ട്രിവാൻഡ്രം ടീമുകളുടെ മുഖ്യ സ്പോണ്സർ അദാനി
തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗിൽ ട്രിവാൻഡ്രം റോയൽസിനേയും കേരളാ സൂപ്പർ ലീഗ് ഫുട്ബോളിൽ തിരുവനന്തപുരം കൊന്പൻസിനെയും സ്പോണ്സർ ചെയ്യുന്നത് അദാനി ഗ്രൂപ്പ്. മൂന്നു വർഷത്തേക്കാണ് രണ്ടു ടീമുകളുടെയും മുഖ്യ സ്പോണ്‍സറായി അദാനി ഗ്രൂപ്പ് രംഗത്തെത്തിയത്. കോടിക്കണക്കിനു രൂപയുടെ സ്പോണ്‍സർഷിപ്പാണ് ടീമുകൾക്ക് ലഭിച്ചത്. കൊന്പൻസ് ഫുട്ബോൾ ക്ലബ്ബിന്റെ ടൈറ്റിൽ സ്പോണ്‍സറായി അദാനി ഗ്രൂപ്പിന്റെ പ്രഖ്യാപനം ഇന്നലെ നടന്നു. തെക്കൻ കേരളത്തിലെ ഏക പ്രഫഷണൽ ഫുട്ബോൾ ടീമും കേരളാ സൂപ്പർ ലീഗിലെ ആറു ഫ്രാഞ്ചാസികളിൽ ഒന്നുമായ കൊന്പൻസിന്റെ മുഖ്യ സ്പോണ്‍സറാകാൻ കഴിഞ്ഞതിൽ അദാനി ഗ്രൂപ്പിന് ഏറെ സന്തോഷമുണ്ടെന്ന് അദാനി പോർട്ട്സ് ആൻഡ് സ്പെഷൽ ഇക്കണോമിക്സ് സോണ്‍ സിഇഒ അശ്വിനി ഗുപ്ത പറഞ്ഞു.
കൊന്പൻസ് ടീമുമായുള്ള സഹകരണത്തിലൂടെ തീരദേശ മേഖലയിലെ പ്രതിഭകളെ പരിപോഷിപ്പിക്കുന്നതിനും ഊർജ്വസ്വലമായ കായികസംസ്കാരം വളർത്തിയെടുക്കുന്നതിനും അദാനി ഗ്രൂപ്പിന് സജീവമായ പങ്കാളിത്തം വഹിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊന്പൻസ് ഫുട്ബോൾ ടീമിന്റെ ആദ്യ മത്സരം ഇന്നു നടക്കും. കേരളാ ക്രിക്കറ്റ് ലീഗിൽ ട്രിവാൻഡ്രം റോയൽസിന്റെയും മുഖ്യ സ്പോണ്സർ അദാനി ഗ്രൂപ്പാണ്. ലീഗിൽ മികച്ച പോരാട്ടം നടത്താൻ റോയൽസിനു കഴിയുമെന്ന ആത്മവിശ്വാസമാണുള്ളതെന്നും അദാനി പ്രതിനിധി കൂട്ടിച്ചേർത്തു.
Source link