സർക്കാരിനോട് ഹൈക്കോടതി, ഹേമ റിപ്പോർട്ട് എന്തിന് മൂടിവച്ചു?
പോക്സോ ചുമത്താവുന്ന കുറ്റങ്ങളും റിപ്പോർട്ടിൽ
പൂർണ രൂപം അന്വേഷണ സംഘത്തിന് കൈമാറണം
സ്വീകരിച്ച നടപടികൾ ഒക്ടോബർ 3ന് അറിയിക്കണം
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പോക്സോ ചുമത്താവുന്നതുൾപ്പെടെ ഗുരുതര കുറ്റകൃത്യങ്ങളുണ്ടായിട്ടും നാലര വർഷം ഒന്നും ചെയ്യാത്ത സർക്കാരിന് ഹൈക്കോടതിയുടെ നിശിതവിമർശനം. ഓഡിയോ, വീഡിയോ തെളിവുകളടക്കം റിപ്പോർട്ടിന്റെ പൂർണരൂപം പ്രത്യേക അന്വേഷണ സംഘത്തിന് ഉടൻ കൈമാറണം. സർക്കാരും പൊലീസും റിപ്പോർട്ട് പരിശോധിച്ച് നടപടിയെടുക്കണം. ഒക്ടോബർ മൂന്നിന് ഹർജികൾ വീണ്ടും പരിഗണിക്കുമ്പോൾ നടപടികൾ അറിയിക്കണം.
ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരുൾപ്പെട്ട പ്രത്യേക ബെഞ്ചിന്റേതാണ് ഉത്തരവ്. ആരോപണ വിധേയർക്കെതിരെ കേസെടുക്കണമെന്ന ഹർജികളും, മൊഴികളടക്കം പുറത്തുവരുന്നത് തടയണമെന്ന ഹർജികളുമാണ് പരിഗണിക്കുന്നത്. റിപ്പോർട്ടിന്റെ പൂർണരൂപം സർക്കാർ മുദ്രവച്ച കവറിൽ ഹാജരാക്കിയിരുന്നു.
ഹേമ കമ്മിറ്റി വെളിപ്പെടുത്തുന്നത് ലൈംഗികാതിക്രമങ്ങൾ മാത്രമല്ല. സിനിമാരംഗത്തെ വനിതകൾ നേരിടുന്ന സാമൂഹിക, തൊഴിൽ പ്രശ്നങ്ങളടക്കമാണെന്ന് കോടതി പറഞ്ഞു. കുറ്റകൃത്യങ്ങളിൽ പൊലീസും മറ്റുവിഷയങ്ങളിൽ സർക്കാരും നടപടിയെടുക്കണം.
അന്വേഷണസംഘം സമ്മർദ്ദങ്ങൾക്ക് വഴങ്ങി തിടുക്കം കാട്ടരുത്. മൊഴികളുടെ സത്യാവസ്ഥ കണ്ടെത്തണം. റിപ്പോർട്ടിന്റെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കണം. മാദ്ധ്യമങ്ങളോട് പ്രതികരിക്കരുത്. മാദ്ധ്യമങ്ങളും മിതത്വം പാലിക്കണം.
ഭയപ്പെടുത്തുന്ന ആലസ്യം
റിപ്പോർട്ടിൽ ആരുടെയും പേരു പറയുന്നില്ലെന്നും സംഭവസ്ഥലങ്ങളും സമയവും വ്യക്തമല്ലെന്നും അഡ്വ. ജനറൽ കെ. ഗോപാലകൃഷ്ണക്കുറുപ്പ് പറഞ്ഞു. അതിനാലാണ് കേസെടുക്കാത്തത്. ഒരു അജ്ഞാതൻ ആക്രമിച്ചെന്ന് ഒരു സ്ത്രീ പരാതിപ്പെട്ടാൽ പൊലീസ് കേസെടുക്കില്ലേയെന്ന് കോടതി ചോദിച്ചു. പൊതുപണം ചെലവഴിച്ച് തയ്യാറാക്കിയ ഹേമ റിപ്പോർട്ടിൽ സർക്കാർ പുലർത്തിയത് ഭയപ്പെടുത്തുന്ന ആലസ്യമാണെന്നും പരാമർശിച്ചു.
കടമ നിർവഹിച്ചില്ല
1. 2019 ഡിസംബർ 31നാണ് ഹേമ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചത്. ഇതുവരെ എന്തു നടപടിയെടുത്തു?
അഡ്വ. ജനറൽ : പരാതികളിൽ 23 കേസുകളെടുത്ത് പ്രത്യേകസംഘത്തിന് കൈമാറി
2. ഇവ ഹേമ റിപ്പോർട്ടുമായി ബന്ധപ്പെട്ടല്ല. സർക്കാരിന്റെ മൗനം ന്യായീകരിക്കാനാകില്ല. 2021ൽ റിപ്പോർട്ട് ഡി.ജി.പിക്ക് കൈമാറിയെങ്കിലും അനങ്ങിയില്ല. ജനതയുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട കടമ സർക്കാർ നിർവഹിച്ചില്ല. സ്ത്രീകളുടെ അന്തസ് ഹനിക്കുന്ന പ്രവണത കണ്ടെത്തിയാൽ ഇടപെടേണ്ടതല്ലേ?
അഡ്വ. ജനറൽ: മൊഴി നൽകിയവരുടെ സ്വകാര്യത മാനിക്കണമെന്ന് ജസ്റ്റിസ് ഹേമ ആവശ്യപ്പെട്ടിരുന്നു
3. ക്രിമിനൽ നടപടിയെടുക്കുന്നതിന് ഇതൊന്നും തടസമല്ല. സിനിമാ നയരൂപീകരണ സമിതിക്ക് ക്രിമിനൽ കേസിൽ എന്തെങ്കിലും ചെയ്യാനാകുമോ?
അഡ്വ. ജനറൽ മറുപടി പറഞ്ഞില്ല
സ്ത്രീകളുടെ അന്തസ്
കളങ്കപ്പെടരുത് — പേജ്….
Source link