വിലക്കുറവുമായി 5,424 സർക്കാർ ഓണച്ചന്തകൾ
തിരുവനന്തപുരം: ഓണത്തിന് വിലക്കുറവിൽ അവശ്യസാധനങ്ങൾ ലഭ്യമാക്കാൻ സംസ്ഥാനത്ത് തുറക്കുന്നത് 5,424 ഓണച്ചന്തകൾ. സപ്ലൈകോ, കൺസ്യൂമർ ഫെഡ്, ഹോർട്ടികോർപ്പ് എന്നിവയുടേതാണിവ. സപ്ലൈകോയും കൺസ്യൂമർ ഫെഡും അരി ഉൾപ്പെടെ 13 ഇനം സാധനങ്ങൾ സബ്സിഡി നിരക്കിലും ബാക്കിയുള്ളവ 10-30% വരെ വിലക്കുറവിലുമാണ് വിൽക്കുന്നത്.
ഹോർട്ടികോർപ്പിൽ പച്ചക്കറികൾക്ക് 30% വരെ വിലക്കുറവുണ്ടാകും. പൊതുവിപണിയിലെ മൊത്തവ്യാപാര വിലയേക്കാൾ 10% അധികവില നൽകി കർഷകരിൽ നിന്നാണ് ഹോർട്ടികോർപ്പ് പച്ചക്കറി സംഭരിക്കുന്നത്.
സപ്ലൈകോ ജില്ലാ വിപണന കേന്ദ്രങ്ങൾ ഇന്നലെ തുറന്നു. ഇന്നത്തോടെ ശേഷിക്കുന്നവ തുറക്കും. ഔട്ട്ലെറ്റുകളിലും വിലക്കുറവ് ഉറപ്പാക്കും. കൺസ്യൂമർ ഫെഡ് ഓണവിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് നിർവഹിച്ചു. മറ്റു കേന്ദ്രങ്ങൾ ഇന്നു തുറക്കും. ഹോർട്ടികോർപ്പിന്റേത് 11 മുതലാണ്. ഓണവിപണികളെല്ലാം ഉത്രാട ദിനമായ 14 വരെയുണ്ടാകും.
ഓണവിപണികൾ
സപ്ലൈകോ
ജില്ലാതല ഫെയറുകൾ…………. 14
താലൂക്കു തലത്തിൽ……………..280
ഔട്ട്ലെറ്റുകൾ………………………. 1630
കൺസ്യൂമർഫെഡ്
സ്വന്തം ഫെയറുകൾ………………………… 170
സഹകരണ സംഘങ്ങളുമായി
ചേർന്ന്……………………………………………. 1330
ഹോർട്ടികോർപ്പ്
ആകെ………………………………………………. 2000
കൃഷിവകുപ്പ്……………………………………….1076
വി.എഫ്.പി.സി.കെ…………………………… 160
വിലക്കയറ്റം കുറയ്ക്കാനുള്ള സർക്കാർ
ഇടപെടൽ ഫലപ്രദം- മുഖ്യമന്ത്രി
തിരുവനന്തപുരം: വിലക്കയറ്റം പിടിച്ചുനിറുത്താൻ സർക്കാരിന്റെ വിപണി ഇടപെടൽ സഹായിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൺസ്യൂമർഫെഡ് ഓണം സഹകരണ വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
വിലക്കയറ്റം കുറവുള്ള സംസ്ഥാനമാണ് കേരളം. വിലക്കയറ്റം പിടിച്ചു നിറുത്താൻ 14,000 കോടി രൂപയാണ് സർക്കാർ ചെലവിട്ടത്.
