KERALAMLATEST NEWS

ഒന്നുമറിയാതെ സുധാകല,​ കണ്ണീരോടെ അമ്മമാർ

പാപ്പനംകോട്: അപകടം നേരിൽക്കണ്ടെങ്കിലും വൈഷ്‌ണയുടെ ദാരുണ മരണമറിയാത്ത അമ്മ സുധാകലയുടെ സമീപത്ത് ദുഃഖത്തോടെ മൂന്നമ്മമാർ. സുധാകലയുടെ സഹോദരിമാരായ പ്രേമലത,ജലജ,വനജ എന്നിവരും ആദ്യം മരണവിവരം അറിഞ്ഞിട്ടില്ലായിരുന്നു.

‘ ഞാൻ കിഴക്കേക്കോട്ടയിൽ പോയി ബസിലിങ്ങോട്ട് വരുമ്പോ പാപ്പനംകോട്ട് ആൾക്കൂട്ടം കണ്ടു. എന്തെന്നൊന്നും അറിയില്ല. പിന്നീടാണ് മോള് ജോലി ചെയ്യുന്ന സ്ഥലത്താണ് തീപിടിച്ചതെന്നറിഞ്ഞത്. ആരും എന്നോടൊന്നും പറയുന്നില്ല. അതുകൊണ്ട് നേമം പൊലീസ് സ്റ്രേഷനിൽ ചെന്ന് ഞാൻ വിവരം തിരക്കി. പേടിക്കാനൊന്നുമില്ലെന്നാ പറഞ്ഞത്. ആരെങ്കിലും വന്നെങ്കിൽ എനിക്ക് മെഡിക്കൽ കോളേജിൽ പോകാമായിരുന്നു. ” അടുത്തിരുന്ന സഹോദരിയോട് സുധാകല പറഞ്ഞു.

ജോലി ചെയ്യുന്ന സ്ഥാപനത്തിൽ തീപിടിത്തമുണ്ടായെന്നും ചെറുതായി പൊള്ളലേറ്റ വൈഷ്‌ണ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണെന്നുമാണ് അമ്മയെ ബന്ധുക്കൾ ധരിപ്പിച്ചത്. കാര്യമായി ഒന്നുമില്ലെന്നു പറഞ്ഞ് ഇവർ ആശ്വസിപ്പിച്ചിരുന്നു. ‘എനിക്ക് മെഡിക്കൽ കോളേജിലേക്ക് ഒന്ന് പോണമായിരുന്നു, ഇവിടെ ഈ രണ്ട് കുഞ്ഞ് മക്കളെ ഇട്ടിട്ടെങ്ങനെ പോകും’ എന്നു പറഞ്ഞായിരുന്നു സുധാകലയുടെ സങ്കടം. വീടിന് സമീപത്തായി നാലഞ്ചുപേർ നിൽക്കുന്നതു കണ്ടിട്ട് ‘ അവരെന്തിനാ അവിടെ നിൽക്കുന്നത്. ഇവിടെ വേറൊന്നും സംഭവിച്ചിട്ടില്ലല്ലോ…എന്ന് സ്വയം ആശ്വസിക്കുകയും ചെയ്‌തു.

സ്‌കൂളിൽ നിന്ന് അമ്മൂമ്മ നേരത്തേ വീട്ടിലേക്ക് വിളിച്ചു കൊണ്ടുവന്നതിന്റെ സന്തോഷത്തിൽ വൈഷ്‌ണയുടെ മക്കളായ ദേവദേവനും(10) വർഷയും (8) ഓടിക്കളിക്കുകയാണ്. വൈഷ്‌ണയ്‌ക്ക് എളുപ്പം വന്നുപോകാനായി ആറുമാസം മുമ്പാണ് കുടുംബം ഇവിടേക്ക് മാറിത്താമസത്തിനെത്തിയത്. മക്കളും സഹോദരൻ വിഷ്ണുവും അമ്മയുമാണ് ഈ വീട്ടിലുള്ളത്. രണ്ട് മക്കളെയും പഠിപ്പിച്ച് നല്ല നിലയിലെത്തിക്കുകയായിരുന്നു വൈഷ്ണയുടെ ലക്ഷ്യം. ആ ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ പക്ഷേ ഇനി വൈഷ്‌ണയില്ല.


Source link

Related Articles

Back to top button