CINEMA

EXCLUSIVE പരാതി പറയാൻ വരുന്ന സ്ത്രീകളെ പരിഹസിക്കുന്ന നേതൃത്വം: സാന്ദ്ര തോമസ് അഭിമുഖം

പ്രൊഡ്യൂസഴ്സ് അസോസിയേഷനെതിരെ ഗുരുതര ആരോപണങ്ങളുമായി നിർമാതാവ് സാന്ദ്ര തോമസ്. സ്ത്രീകളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ ആരുമില്ലെന്നും സ്ത്രീകൾ അസോസിയേഷന്റെ തലപ്പത്ത് വരണമെന്നും സാന്ദ്ര തോമസ് മനോരമ ഓൺലൈനിനോട് പറഞ്ഞു.  മാലാ പാർവതി, ഷെയ്ൻ നിഗത്തിന്റെ അമ്മ തുടങ്ങിയ സ്ത്രീകൾ നിർമാതാക്കൾക്കെതിരെ പരാതി പറയാനെത്തിയപ്പോൾ അവരെ അസോസിയേഷനിലെ ചിലർ പരിഹസിക്കുകയാണ് ഉണ്ടായതെന്ന് സാന്ദ്ര തോമസ് പറയുന്നു.  തനിക്ക് ദുരനുഭവമുണ്ടായപ്പോൾ പരാതി പറഞ്ഞെങ്കിലും അതും വേണ്ട രീതിയിൽ പരിഗണിച്ചില്ല.  സംഘടനാ നേതാക്കൾക്ക് താല്പര്യമുള്ളവർക്ക് മെമ്പർഷിപ്പ് കൊടുക്കുകയും ഒരു സിനിമയെങ്കിലും ചെയ്തവർക്ക് മെമ്പർഷിപ്പ് കൊടുക്കാതിരിക്കുകയും നിരവധി സിനിമകൾ ചെയ്തവരെ പല കാരണങ്ങൾ പറഞ്ഞു പുറത്താക്കുകയൂം ചെയ്യുകയാണ് അസോസിയേഷനിൽ തലപ്പത്തിരിക്കുന്നവർ. തങ്ങൾക്ക് വോട്ട് ചെയ്യുമെന്ന് ഉറപ്പുള്ളവർക്ക് മാത്രം മെമ്പർഷിപ്പ് കൊടുക്കുകയും സ്ത്രീകളോട് വിവേചനപരമായ പെരുമാറ്റമാണ് അസ്സോസിയേഷന്റെ തലപ്പത്തിരിക്കുന്നവർ ചെയ്യുന്നതെന്നും സാന്ദ്ര തോമസ് കുറ്റപ്പെടുത്തി. ഈ അവസ്ഥ മാറാൻ വേണ്ടിയാണ് താനുൾപ്പെടുന്ന സ്ത്രീ നിർമാതാക്കൾ മുന്നോട്ട് വന്നതെന്നും ഇപ്പോഴുള്ള കമ്മറ്റി പിരിച്ചുവിട്ട് സ്ത്രീകൾക്ക് പ്രാധാന്യമുള്ള പുതിയ കമ്മറ്റിയെ തെരഞ്ഞെടുക്കണമെന്നും സാന്ദ്ര തോമസ് പറയുന്നു.
‘‘പ്രൊഡ്യൂസഴ്സ് അസോസിയേഷനിൽ സംഘടനയുടെ നേതൃത്വത്തിൽ സ്ത്രീ നിർമാതാക്കൾക്ക് കൂടി പ്രാതിനിധ്യം കൊടുക്കണം എന്നാണ് ഞങ്ങൾ പറഞ്ഞുകൊണ്ടിരിക്കുന്നത്.  എന്ത് പ്രശ്നം വന്നാലും സ്ത്രീകൾക്ക് വന്നു പറയാൻ ഒരിടമില്ല.  എനിക്കറിയാവുന്ന രണ്ടു സ്ത്രീകൾ, ഒന്ന് ഷെയ്ൻ നിഗത്തിന്റെ അമ്മ മറ്റൊന്ന് മാലാ പാർവതി. ഇവര്‍ ഒരു പരാതി പറഞ്ഞിരുന്നു. മാലാ പാർവതി  വന്നത് കാരവനിലെ ശുചിമുറിയുമായി ബന്ധപ്പെട്ട പരാതി പറയാനാണ്. അസോസിയേഷനിലെ ഒരു മെമ്പറിനെതിരെ പരാതി പറയാനാണ് അവർ വന്നത്. അപ്പോൾ അവരെ അവിടെ ഇരുത്തി പത്തു ആണുങ്ങൾ അവിടെ ഇരുന്ന് ഓരോ ചോദ്യങ്ങൾ ചോദിക്കുകയാണ്. ‘നിങ്ങൾ എത്ര പ്രാവശ്യം ബാത്‌റൂമിൽ പോയി?, ‘എന്തിനൊക്കെ പോയി?’ എന്നൊക്കെ എന്നിട്ട് അവർ അങ്ങോട്ടും ഇങ്ങോട്ടും നോക്കി ചിരിക്കുകയാണ്.  

