററുകളിൽ എത്തും. സൈജു കുറുപ്പ്, ബാബു ആന്റണി, ബിബിൻ ജോര്‍ജ്, അജു വർഗീസ്, ബാല, ആൻസൺ പോൾ, സെന്തിൽ കൃഷ്ണ, ടിനി ടോം, ഹരിശ്രീ അശോകൻ, രമേഷ് പിഷാരടി, ഡ്രാക്കുള സുധീർ, സോഹൻ സീനുലാൽ, മൊട്ട രാജേന്ദ്രൻ, തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒമർ സംവിധാനം ചെയ്ത ‘അഡാർ ലൗ’ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് ആയ സാരംഗ് ജയപ്രകാശ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഇ ഫോർ എന്റർടെയ്ൻമെന്റ് വിതരണം ചെയ്യുന്ന ചിത്രത്തിന്റെ കഥ എഴുതിയത് ഒമർ ലുലു തന്നെയാണ്. ആൽബി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ കലാസംവിധാനം ജോസഫ് നെല്ലിക്കൽ ആണ്. സംഗീതം വില്യം ഫ്രാൻസിസാണ്.


Source link

Related Articles

Back to top button