KERALAMLATEST NEWS

ഇന്ന് അദ്ധ്യാപകദിനം, ഈ കുടുംബത്തിൽ 160 അദ്ധ്യാപക‌ർ

പാനൂർ: ഈ കുടുംബത്തെ അദ്ധ്യാപകരുടെ തറവാട് എന്നു വിളിക്കാം. പാട്യം പഞ്ചായത്തിലെ ഈസ്റ്റ് കതിരൂർ വലിയ കൊല്ലേരി കൂർമ്മ തറവാടാണിത്. പല തായ്‌വഴികളിലായി 130 അദ്ധ്യാപകർ. കുടുംബത്തിൽ മരുമക്കളായി എത്തിയവരിൽ മുപ്പതോളം പേരും അദ്ധ്യാപരാണ്. അഞ്ചാംതലമുറയാണ് സർവീസിലുള്ളത്. അങ്ങനെ 160ലേറെ അദ്ധ്യാപകർ.

വി.കെ.കെ. ഗുരുക്കൾ ആണ് കുടുംബത്തിലെ ആദ്യ അദ്ധ്യാപകൻ. വാഗ്ഭടാനന്ദ ഗുരുദേവരുടെ പ്രഥമ ശിഷ്യനാണ് സംസ്‌കൃത പണ്ഡിതനായ വി.കെ.കെ.ഗുരുക്കൾ. വലിയ കൊല്ലേരി കൂർമ്മ കുഞ്ഞിയമ്മയുടെ മൂന്നാമത്തെ മകളായ കൂർമ്മ മാതയുടെ മകനാണിത്. ഈ കുടുംബത്തിൽ മാത്രം 53 പേർ അദ്ധ്യാപകരാണ്. മാതയുടെ സഹോദരി മാണിക്യത്തിന്റെ പരമ്പരയിൽ ഒമ്പത് അദ്ധ്യാപകർ.

കൂർമ്മ കുഞ്ഞിയമ്മയുടെ ചേച്ചി കൊറുമ്പാത്തിക്ക് അഞ്ചു മക്കൾ. മൂത്ത മകൾ ബാച്ചിയുടെ കുടുംബത്തിൽ 15 അദ്ധ്യാപകർ. പോണ്ടിച്ചേരിയിലെ ടാഗോർ ആട്സ്‌കോളേജ് പ്രിൻസിപ്പലായിരുന്ന വി.കെ.ഗോപാലൻ അടക്കമാണിത്.രണ്ടാമത്തെ മകൾ ചെമ്മരത്തിയുടെ പരമ്പരയിൽ 30 അദ്ധ്യാപകർ. ശില്പകലാദ്ധ്യാപകനായ വത്സൻ കൂർമ്മ കൊല്ലേരിയും അദ്ധ്യാപകനും ഭൗമശാസ്ത്ര നിരീക്ഷകനുമായിരുന്ന കെ.കെ.സുരേന്ദ്രനും ഇതിൽപെടും.

വി.കെ.കെ. ഗുരുക്കളുടെ സഹോദരൻ കുഞ്ഞിക്കണ്ണന്റെ കുടുംബത്തിലും 10 പേർ അദ്ധ്യാപകരായിരുന്നു. അവരുടെ മകളുടെ മകൻ പി.ശ്രീനിവാസൻ ദേശീയ അദ്ധ്യാപക അവാർഡ് ജേതാവാണ്.സഹോദരൻ മന്ദൻ ഗുരുക്കളുടെ മകനാണ് അദ്ധ്യാപകനും കവിയുമായ പാട്യം രാമകൃഷ്ണൻ. കണ്ണൂർ എസ്. എൻ. കോളേജ് ഹിന്ദി പ്രൊഫസറായിരുന്ന കൊല്ലനാണ്ടി അച്യുതനും ഈ കുടുംബാംഗമാണ്. മൂന്നു സ്കൂളുകളും ഈ കുടുംബത്തിനുണ്ട്.

വി.കെ.കെ. ഗുരുക്കൾ: ജനനം 1892

വലിയകൂർമ്മ കൊല്ലേരിയിലെ ആദ്യ അദ്ധ്യാപകനായ വി.കെ.കെ. ഗുരുക്കൾ 1892 ൽ ജനിച്ചു. 1914 ൽ സൗത്ത് പാട്യം യു.പി സ്കൂൾ സ്ഥാപിച്ചു. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി ആരംഭിച്ച ബാലിക ജ്ഞാനശാലയാണിത്. നടൻ ശ്രീനിവാസൻ അടക്കമുള്ളവർ പഠിച്ച വിദ്യാലയം. മാനന്തേരി യു.പി സ്‌കൂളും നോർത്ത് കൊളവലൂരിലെ ഗുരുദേവ സ്മാരക എൽ.പി സ്‌കൂളും ഗുരുക്കൾ സ്ഥാപിച്ചതാണ്. ഇളമുറക്കാരായമാനന്തേരി യു.പി സ്കൂളിലെ നയനയും മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറിയിലെ ആദർശും ഉൾപ്പെടെ 90 ഓളം അദ്ധ്യാപകർ ജീവിച്ചിരിപ്പുണ്ട്. ഗുരുക്കളുടെ ഏഴു പെൺ മക്കളും അദ്ധ്യാപികമാരായി. മരുമകൻ കണാരൻ മാസ്റ്റരുടെ ഭാര്യ മാധവി ടീച്ചർ വാഗ്ഭടാനന്ദന്റ സഹോദരൻ കുഞ്ഞിരാമന്റെ മകളാണ്. അവരുടെ മകൻ
വി.പി. ബാലകൃഷ്ണൻ കോഴിക്കോട് എ.ഇ.ഒ ആയി സേവനമനുഷ്ഠിച്ചു. പേരമകൻ വി.കെ. സുധിറും എ.ഇ.ഒ ആയിരുന്നു.


Source link

Related Articles

Back to top button