ഞാൻ ആണെങ്കിലും അവിടെ ചെന്ന് ഒരു പ്രശ്നം പറയുമ്പോൾ നമ്മളോട് ചോദിക്കുന്ന ചോദ്യവും പറച്ചിലുമൊക്കെ ഇത്തരത്തിലാണ്. ഇത്തരത്തിൽ പല സ്ത്രീ നിർമാതാക്കളും പരാതി പറഞ്ഞിട്ടുണ്ട്.  ഒരു സ്ത്രീ നിർമാതാവ് ജനറൽ ബോഡി കഴിഞ്ഞു പോയപ്പോൾ മറ്റൊരു നിർമാതാവിന് നിന്ന് നേരിട്ട ദുരനുഭവം പറഞ്ഞിരുന്നു. സംഘടനയിൽ ഉള്ളവർക്കൊക്കെ രാഷ്ട്രീയ ബന്ധം ഉള്ളവരാണ് അതുകൊണ്ട് പലർക്കും പറയാൻ പേടിയാണ്.  നമ്മൾ ഒരു ദുരനുഭവം  പറയുമ്പോൾ ഇവർ അതിനെ കളിയാക്കി വളരെ മോശം കമന്റുകൾ ആണ് പറയുന്നത്. അതിനു ഒരു ഗൗരവവും കൊടുക്കാറില്ല. ഞങ്ങൾക്ക് ഒരു ദുരനുഭവം  ഉണ്ടായാൽ പറയാൻ ഒരു ഇടമില്ലാത്ത അവസ്ഥയാണ്. ഇന്റേർണൽ കമ്മറ്റികളിൽ ഒന്നും നിർമാതാക്കളുടെ പ്രതിനിധികൾ ഇല്ല. ഞങ്ങൾക്ക് സിനിമാതാരങ്ങളിൽ നിന്ന് നേരിടുന്ന ദുരനുഭവം ഒന്നും പോയി പറയാൻ സ്ഥലമില്ല.  

