KERALAMLATEST NEWS

മുൻ എസ്‌പി സുജിത്ത് ദാസ് രണ്ട് തവണ ബലാത്സംഗം ചെയ്തു, മുഖ്യമന്ത്രി അങ്കിളാണെന്ന് പറഞ്ഞു; വെളിപ്പെടുത്തലുമായി വീട്ടമ്മ

മലപ്പുറം: പൊലീസ് ഉദ്യോഗസ്ഥർ ബലാത്സംഗത്തിനിരയാക്കിയെന്ന പരാതിയുമായി വീട്ടമ്മ. എസ് പി ആയിരുന്ന സുജിത്ത് ദാസിനും പൊന്നാനി എസ് എച്ച് ഒ ആയിരുന്ന വിനോദിനുമെതിരെയാണ് ആരോപണം. രണ്ട് വർഷം മുമ്പായിരുന്നു സംഭവം. ഒരു മാദ്ധ്യമത്തോടാണ് യുവതി ഇക്കാര്യം പറഞ്ഞത്.

തന്നെ വലിയൊരു ബംഗ്ലാവിലേക്ക് കൊണ്ടുപോയെന്നും അവിടെ വച്ച് സുജിത്ത് ദാസ് ബലാത്സംഗത്തിനിരയാക്കിയെന്നുമാണ് യുവതിയുടെ ആരോപണം. സുജിത്ത് ദാസ് രണ്ട് തവണ ബലാത്സംഗം ചെയ്തുവെന്നും യുവതി ആരോപിക്കുന്നു.

മുഖ്യമന്ത്രി തന്റെ അങ്കിളാണെന്ന് സുജിത്ത് ദാസ് പറഞ്ഞു. രണ്ടാമത് ബലാത്സംഗത്തിനിരയാക്കുന്ന സമയത്ത് മറ്റൊരു ഉദ്യോഗസ്ഥൻ കൂടെയുണ്ടായിരുന്നുവെന്നും യുവതി വെളിപ്പെടുത്തി. പി വി അൻവർ എം എൽ എയുടെ വെളിപ്പെടുത്തലിന് ശേഷമാണ് ഇക്കാര്യങ്ങൾ തുറന്നുപറയാൻ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം പി വി അൻവറിനെ കണ്ട് ഇക്കാര്യങ്ങൾ പറഞ്ഞിരുന്നുവെന്നും യുവതി കൂട്ടിച്ചേർത്തു.

കുടുംബ സ്വത്തുമായി ബന്ധപ്പെട്ടുള്ള പരാതിയുമായി പൊലീസിനെ സമീപിച്ചപ്പോൾ വിനോദ് മോശമായി പെരുമാറിയെന്ന് കാണിച്ച് 2022ൽ യുവതി എസ്‌ പിയായിരുന്ന സുജിത്ത് ദാസിന് പരാതി നൽകിയിരുന്നു. വിശദമായ അന്വേഷണത്തിനായി എസ് പി ഇത് ഡി വൈ എസ് പി ബെന്നിക്ക് കൈമാറി. ജില്ലാ സ്‌പെഷൽ ബ്രാഞ്ചും പരാതിയെക്കുറിച്ച് അന്വേഷിച്ചു. വിനോദിനെതിരെയുള്ള ആരോപണം വ്യാജമാണെന്ന് കാണിച്ച് എസ് പിക്ക് റിപ്പോർട്ട് നൽകി.

ഇതിനുശേഷം ഇപ്പോഴാണ് യുവതി ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. വ്യാജ പരാതിയാണെന്നാണ് പൊലീസ് പറയുന്നത്. ആരോപണ വിധേയർ യുവതിക്കെതിരെ നിയമനടപടിയിലേക്ക് കടന്നേക്കും.

അതേസമയം, സുജിത്ത് ദാസ് ആരോപണങ്ങൾ നിഷേധിച്ചിട്ടുണ്ട്. എസ് പി ഓഫീസിൽ സഹോദരനും കുട്ടിക്കുമൊപ്പമായിരുന്നു ഈ സ്ത്രീ എത്തിയത്. റിസപ്ഷൻ രജിസ്റ്ററിൽ വിശദാംശങ്ങളുണ്ട്. പരാതിക്കാരി നിരന്തരം പൊലീസിനെതിരെ കേസ് കൊടുക്കുന്ന വ്യക്തിയാണെന്നും താൻ സിവിലായും ക്രിമിനലായും നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


Source link

Related Articles

Back to top button