1500 ഓണച്ചന്തകളാണ് സഹകരണ മേഖലയിൽ ആരംഭിക്കുന്നത്. കൺസ്യൂമർഫെഡിന്റെ നിയന്ത്രണത്തിലെ 166 ത്രിവേണി സ്റ്റോറുകൾ, 24 മൊബൈൽ ത്രിവേണി സ്റ്റോറുകൾ എന്നിവയിലൂടെ കുറഞ്ഞവിലയ്ക്ക് സാധനങ്ങൾ ലഭിക്കും. നീതി സ്റ്റോറുകൾ വഴിയും സാധനങ്ങൾ ലഭ്യമാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി വി.എൻ. വാസവൻ അദ്ധ്യക്ഷത വഹിച്ചു. ത്രിവേണി ഉത്പന്നങ്ങളുടെ വിതരണോദ്ഘാടനം ആന്റണി രാജു എം.എൽ.എ നിർവഹിച്ചു. കൺസ്യൂമർഫെഡ് ചെയർമാൻ എം. മെഹബൂബ്, സഹകരണ രജിസ്ട്രാർ ഡോ. സജിത്ബാബു, സഹകരണ ആഡിറ്റ് ഡയറക്ടർ ഷെറിൻ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
ഓണച്ചന്ത: സർക്കാർ
ഏജൻസികളിൽ രണ്ടുവില
കോവളം സതീഷ്കുമാർ
തിരുവനന്തപുരം: സർക്കാർ ഓണച്ചന്തകളിൽ ചില ഇനങ്ങൾക്ക് സപ്ളൈകോയിലും കൺസ്യൂമർ ഫെഡിലും രണ്ടു വില. പഞ്ചസാര, തുവരപ്പരിപ്പ്, മട്ടഅരി, കുറുവ അരി എന്നീ സബ്സിഡി സാധനങ്ങൾക്ക് സപ്ളൈകോയെക്കാൾ വിലക്കുറവാണ് കൺസ്യൂർ ഫെഡിൽ. എന്നാൽ, ചെറുപയർ, മുളക് എന്നിവയ്ക്ക് കൺസ്യൂമർ ഫെഡിൽ കൂടുതലാണ്. മറ്റിനങ്ങൾക്ക് രണ്ടിടത്തും ഒരേ വിലയാണ്.
പായ്ക്കു ചെയ്തവയ്ക്ക് 5% ജി.എസ്.ടിയും പായ്ക്കിംഗ് ചാർജും കൂടി ചേരുമ്പോഴാണ്
പഞ്ചസാരയ്ക്കും തുവരപ്പരിപ്പിനും വില കൂടിയതെയെന്നാണ് സപ്ളൈകോ വിശദീകരണം. എന്നാൽ, കൺസ്യൂർഫെഡ് ഇവയുടെ വില കൂട്ടിയില്ല. ഓണം ഫെയർ ആരംഭിക്കുന്നതിനു മുമ്പു തന്നെ പഞ്ചസാര, തുവരപ്പരിപ്പ്, മട്ടഅരി, കുറുവ അരി എന്നിവയുടെ വില സപ്ലൈകോ വർദ്ധിപ്പിച്ചിരുന്നു.
സാമ്പത്തിക പ്രതിസന്ധിയും സർക്കാർ നൽകാനുള്ള തുക വൈകിയതുമാണ് സപ്ലൈകോയ്ക്ക് വില വർദ്ധിപ്പിക്കേണ്ടി വന്നതെന്നാണ് സൂചന. എന്നാൽ, സപ്ളൈകോയുമായി വില ഏകീകരണത്തിന് ഇവയുടെ വില കൂട്ടണമെന്ന ഭക്ഷ്യവകുപ്പിന്റെ നിർദ്ദേശം കൺസ്യൂമർ ഫെഡ് തള്ളിയിരുന്നു. മാത്രമല്ല, ടെൻഡർ നടപടികൾ നേരത്തെ തുടങ്ങുകയും ചെയ്തിരുന്നു.
വില വ്യത്യാസം സപ്ലൈകോ,
കൺസ്യൂമർഫെഡ് ക്രമത്തിൽ
(വില കിലോഗ്രാമിൽ)
പഞ്ചസാര (പായ്ക്കറ്റ്)……………………. 36.76, 27
തുവരപ്പരിപ്പ്………………………………. 115, 111
മട്ടഅരി………………………………………..33, 30
കുറുവ അരി………………………………..33, 30
ചെറുപയർ………………………………….90, 92
മുളക് (500 ഗ്രാം)…………………………..73, 75
‘’സാധനങ്ങളുടെ പർച്ചേസ് നേരത്തെ നടന്നതുകൊണ്ടാണ് പഴയ വിലതന്നെ സ്വീകരിച്ചത് -എം.സലിം, എം.ഡി,
കൺസ്യൂമർഫെഡ്
‘’പൊതുവിപണിയിലേതിന് ആനുപാതികമായി സബ്സിഡി സാധനങ്ങളുടെയും വില പരിഷ്കരിക്കണമെന്ന സർക്കാർ തീരുമാനത്തിന്റെ ഭാഗമായാണ് വർദ്ധന
-സപ്ലൈകോ
Source link