വെനസ്വേലൻ പ്രതിപക്ഷ നേതാവ് ഗോൺസാലസ് സ്പെയിനിൽ അഭയം തേടി
കാരക്കാസ്: ജൂലൈയിലെ വെനസ്വേലൻ തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് മഡുറോയോട് മത്സരിച്ച പ്രതിപക്ഷ നേതാവ് എഡ്മുണ്ടോ ഗോൺസാലസ് രാഷ്ട്രീയാഭയം തേടി സ്പെയിനിലേക്കു പോയി. തെരഞ്ഞെടുപ്പിൽ വിജയിച്ചെന്ന് അവകാശപ്പെടുന്ന ഗോൺസാലസ് അറസ്റ്റ് ഭയന്ന് ഒളിവിലായിരുന്നു. ഏതാനും ദിവസം മുന്പ് അദ്ദേഹം കാരക്കാസിലെ സ്പാനിഷ് എംബസിയിൽ അഭയം തേടിയ ഗോൺസാലസിനെ സുരക്ഷിതമായി രാജ്യംവിടാൻ അനുവദിച്ചു എന്നാണു വെനസ്വേലൻ വൈസ് പ്രസിഡന്റ് ഡെൽസി റോദ്രിഗസ് അറിയിച്ചത്. സ്പാനിഷ് വ്യോമസേനയുടെ വിമാനത്തിലാണു ഗോൺസാലസ് പുറപ്പെട്ടതെന്ന് സ്പാനിഷ് വിദേശമന്ത്രാലയം അറിയിച്ചു. അദ്ദേഹത്തിനു രാഷ്ട്രീയാഭയം അനുവദിക്കുമെന്നു സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ജൂലൈ 28നു നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ജയിച്ചെന്ന മഡുറോയുടെ വാദം വെനസ്വേലയിലെ പ്രതിപക്ഷവും യുഎസ് അടക്കമുള്ള പാശ്ചാത്യശക്തികളും അർജന്റീന അടക്കമുള്ള ലാറ്റിനമേരിക്കൻ രാജ്യങ്ങളും അംഗീകരിക്കുന്നില്ല. ഗോൺസാലസ് ജയിച്ചുവെന്ന് ബോധ്യപ്പെടുന്ന തെരഞ്ഞെടുപ്പുകണക്ക് പ്രതിപക്ഷം പുറത്തുവിട്ടിരുന്നു. അറസ്റ്റ് ഭയന്ന ഗോൺസാലസ് ജൂലൈ 30 മുതൽ ഒളിവിലായിരുന്നു. ഇതിനിടെ, മഡുറോയുടെ രാഷ്ട്രീയ എതിരാളികൾ അഭയം തേടിയിരിക്കുന്ന കാരക്കാസിലെ അർജന്റൈൻ എംബസി വെനസ്വേലൻ സുരക്ഷാ ഭടന്മാർ വളഞ്ഞിരിക്കുകയാണ്. ആറു പ്രതിപക്ഷ നേതാക്കളാണ് എംബസിയിലുള്ളത്. എംബസിയിൽ തീവ്രവാദപ്രവർത്തനം നടക്കുന്നതായി വെനസ്വേലൻ സർക്കാർ ആരോപിച്ചു.
Source link