ഇത് ‘അമ്മ’യുടെ ഉപസംഘടനയോ?: പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പൊളിച്ചു പണിയണമെന്ന് സാന്ദ്ര തോമസ്
പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ പൊളിച്ചു പണിയണമെന്ന് ആവശ്യപ്പെട്ട് വനിത നിര്‍മാതാക്കൾ. നിലവിലെ കമ്മറ്റിക്ക് നിക്ഷിപ്ത താത്പര്യങ്ങളാണെന്ന് സാന്ദ്ര തോമസും ഷീലു കുര്യനും ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട് ഇവര്‍ സംഘടനയ്ക്ക് കത്ത് നല്‍കി. വനിതാ നിര്‍മാതാക്കള്‍ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പ്രഹസനമാണെന്നും സംഘടനയുടെ നേതൃത്വം മാറണമെന്നും ഇരുവരും നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.
അസോസിയേഷന്‍ സിനിമ മേഖലയിലെ സ്ത്രീകളെ കളിയാക്കുന്നുവെന്നും ചിലരുടെ ഇംഗിതങ്ങള്‍ സംരംക്ഷിക്കുന്നുവെന്നും സാന്ദ്ര ആരോപിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സംഘടന പാലിച്ചത് വലിയ മൗനമെന്നും എന്നാല്‍ നിവിന്‍ പോളിക്കെതിരെ ആരോപണം വന്നപ്പോള്‍ മണിക്കൂറുകള്‍ക്കകം പത്രക്കുറിപ്പ് ഇറക്കിയെന്നും അവര്‍ ചൂണ്ടിക്കാട്ടി. പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ ‘അമ്മ’ സംഘടനയുടെ ഉപസംഘടനയാണോ എന്നും ചോദ്യവും സാന്ദ്ര തോമസ് ഉന്നയിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നടത്തിയ യോഗം പ്രഹസനം ആയിരുന്നെന്നും പറഞ്ഞു.
വനിത നിർമാതാക്കള്‍ അയച്ച കത്തിന്റെ പൂർണരൂപം:
ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം മലയാള സിനിമ ലോകം സംഭവ ബഹുലമായ സാഹചര്യങ്ങളിലൂടെ കടന്ന് പോകുന്ന ഈ വേളയിൽ ഞങ്ങളുടെ നിരന്തരമായ സമ്മർദങ്ങളെ തുടർന്ന് 6/9/2024 ന് ഉച്ചയ്ക്ക് 2 മണിക്ക് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സ്ത്രീ നിർമാതാക്കൾ നേരിടുന്ന പ്രതിസന്ധികളും അതിന്റെ പരിഹാരങ്ങളും ചർച്ച ചെയ്യുന്നതിന് വേണ്ടി സ്ത്രീ നിർമാതാക്കളുടെ ഒരു യോഗം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ഓഫിസിൽ വെച്ച് നടക്കുകയുണ്ടായി , തികച്ചും പ്രഹസനം മാത്രമായിരുന്നു ആ യോഗം. സ്ത്രീകളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഞങ്ങളൊരു ചർച്ച നടത്തി എന്ന ഒരു മിനിറ്റ്സ് ഉണ്ടാക്കുക എന്നതിലപ്പുറം പ്രസ്തുത യോഗത്തിന് ഒരു പ്രസക്തിയും ഉണ്ടായിരുന്നില്ല. പ്രസിഡന്റ് ഈ യോഗത്തിൽ പങ്കെടുത്തിരുന്നില്ല, സെക്രട്ടറി യോഗത്തിന്റെ മിനിറ്റിസ്ൽ ഒപ്പിട്ടതിനു ശേഷം ഇറങ്ങി പോവുകയും ചെയ്‌തു.
സ്വന്തം പേരിൽ രണ്ട് സിനിമകൾ സെൻസർ ചെയ്യപ്പെട്ട വ്യക്തികൾക്ക് മാത്രമേ പ്രൊഡ്യൂസഴ്സ് അസോസിയേഷനിൽ അംഗത്വം ലഭിക്കൂ എന്നിരിക്കെ സ്വന്തം പേരിൽ ഒരു പടം പോലും സെൻസർ ചെയ്യാത്ത ഒരു പടത്തിന്റെ കോ പ്രൊഡ്യൂസർ മാത്രമായിട്ടുള്ള ഒരു വ്യക്തിയും ആ യോഗത്തിൽ സന്നിഹിതയായിരുന്നു. മെമ്പർ അല്ലാത്ത ഒരു വ്യക്തി എങ്ങനെയാണ് ഈ യോഗത്തിൽ പങ്കെടുത്തത് എന്ന് അസോസിയേഷൻ വിശദീകരിക്കണം. ഇനി അവർ മെമ്പർ ആണെങ്കിൽ എങ്ങനെയാണ് അവർക്ക് മെമ്പർഷിപ് കിട്ടിയത് എന്നും അസോസിയേഷൻ വിശദീകരിക്കേണ്ടതാണ് .
