ബ്യൂട്ടി…യുഎസ് ഓപ്പണ്‍ സബലെങ്കയ്ക്ക്
ന്യൂയോർക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിൾസ് ട്രോഫി ബെലാറൂസിയൻ സുന്ദരി അരീന സബലെങ്കയ്ക്ക്. ലോക രണ്ടാം നന്പറായ അരീന ഫൈനലിൽ അമേരിക്കയുടെ ആറാം നന്പർ താരമായ ജെസീക്ക പെഗുലയെ നേരിട്ടുള്ള സെറ്റുകൾക്കു കീഴടക്കിയാണ് ട്രോഫിയിൽ ചുംബിച്ചത്. സീസണിൽ ഹാർഡ് കോർട്ടിൽ മികച്ച പ്രകടനവുമായാണ് മുപ്പതുകാരിയായ പെഗുല യുഎസ് ഓപ്പണിനെത്തിയത്. നേരിട്ടുള്ള സെറ്റുകൾക്ക് (7-5, 7-5) ബെലാറൂസ് താരം ഫൈനലിൽ വെന്നിക്കൊടി പാറിച്ചു. കന്നി ഗ്രാൻസ്ലാം ഫൈനലിൽ കളിക്കുന്നതിന്റെ പരിഭ്രമമില്ലാതെ പെഗുല തുടക്കത്തിൽ 2-1ന്റെ ലീഡ് സ്വന്തമാക്കി. എന്നാൽ, അണ്ഫോഴ്സ്ഡ് എററുകളിൽനിന്ന് പതുക്കെ മോചിതയായ അരീന സെറ്റ് 7-5നു സ്വന്തമാക്കി. രണ്ടാം സെറ്റിന്റെ തുടക്കത്തിൽ അരീനയായിരുന്നു തിളങ്ങിയത്. 3-0ന്റെ ലീഡ് അരീന നേടി. എന്നാൽ, പെഗുല തിരിച്ചടിച്ച് 5-3ന്റെ ലീഡിലേക്കു മുന്നേറി. സെറ്റ് പോയിന്റിന്റെ വക്കിൽനിന്ന് തിരിച്ചെത്തിയ അരീന 7-5ന്റെ ജയത്തിനൊപ്പം ട്രോഫിയും സ്വന്തമാക്കി. കന്നി യുഎസ്; ഹാർഡ് കോർട്ട് ഡബിൾ യുഎസ് ഓപ്പണ്‍ ട്രോഫിയിൽ അരീന സബലെങ്ക ചുംബിക്കുന്നത് ഇതാദ്യമായാണ്. 2023ൽ ഫൈനലിൽ എത്തിയെങ്കിലും കൊക്കൊ ഗൗഫിനു മുന്നിൽ കണ്ണീരണിഞ്ഞിരുന്നു. 2024 സീസണിൽ ബെലാറൂസ് താരത്തിന്റെ രണ്ടാം ഹാർഡ് കോർട്ട് ഗ്രാൻസ്ലാം ട്രോഫിയാണ്. സീസണിലെ ആദ്യ ഗ്രാൻസ്ലാമും ഹാർഡ് കോർട്ട് പോരാട്ടവേദിയുമായ ഓസ്ട്രേലിയൻ ഓപ്പണിലും അരീനയായിരുന്നു ട്രോഫി സ്വന്തമാക്കിയത്. കരിയറിൽ സബലെങ്കയുടെ മൂന്നാം ഗ്രാൻസ്ലാം സിംഗിൾസ് ട്രോഫിയാണ്. യുഎസ് ഓപ്പണിനു മുന്‍പ് 2023, 2024 ഓസ്ട്രേലിയൻ ഓപ്പണ്‍ നേടിയിരുന്നു. സ്റ്റെഫിക്കൊപ്പം ഓപ്പണ്‍ കാലഘട്ടത്തിൽ സീസണിലെ രണ്ട് ഹാർഡ് കോർട്ട് ഗ്രാൻസ്ലാം സ്വന്തമാക്കുന്ന അഞ്ചാമത് വനിത എന്ന നേട്ടവും ഇരുപത്താറുകാരിയായ അരീന കരസ്ഥമാക്കി. സ്റ്റെഫി ഗ്രാഫ് (1988, 1989), മോണിക്ക സെലസ് (1991, 1992), മാർട്ടിന ഹിൻഗിസ് (1997), ആഞ്ചലിക് കെർബർ (2016) എന്നിവരായിരുന്നു മുന്‍പ് ഈ നേട്ടത്തിലെത്തിത്.