കുറച്ചുപേരുടെ കയ്യിൽ മാത്രം അധികാരം ഇരിക്കുകയാണ്. അവർ മറ്റാർക്കും വിട്ടുകൊടുക്കാതെ കുടുംബ സ്വത്തുപോലെ വച്ചുകൊണ്ട് ഇരിക്കുകയാണ്.  അവിടെ നടക്കുന്ന കാര്യങ്ങളൊന്നും മറ്റാരോടും പറയാറില്ല.  അവർ മുഖ്യമന്ത്രിക്ക് കത്തയക്കുന്നു പത്രക്കുറിപ്പ് ഇറക്കുന്നു ഇതൊക്കെ ആരോടും ചർച്ച ചെയ്യാതെയാണ് ചെയ്യുന്നത്. അവർക്ക് ആർടിസ്റ്റിന്റെ ഡേറ്റ്  കിട്ടുക പടം ചെയ്യുക എന്നെ ഉള്ളൂ, ഇവർക്ക് നിർമാതാക്കളുടെ പ്രശ്നങ്ങൾ അറിയണ്ട.  നിർമാതാക്കളിൽ നിന്ന് ബിൽഡിങ് ഫണ്ട്, മറ്റു പല പേരിലുള്ള ഫണ്ടുകൾ മാത്രം വാങ്ങാൻ ആളുണ്ട്.  രണ്ടു സിനിമ സ്വന്തം പേരിൽ സെൻസർ ചെയ്‌തെങ്കിൽ മാത്രമേ നമുക്ക് സ്ഥിരമായ മെമ്പർഷിപ്പ് തരൂ എന്നാൽ അവിടെ പോലും വെള്ളം കലക്കി ഇതൊന്നും ചെയ്യാത്ത ആൾക്കാർക്ക് മെമ്പർഷിപ് കൊടുക്കുന്നുണ്ട്.  

‘അമ്മ’ സംഘടനയിൽ മെമ്പർഷിപ്പ് കൊടുക്കുന്നതുപോലെ ആണോ ഇവിടെയും കൊടുക്കുന്നത് എന്ന് അറിയണം. അത് ഞങ്ങൾ ചോദ്യം ചെയ്തിട്ടുണ്ട്.  ഒരു പടം ചെയ്തത് ആണെങ്കിലും അയാൾ ഒരു നിർമാതാവ് അല്ലെ ഇത് എന്തുകൊണ്ട് അംഗീകരിക്കുന്നില്ല.  ഇവരെയൊക്കെ എന്തെങ്കിലും കാരണം പറഞ്ഞ് പുറത്താക്കും. ഇവർക്ക് വോട്ട് ചെയ്യും എന്ന് ഉറപ്പുള്ള ഒരു വോട്ട് ബാങ്ക് മാത്രം ആണ് ഉണ്ടാക്കിയിരിക്കുന്നത് എന്നിട്ട് ഇതിന്റെ തലപ്പത്തിരുന്ന് അഴിമതി നടത്തുകയാണ്. ഞങ്ങൾ പറയുന്നത് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ തലപ്പത്തിരിക്കുന്നവർ രാജി വയ്ക്കണം, പുതിയ തിരഞ്ഞെടുപ്പ്  വരണം അതിൽ സ്ത്രീകളുടെ പ്രശനങ്ങൾ ചർച്ച ചെയ്യാൻ വേണ്ടി സ്ത്രീകൾ തലപ്പത്തുള്ള സ്ഥാനങ്ങളിലേക്ക് വരണം.
നിർമാതാക്കളുടെ സംഘടനയിൽ സ്ത്രീകൾ പരാതി പറഞ്ഞാൽ അത് ഒതുക്കി തീർക്കും, അതൊന്നും പുറത്തേക്ക് വരില്ല.  അവർക്ക് വേണ്ടപ്പെട്ട ആൾക്കാരാണ് പ്രതിയെങ്കിൽ അവർ അത് ഒതുക്കി തീർക്കും.  സംഘടനയിൽ പിടിപാടുള്ളവർ ആയിരിക്കും. എന്തൊക്കെ മാറ്റങ്ങൾ വേണമെന്ന് ഞാൻ അസോസിയേഷനിൽ എഴുതി കൊടുത്തിട്ടുണ്ട്.  ക്രിമിനൽ കുറ്റങ്ങൾ പരാതികളായി വന്നാൽ അത് പൊലീസിന്റെ ശ്രദ്ധയിൽ പെടുത്തണം ഒതുക്കി തീർക്കരുത്.  എനിക്ക് തന്നെ ദുരനുഭവം ഉണ്ടായിട്ടുണ്ട് അത് പറഞ്ഞിട്ട് അവർ അത് കേൾക്കുക എന്നല്ലാതെ ഒന്നും ചെയ്തില്ല.  നമ്മൾ അവരുടെ ജോലിക്കാരാണ് എന്ന മട്ടിലാണ് അസോസിയേഷനിൽ ഇരിക്കുന്നവർ നോക്കുന്നത്.  സ്ത്രീ നിർമാതാക്കൾ എന്തോ കുറഞ്ഞ ജോലി ചെയ്യുന്നവരാണ് എന്ന മട്ടിൽ നമുക്ക് ഒരു ഇടമോ വിലയോ തരാറില്ല.  