പ്രസ്തുത യോഗത്തിൽ പ്രൊഡ്യൂസഴ്സ് അസോസിയേഷൻ ഹേമ കമ്മിറ്റി റിപ്പോർട്ടിനെ സംബന്ധിച്ച് മുഖ്യമന്ത്രിക്ക് നൽകിയ ഒരു കത്ത് വായിക്കുകയുണ്ടായി, ആ കത്തിലെ ഉള്ളടക്കത്തെ കുറിച്ച് വിയോജിപ്പ് അറിയിച്ചപ്പോൾ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ അനിൽ തോമസ് ഞങ്ങളോട് പറഞ്ഞത് മുഖ്യമന്ത്രിക്ക് കത്ത് അയച്ചു കഴിഞ്ഞു എന്നാണ്. അങ്ങനെ ഒരു കത്ത് തയാറാക്കുമ്പോൾ ജനറൽ ബോഡി കൂടിയിട്ടില്ലെങ്കിൽ പോലും എക്സിക്യൂടീവിലെങ്കിലും ചർച്ച ചെയ്ത് വേണമായിരുന്നു അത്തരമൊരു കത്ത് തയാറാക്കാൻ. എന്നാൽ ഞങ്ങൾ മനസ്സിലാക്കിയിടത്തോളം ഇങ്ങനെയൊരു കത്തിനെക്കുറിച്ചു ഒരു വിവരവും എക്സിക്യൂട്ടീവിലെ ഭൂരിഭാഗം അംഗങ്ങൾക്കും ഉണ്ടായിരുന്നില്ല എന്നാണ്. അതിൽ നിന്ന് നമുക്ക് മനസിലാക്കാൻ കഴിയുന്നത് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ഉദ്ദേശ ലക്ഷ്യങ്ങൾ ചില നിക്ഷിപ്ത താല്പര്യക്കാരുടെ ഇംഗിതങ്ങൾ മാത്രമാണ് എന്നുള്ളതാണ് . അസോസിയേഷന്റെ ഇത്തരം സമീപനങ്ങൾ സ്ത്രീ നിർമാതാക്കളെ പ്രത്യേകിച്ചും സിനിമ മേഖലയിലെ മറ്റ്ു സ്ത്രീകളെയും കളിയാക്കുന്നതിനു തുല്യമാണ്. ഇത്തരം പ്രഹസനങ്ങളിൽ നിന്ന് ഉത്തരവാദിത്തപ്പെട്ട ഒരു സംഘടന എന്ന നിലയിൽ മാറി നിൽക്കുകയും ഗൗരവത്തോടെ വിഷയങ്ങളിൽ സമീപിക്കുകയും വേണം .
അതിന് മറ്റൊരു ഉദാഹരണം കൂടി പറയാൻ ആഗ്രഹിക്കുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു ശേഷം മൗനത്തിലായിരുന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നിവിൻ പോളിക്കെതിരെ ആക്ഷേപം ഉണ്ടായപ്പോൾ മണിക്കൂറുകൾക്കകം അസോസിയേഷൻ പത്രക്കുറിപ്പ് ഇറക്കി. ഇതിൽ നിന്ന് തന്നെ വളരെ വ്യക്തമാണ് അസോസിയേഷൻ പ്രവർത്തിക്കുന്നത് ചിലരുടെ താൽപര്യങ്ങൾക്കു വേണ്ടി മാത്രമാണ് എന്ന് .
ഈയിടെ അസോസിയേഷന്റെ ഫണ്ട് സമാഹരണത്തിനു വേണ്ടി പ്രൊഡ്യൂസഴ്സ് അസോസിയേഷനും A.M.M.A എന്ന സംഘടനയും മഴവിൽ മനോരമയുമായി സഹകരിച്ചു ഒരു സ്റ്റേജ് ഷോ നടത്തുകയുണ്ടായല്ലോ ഈ പരിപാടിയിലേക്ക് എക്സിക്യൂട്ടീവ് അംഗങ്ങൾ ഉൾപ്പടെ 95% നിർമാതാക്കളെയും ക്ഷണിച്ചിരുന്നില്ല. പുറമെ പല അംഗങ്ങളും പറയുന്നത് പങ്കെടുത്തവരെ ഒഴിച്ച് ബാക്കിയുള്ളവരെ പങ്കെടുപ്പിക്കുന്നതിൽ ‘അമ്മ’യുടെ ഭാഗത്തു നിന്നും വിലക്കുണ്ടായിരുന്നു എന്നാണ്. അങ്ങനെ ഒരു വിലക്ക് A.M.M.A നിർദ്ദേശിക്കാൻ ‘അമ്മ’ എന്ന സംഘടനയുടെ ഉപ സംഘടനയാണോ പ്രൊഡ്യൂസഴ്സ് അസോസിയേഷൻ ?
അസോസിയേഷന്റെ ഈ നടപടിയിലൂടെ ഞങ്ങൾക്ക് മനസിലാക്കാൻ സാധിക്കുന്നത് ബാഹ്യ ശക്തികളാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ നിയന്ത്രിക്കുന്നത് എന്നാണ് . ഈ ഒരു സാഹചര്യത്തിന് മാറ്റം വന്നേ കഴിയു അതിന് ഒരു ജനറൽ ബോഡി വിളിച്ചു ചർച്ച ചെയ്ത് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുക്കുകയല്ലാതെ മറ്റ്ു മാർഗങ്ങളൊന്നും തന്നെ ഇല്ല . ഇപ്പോഴുള്ള കമ്മിറ്റി കുറച്ചു വ്യക്തികളുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി മാത്രമാണ് പ്രവർത്തിക്കുന്നത് അതിന് ഒരു മാറ്റം വന്നേ പറ്റൂ .അതുകൊണ്ട് അടിയന്തിരമായി ഒരു ജനറൽ ബോഡി വിളിച്ചു വിഷയങ്ങൾ സവിസ്തരം ചർച്ച ചെയ്ത് എല്ലാവരുടെയും അഭിപ്രായങ്ങൾ ഉൾക്കൊണ്ട് ഒരു പുതിയ കമ്മിറ്റിയെ തിരെഞ്ഞെടുത്തു പുതിയ സാഹചര്യത്തെയും പുതിയ കാലത്തെയും അഭിമുഖീകരിക്കണം എന്ന് ഞങ്ങൾ വിനീതമായി ആവശ്യപെടുന്നു.
English Summary:
Sandra Thomas & Sheelu Kurian Lead Charge: Time for a New Producers Association?
Source link