100/100 സബലെങ്കയുടെ 100-ാം ഗ്രാൻസ്ലാം മത്സരമായിരുന്നു 2024 യുഎസ് ഓപ്പണ്‍ ഫൈനൽ. 100-ാം മത്സരത്തിൽ നേരിട്ടുള്ള സെറ്റുകൾക്കു ജയിക്കാനും ഗ്രാൻസ്ലാം ട്രോഫിയിൽ ചുംബിക്കാനും താരത്തിനു സാധിച്ചു. ഓപ്പണ്‍ കാലഘട്ടത്തിൽ കളിയാരംഭിച്ചതിൽ 100-ാം ഗ്രാൻസ്ലാം മത്സരം ഒരു ഫൈനൽ പോരാട്ടമാകുന്ന നാലാമതു വനിതയാണ് സബലെങ്ക. ക്രിസ് എവേർട്ട്, ലിൻസെ ഡാവൻപോട്ട്, വിക്ടോറിയ അസരെങ്ക എന്നിവരായിരുന്നു മുന്‍പ് ഈ നേട്ടത്തിലെത്തിയ താരങ്ങൾ. ആശാന്റെ തലയിലും കടുവ! അരീന സബലെങ്കയുടെ ഇടതു കൈത്തണ്ടയിൽ കടുവയുടെ ചിത്രം പച്ചകുത്തിയിരിക്കുന്നത് നിരവധി തവണ ചർച്ച ചെയ്യപ്പെട്ടുകഴിഞ്ഞതാണ്. ടൈഗർ വർഷത്തിൽ ജനിച്ചതുകൊണ്ടാണ് ഇങ്ങനെ ചെയ്തതെന്നും പച്ചകുത്തിയത് കണ്ടശേഷം രണ്ട് ആഴ്ചയോളം അമ്മ പിണങ്ങി മിണ്ടാതിരുന്നെന്നുമെല്ലാമുള്ള കഥകൾ അരീന പറഞ്ഞിട്ടുമുണ്ട്. ടെന്നീസ് കോർട്ടിൽ മത്സരിക്കുന്പോൾ സ്വയം കാണത്തക്ക രീതിയിലാണ് അരീനയുടെ ടൈഗർ പച്ച. ഇതു കാണുന്പോൾ തനിക്ക് ഉത്തേജനവും പോരാട്ടവീര്യവും വർധിക്കുമെന്നും അരീന വെളിപ്പെടുത്തിയിരുന്നു. യുഎസ് ഓപ്പണിൽ സെറ്റ് പോയിന്റിന്റെ വക്കിൽനിന്നു ജയത്തിലെത്തിയത് ഇതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണം. 2024 യുഎസ് ഓപ്പണിൽ അരീനയ്ക്കു പിന്നാലെ പരിശീലകനും ടൈഗർ ടാറ്റുവുമായാണ് എത്തിയത്. കൈയിലല്ല, തലയിലാണ് ടൈഗർ ടാറ്റു എന്നതായിരുന്നു വ്യത്യാസം. അരീനയുടെ ഫിറ്റ്നസ് കോച്ചായ ജേസണ്‍ സ്റ്റേസിയാണ് തന്റെ മൊട്ടത്തലയിൽ ടൈഗർ ടാറ്റുവുമായി ഗാലറിയിലെത്തിയത്. സബലെങ്കയുടെ കൈയിലെ ടാറ്റുപോലെതന്നെയായിരുന്നു കോച്ചിന്റെ തലയിലേതും. 2024ൽ ഓസ്ട്രേലിയൻ ഓപ്പണ്‍ സിംഗിൾസ് കിരീടം നിലനിർത്തിയപ്പോൾ അരീന സബലെങ്ക, ഓരോ മത്സരത്തിനുശേഷവും ജേസണ്‍ സ്റ്റേസിയുടെ മൊട്ടത്തലയിൽ ഒപ്പുവച്ചത് ടെന്നീസ് ലോകം കണ്ടിരുന്നു.
Source link