ബഹിരാകാശത്തു നടക്കാന്‍ നാൽവർസംഘം പുറപ്പെട്ടു
ഹൂസ്റ്റൺ: ബഹിരാകാശ നടത്തത്തിനുള്ള ആദ്യ സ്വകാര്യ ദൗത്യത്തിന്റെ ഭാഗമായി നാലു സഞ്ചാരികളുമായി സ്പേസ് എക്സിന്റെ ഫാൽക്കൺ ഒന്‍പത് റോക്ക് ഇന്നലെ പുറപ്പെട്ടു. അഞ്ചു ദിവസം നീളുന്ന പൊളാരിസ് ഡോൺ എന്ന ദൗത്യത്തിന് അമേരിക്കൻ ശതകോടീശ്വരൻ ജാരദ് ഐസക്മാൻ ആണ് പണം മുടക്കുന്നത്. മിഷൻ കമാൻഡറായ അദ്ദേഹത്തിനൊപ്പം റിട്ട. യുഎസ് വ്യോമസേനാ പൈലറ്റ് സ്കോട്ട് പൊട്ടീറ്റ്, സ്പേസ് എക്സ് ജീവനക്കാരായ സാറാ ഗിൽസ്, മലയാളി ബന്ധമുള്ള അന്ന മേനോൻ എന്നിവരാണുള്ളത്. സ്പേസ് എക്സിന്റെ ബഹിരാകാശ യാത്രയ്ക്കുള്ള ഡ്രാഗൺ പേടകം വഹിക്കുന്ന ഫാൽക്കൺ റോക്കറ്റ് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽനിന്നാണ് ഉയർന്നത്. മോശം കാലാവസ്ഥമൂലം രണ്ടു മണിക്കൂർ വൈകിയായിരുന്നു വിക്ഷേപണം. ബഹിരാകാശ സഞ്ചാരികൾ ബഹിരാകാശത്തു നടത്തം ചെയ്യുന്ന ആദ്യ സ്വകാര്യ സംരംഭമാണിത്. അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങൾ അയച്ച സഞ്ചാരികളാണ് മുന്‍പ് ബഹിരാകാശത്തു നടന്നിട്ടുള്ളത്.
പൊളാരിസ് ഡൗൺ ദൗത്യത്തിൽ മിഷൻ ലീഡർ ജാരറും സ്പേസ് എക്സ് എൻജിനിയർ സാറ ഗിൽസുമാണ് ഭൂമിയിൽനിന്ന് 700 കിലോമീറ്റർ ഉയരത്തിൽ ബഹിരാകാശ നടത്തം ചെയ്യുക. സ്പേസ് എക്സ് വികസിപ്പിച്ച ഇവിഎ (എക്സ്ട്രാവെഹിക്കുലാർ ആക്റ്റിവിറ്റി) സ്യൂട്ടുകളുടെ പരീക്ഷിക്കലും ദൗത്യത്തിന്റെ ഭാഗമാണ്. സ്പേസ് എക്സില്‍ ലീഡ് സ്പേസ് ഓപ്പറേഷന്‍സ് എൻജിനിയറാണ് അന്ന മേനോന്. ഭർത്താവ് അനിൽ മേനോൻ യുഎസ് വ്യോമസേനാ പൈലറ്റാണ്. അനിലിന്റെ പിതാവ് ശങ്കരൻ മേനോൻ യുഎസിലേക്കു കുടിയേറിയതാണ്.
Source link