ഇസ്രേലി കോൺസുലേറ്റിനു സമീപം വെടിവയ്പ്
ബെർലിൻ: മ്യൂണിക് നഗരത്തിൽ ഇസ്രേലി കോൺസുലേറ്റിനും നാസി ഡോക്യുമെന്റേഷൻ മ്യൂസിയത്തിനും സമീപം തോക്കുമായി പ്രത്യക്ഷപ്പെട്ടയാളെ ജർമൻ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു. കോൺസുലേറ്റിലെ ആർക്കും പരിക്കില്ല. മ്യൂണിക് ഒളിന്പിക് ഭീകരാക്രമണത്തിന്റെ 52-ാം വാർഷികാനുസ്മരണ പരിപാടികൾ നടക്കുന്ന സമയമായതിനാൽ കോൺസുലേറ്റ് പൂട്ടിയിരിക്കുകയായിരുന്നു. മേഖലയിൽ വലിയ തോക്കുമായി കണ്ടയാളോട് അഞ്ചു പോലീസുകാർ ഏറ്റുമുട്ടുകയായിരുന്നുവെന്നാണു ജർമൻ വൃത്തങ്ങൾ അറിയിച്ചത്. പോലീസിന്റെ വെടിയേറ്റ ഇയാളുടെ മരണം പിന്നീട് സ്ഥിരീകരിച്ചു. സംഭവത്തിനു പിന്നാലെ മ്യൂണിക് നഗരത്തിൽ സുരക്ഷ ശക്തമാക്കി. മ്യൂണിക്കിലെ പ്രധാന സിനഗോഗിനു സുരക്ഷ വർധിപ്പിച്ചു.
ജർമൻ സർക്കാർ യഹൂദ, ഇസ്രേലി സ്ഥാപനങ്ങൾ സംരക്ഷിക്കുമെന്ന് ആഭ്യന്തരമന്ത്രി നാൻസി ഫീസർ പറഞ്ഞു. ഇസ്രേലി പ്രസിഡന്റ് ഐസക് ഹെർസോഗ് ജർമൻ പ്രസിഡന്റ് ഫ്രാങ്ക് വാൾട്ടർ സ്റ്റെയ്ൻമെയറുമായി കൂടിക്കാഴ്ച നടത്തി. 1972ലെ മ്യൂണിക് ഒളിന്പിക്സിൽ പലസ്തീൻ ഭീകരർ നടത്തിയ ആക്രമണത്തിൽ 11 ഇസ്രേലി അത്ലറ്റുകളും ഒരു പോലീസുകാരനുമാണ് കൊല്ലപ്പെട്ടത്.
Source link