ഹേമ കമ്മറ്റി റിപ്പോർട്ട് വന്നപ്പോൾ അവർക്ക് ഞങ്ങളെ വിളിച്ചിരുത്തി മാധ്യമങ്ങളോട് സംസാരിപ്പിക്കാമല്ലോ, പക്ഷെ അവർ മീഡിയയോട് സംസാരിക്കാത്തത് നാളെ അവരിലാരെങ്കിലും കുടുങ്ങുമോ എന്ന പേടി കൊണ്ടാകും.  പലരും ഇതൊന്നും പുറത്തു പറയാത്തത് പുറത്താക്കുമോ അല്ലെങ്കിൽ ഒതുക്കുമോ എന്ന പേടികൊണ്ടാണ്.  സ്ത്രീകൾ സംഘടിതരല്ല എന്ന് കാണിക്കാൻ വേണ്ടി പലതും ഇവർ ചെയ്യുന്നുണ്ട്.  പല സ്ത്രീകൾക്കും പരാതിയുണ്ട് പക്ഷേ അവരെയൊക്കെ പറഞ്ഞു തിരിക്കുന്നുണ്ട്. പക്ഷേ എന്തൊക്കെ ചെയ്താലും ഞങ്ങൾ കുറച്ചുപേർ ശക്തമായി മുന്നോട്ട് പോകാനാണ് തീരുമാനിച്ചിട്ടുള്ളത്.  ഇനി പിന്നോട്ടൊരു പോക്കില്ല.  എത്രയോ ഹിറ്റ് സിനിമകൾ ചെയ്ത നിർമാതാക്കൾ ഇപ്പോൾ സംഘടനയുടെ ഭാഗമല്ല, ഓരോ കാരണങ്ങൾ പറഞ്ഞ് പുറത്താക്കുകയാണ് , ഇവർക്ക് വേണ്ട ആൾക്കാരെ മാത്രം നിലനിർത്തും. ഞങ്ങളെ പുറത്താക്കാൻ ഇവർക്ക് എന്ത് അധികാരമാണുളളത്.
ജനറൽ ബോഡി കൂടിയാൽ അതും പ്രഹസനമാണ്.  സംസാരിക്കാൻ ആർക്കെങ്കിലും സമയം കൊടുത്താൽ എക്സിക്യൂട്ടീവ് കമ്മറ്റിയിൽ ഉള്ളവർ സംസാരിച്ചു സമയം കളയും. 11 മണിക്ക് കൂടുന്ന കമ്മറ്റി ഒന്നരക്ക് അവസാനിപ്പിച്ച് പോകും ഒന്നും ചർച്ച ചെയ്യില്ല.  ഈ പ്രശ്നങ്ങൾ ഒക്കെ പരിഹരിച്ചേ മതിയാകൂ.  അതിനു വേണ്ടിയാണ് ഞങ്ങൾ കുറേപ്പേര്‍ മുന്നോട്ട് പോകുന്നത്.  നിലവിലെ കമ്മറ്റി പിരിച്ചുവിട്ട് പുതിയ ആളുകളെ തെരഞ്ഞെടുക്കണം. സ്ത്രീകളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ സ്ത്രീകൾ സംഘടനയുടെ തലപ്പത്ത് വരണം അതാണ് ഞങ്ങളുടെ ആവശ്യം.’’ സാന്ദ്ര തോമസ് പറയുന്നു.

English Summary:
Sandra Thomas Exposes Toxic Culture in Producers Association, Calls for Female Leadership


Source link

Related Articles

Back to top button